നോക്കുകുത്തികളാകുന്ന ആതുരാലയങ്ങള്‍
കേരളം അറുപതാം ജന്മദിനം ആഘോഷിക്കുമ്പോഴും വയനാട് ആതുരരംഗത്ത് ശൈശവം പിന്നിട്ടിട്ടില്ല. ഉന്നത ചികിത്സക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന വയനാടിന്റെ സ്വപ്നം ഇനിയും ചിറകടിച്ചു തുടങ്ങിയിട്ടില്ല. തറക്കല്ലിട്ടെങ്കിലും തുടര്‍പ്രവൃത്തികള്‍ ഇപ്പോഴും ആരംഭിച്ചിട്ടില്ല. കൂടെ പ്രഖ്യാപിച്ച മറ്റു ജില്ലകളിലെ മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും വയനാട്ടിലേത് സാങ്കേതിക കാരണങ്ങളില്‍ കുടുങ്ങി നീളുകയാണ്. ഉന്നത ചികിത്സക്ക് വയനാട്ടുകാര്‍ ഇനിയും ഏറെ കാലം കോഴിക്കോടിനെ ആശ്രയിക്കേണ്ടി വരുമെന്നതാണ് യാഥാര്‍ഥ്യം. ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആതുരാലയങ്ങളുടെയും അവസ്ഥ മറിച്ചല്ല. യുവജന പ്രസ്ഥാനങ്ങളും മറ്റും സമരങ്ങള്‍ നടത്തുമ്പോള്‍ പ്രഖ്യാപനങ്ങള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയല്ലാതെ മറ്റ് നടപടികള്‍ ഒന്നുമുണ്ടാവുന്നില്ല. ജില്ലാ ആശുപത്രിയും ജില്ലയിലെ ഏക കാന്‍സര്‍ സെന്ററും സാമൂഹിക, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ഡോക്ടര്‍മാരും മറ്റ് ജീവനക്കാരുടെയും അഭാവത്തില്‍ പ്രവര്‍ത്തനം താളം തെറ്റുകയാണ്. വയനാട്ടിലേത് പോലെ തന്നെയാണ് സമീപ ജില്ലയായ നീലഗിരിയിലെയും അവസ്ഥ. നീലഗിരിയിലെയും സര്‍ക്കാര്‍ ആശുപത്രികളും ജീവനക്കാരുടെയും കെട്ടിടങ്ങളുടെയും അഭാവം മൂലം ദുരിതത്തിലാണ്.
തറക്കല്ലിലൊതുങ്ങിയ മെഡിക്കല്‍ കോളജ്
കല്‍പ്പറ്റ: ഏറെ കൊട്ടിഘോഷിക്കപ്പെട്ട വയനാട്‌മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു അനക്കവും കാണുന്നില്ല. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന നിരന്തര പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ പ്രവൃത്തി ഉദ്ഘാടനം നടത്തി പ്രതിഷേധം തണുപ്പിക്കുക മാത്രമാണ് രണ്ട് സര്‍ക്കാരുകളും ചെയ്തത്.
പുതിയ സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ വയനാട് മെഡിക്കല്‍ കോളജിന് ഒന്നും നല്‍കാതിരുന്നത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. അതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിനു വേണ്ടി റോഡുവെട്ടിയത്. പക്ഷേ റോഡ് നിര്‍മാണവും പൂര്‍ത്തീകരിച്ചിട്ടില്ല. 2012ലെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടും നാലു വര്‍ഷം കൊണ്ട് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ സാധിക്കാതിരുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് പ്രതിരോധം തീര്‍ക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ പ്രധാന ഇനമായ മെഡിക്കല്‍ കോളജ് അനിശ്ചിതത്വത്തിലായതോടെ എം.എല്‍.എയുടെ ഇമേജിന് തന്നെയാണ് അത് കോട്ടം തട്ടിയിരിക്കുന്നത്. 2012ല്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളജിന് വേണ്ടി റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുത്തത് 2016 ഫെബ്രുവരി രണ്ടിനാണ്.
പുതിയ സര്‍ക്കാര്‍ വന്നതോടെ കാര്യങ്ങള്‍ വേഗത്തിലാവുമെന്നായിരുന്നു ജില്ലയുടെ പ്രതീക്ഷ. എന്നാല്‍ ബജറ്റില്‍ പോലും തുക നീക്കിവെച്ചില്ലെന്നത് ഞെട്ടലോടെയാണ് ജനം അറിഞ്ഞത്. അതോടെ വിവിധ സംഘടനകള്‍ പ്രക്ഷോഭങ്ങളുമായി രംഗത്തെത്തി.
