തൃശൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തൃശൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജ്ജില്‍ അനില്‍ അക്കര എം.എല്‍.എയുടെ കൈയൊടിഞ്ഞു.
കലക്ടറേറ്റിന് മുമ്പില്‍ തീര്‍ത്ത ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂര്‍, മുന്‍ എം.എല്‍.എ എം.കെ പോള്‍സണ്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ കല്ലൂര്‍ ബാബു, സജീവന്‍ കുരിയച്ചിറ എന്നിവരുള്‍പ്പെടെ 20 പേര്‍ക്കു പരുക്കേറ്റു. വിവിധ ആശുപത്രികളില്‍ ചികിത്സയിലാണിവര്‍. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു മടങ്ങിയതിനു പിന്നാലെയാണ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് ലാത്തിവീശിയപ്പോള്‍ അവരെ തടയാനെത്തിയ എം.എല്‍.എയെ പൊലിസ് വളഞ്ഞിട്ട് ലാത്തികൊണ്ട് മര്‍ദിക്കുകയായിരുന്നു. അടിയേറ്റ് താഴെ വീണ എം.എല്‍.എയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലയം തീര്‍ത്തു.
അനില്‍ അക്കരയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ പൊലിസ് വാഹനം നിഷേധിച്ചതും പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കി. അരമണിക്കൂറോളം റോഡില്‍ വീണുകിടന്ന ശേഷമാണ് സ്വകാര്യവാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാനായത്. അനില്‍ അക്കരയ്ക്ക് വലതുകൈയ്ക്കാണ് കാര്യമായ പരുക്കുള്ളത്. തലയ്ക്കും അടിയേറ്റിട്ടുണ്ട്.
അനില്‍ അക്കര എം.എല്‍.എ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച പൊലിസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകിരക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലിസ് ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിട്ടത്. അടിയേറ്റ് തറയില്‍ വീണു കിടന്നവരെ പോലും പൊലിസ് വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ലാത്തിചാര്‍ജ്ജ് പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."