ഭര്‍തൃഗൃഹത്തിലെ സ്ത്രീമരണങ്ങള്‍ വര്‍ധിക്കുന്നു: വനിതാ കമ്മിഷന്‍
കോഴിക്കോട്: ജില്ലയില്‍ ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് വനിതാ കമ്മിഷന്‍ അംഗം നൂര്‍ബിനാ റഷീദ്. ഇന്നലെ കണ്ടംകുളം ജൂബിലി ഹാളില്‍ നടന്ന അദാലത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെയും ഇത്തരം ദുരൂഹ മരണങ്ങളുമായി സംബന്ധിച്ച അഞ്ചു കേസുകള്‍ അദാലത്തിലെത്തി. പൊലിസ് അന്വേഷണം തൃപ്തികരമല്ലെന്ന ആരോപണവുമായാണ് ഇവര്‍ എത്തിയത്.
പദവികള്‍ ഉയര്‍ന്നിട്ടും സ്വന്തം വീടുകളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതമല്ലെന്നാണ് മനസിലാക്കേണ്ടതെന്നും കോടതിയില്‍ പരിഗണിച്ചിരിക്കുന്ന പല കേസുകളും ഇപ്പോള്‍ വനിതാ കമ്മിഷന് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം കേസുകളില്‍ കമ്മിഷന്‍ ഇടപെടില്ലെന്ന് നൂര്‍ബിനാ റഷീദ് ചൂണ്ടിക്കാട്ടി. കമ്മിഷനു ലഭിക്കുന്ന വ്യാജപരാതികളുടെ എണ്ണത്തിലും വര്‍ധനവുണ്ടെന്നും അവര്‍ പറഞ്ഞു. 81 കേസുകളാണ് ഇന്നലെ അദാലത്തിലെത്തിയത്. ഇതില്‍ 22 കേസുകള്‍ ഒത്തുതീര്‍പ്പാക്കി. മൂന്നു കേസുകള്‍ ഫുള്‍ കമ്മിഷന് വിട്ടു. രണ്ടെണ്ണം പൊലിസ് അന്വേഷണത്തിനായി നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. അഡ്വ. സൗദ, അഡ്വ. ശ്രീല സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."