ഈ പ്രശ്‌നത്തില്‍ സജീവമായി ഇടപെടാന്‍ എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികള്‍ തയാറാവുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. വയനാട്ടിലെ ആദിവാസികളടക്കമുള്ള ജനതയുടെ ആരോഗ്യരക്ഷയാണ് അവതാളത്തിലാക്കുന്നതാണ് സര്‍ക്കാറിന്റെ സമീപനം. സ്വകാര്യമെഡിക്കല്‍ കോളജിനെ പരോക്ഷമായി സഹായം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന ആക്ഷേപവും ശക്തമാണ്. നിയമസഭാ സമ്മേളനത്തില്‍ വയനാടിനുവേണ്ടി ഒരു ചോദ്യവുമുയര്‍ന്നില്ല. 14ാം നിയമസഭയുടെ രണ്ടാം സമ്മേളനത്തില്‍ വയനാട്ടിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണം പോലും ഉണ്ടായില്ല. ജില്ലയുടെ ആരോഗ്യ മേഖലക്കുവേണ്ടി ഈ അവസരങ്ങളൊന്നും മൂന്നു എം.എല്‍.എമാരും പ്രയോജനപ്പെടുത്തിയില്ല. പ്രത്യേകിച്ച് വയനാട് മെഡിക്കല്‍ കോളജ് അനിശ്ചിതത്വത്തില്‍ നില്‍ക്കവെ അതുമായി ബന്ധപ്പെട്ട് പോലും ഒരു അന്വേഷണവും ഉണ്ടായില്ലെന്നത് വലിയ വീഴ്ചയായി.
ഡോക്ടറില്ലാതെ ഒരു ഉപകേന്ദ്രം
നടവയല്‍: ഡോക്ടറില്ലാതെ ഒരു ആരോഗ്യ ഉപകേന്ദ്രം, അതാണ് നടവയലിലെ ആരോഗ്യ കേന്ദ്രം. മൂന്ന് പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ നടവയലിലെ നെയ്ക്കുപ്പ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ആരോഗ്യ ഉപകേന്ദ്രത്തില്‍ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
പനമരം പഞ്ചായത്ത് സി.എച്ച്.സിയുടെ കീഴിലാണ് നടവയലിലെ ആരോഗ്യം ഉപകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഈ ആരോഗ്യ കേന്ദ്രത്തില്‍ രണ്ട് നഴ്‌സുമാരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. പനമരം, കണിയാമ്പറ്റ, പൂതാടി പഞ്ചായത്തുകളുടെ അതിര്‍ത്തി ടൗണായ നടവയലില്‍ മറ്റ് ആശുപത്രികള്‍ ഒന്നും തന്നെയില്ല. ആദിവാസികള്‍ അടക്കമുള്ളവര്‍ ഇക്കാരണം കൊണ്ടുതന്നെ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.
വികസനത്തിന് വേഗതയില്ലാതെ കേണിച്ചിറ ആശുപത്രി
കേണിച്ചിറ: കേണിച്ചിറയില്‍ പ്രവൃത്തിക്കുന്ന ഗവമെന്റ് ആശുപത്രി വികസനത്തിന് വേഗത പോരാ. പൂതാടി പഞ്ചായത്തില്‍ 45000ത്തോളം ജനസംഖ്യയുള്ള ഈ പ്രദേശത്തുകാര്‍ക്ക് ഏക ആശ്രയമായ ഈ ആതുരാലയം മൂന്നര പതിറ്റാണ്ട് മുമ്പുള്ള കെട്ടിടത്തില്‍ വീര്‍പ്പ് മുട്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ആവിശ്യത്തിനുള്ള ജീവനക്കാര്‍ ഉണ്ടെങ്കിലും ഡോക്ടര്‍മാരുടെ അഭാവമാണ് ഇവിടുത്തെ പ്രവര്‍ത്തനത്തെ ബാധിക്കുന്നത്. 30 ജീവനക്കാരുള്ള ഇവിടുത്തെ ഐ.പിയുടെ പ്രവര്‍ത്തനം പ്രഹസനമായി തുടരുകയാണ്. പത്ത് കിടക്കകളുള്ള ഇവിടെ ഇന്ത്യ പോപ്പുലേഷന്‍ പ്രൊജക്ട് നിര്‍മിച്ച കെട്ടിടത്തിലാണ് കിടത്തിചികിത്സ. ഇതില്‍ അഞ്ച് കിടക്കകള്‍ സ്ത്രീകള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. ഇതിന്റെ ഒരു മൂലക്കാണ് നഴ്‌സിംഗ് റൂം. നിന്ന് തിരിയാന്‍ പോലും സ്ഥലം ഇവിടില്ലെന്നുള്ളതാണ് സത്യം.
ജീവനക്കാരില്ലാതെ വെള്ളമുണ്ട ആരോഗ്യകേന്ദ്രം
വെള്ളമുണ്ട: ജീവനക്കാരുടെ അഭാവം വെള്ളമുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനം താളം തെറ്റിയിട്ട് നാളുകളേറെയായി. സെപ്റ്റംബര്‍ വരെ കിടപ്പുരോഗികളുണ്ടായിരുന്ന ആശുപത്രിയില്‍ ഇപ്പോള്‍ ഒഴിഞ്ഞ ബെഡുകള്‍ മാത്രമാണുള്ളത്. ഒരു ദിവസം ഇരുന്നൂറില്‍പരം രോഗികളെത്തുന്ന ആരോഗ്യ കേന്ദ്രത്തില്‍ മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതികള്‍ കേട്ട് മടുത്ത ജീവനക്കാര്‍ പരിമിതികളില്‍ നിന്നുകൊണ്ട് രോഗവുമായി വരുന്നവര്‍ക്ക് ആശ്വാസമേകുകയാണ്. സ്റ്റാഫ് നഴ്‌സ് ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാരാണ് ഈ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലുള്ളത്. മെഡിക്കല്‍ ഓഫിസറും എന്‍.ആര്‍.എച്ച്.എമ്മിലെ ഒരു ഡോക്ടറുമാണ് ഇപ്പോള്‍ രോഗികളെ പരിശോധിക്കുന്നത്. നിലവിലെ സാഹചര്യം മെച്ചപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുകയാണ്.
മുഴുവന്‍ സമയ ചികിത്സയില്ലാത്ത സാമൂഹികാരോഗ്യ കേന്ദ്രം
പുല്‍പ്പള്ളി: പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി, നൂല്‍പ്പുഴ, ചെതലയം എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ മേല്‍ത്തട്ട് സ്ഥാപനമായിട്ടുപോലും ഇവിടെ ചികിത്സാ കാര്യങ്ങളില്‍ അടിസ്ഥാന സൗകര്യവും ഒരുക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുണ്ടാകുന്നില്ല. മതിയായ കെട്ടിട സൗകര്യവും അനുബന്ധ രോഗ നിര്‍ണയ സംവിധാനങ്ങളും ഉണ്ടായിട്ടും രോഗികളെ കിടത്തി ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ തയാറാകുന്നില്ല. ഇതുമൂലം ബത്തേരിയിലെ താലൂക്ക് ആശുപത്രിയേയോ, ജില്ലാ ആശുപത്രിയേയോ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇവിടുത്തുകാര്‍. മാതൃശിശു സംരക്ഷണ വിഭാഗം ഒട്ടും കാര്യക്ഷമമല്ലെന്നും പരക്കെ ആരോപണമുയരുന്നുണ്ട്.
ഗൈനക്കോളജിസ്റ്റിനെ നിയമിക്കുന്നതിന് വര്‍ഷങ്ങളായി യാതൊരു നടപടിയുമില്ല. ചികിത്സ സേവനങ്ങള്‍ കെട്ടിട നിര്‍മാണങ്ങളിലും അടിസ്ഥാന വികസനങ്ങളിലും ഊന്നല്‍ നല്‍കുമ്പോള്‍ ദേശീയ ആരോഗ്യ നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെട്ട സാമൂഹികാരോഗ്യ കേന്ദ്രം കടലാസില്‍ മാത്രം ഒതുങ്ങുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വ്യത്യസ്തമായ ആരോഗ്യ സേവന പദ്ധതികളും പുല്‍പ്പള്ളിയ്ക്ക് നഷ്ടമാകുന്ന അവസ്ഥയാണ്. കൃഷി നാശവും വരള്‍ച്ചാ കെടുതിയിലും അകപ്പെട്ട ജനങ്ങള്‍ക്ക് അടിസ്ഥാന ചികിത്സ പോലും നിഷേധിക്കുന്ന നിലപാടാണ് ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നത്. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ആവശ്യമായ ചികിത്സകള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ ആശുപത്രിയെയും മറ്റും ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇതിന് പരിഹാരം കാണാന്‍ ത്രിതല പഞ്ചായത്തും ജനപ്രതിനിധികളും തയാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രവര്‍ത്തനം താളംതെറ്റി നെല്ലാക്കോട്ട സര്‍ക്കാര്‍ ആശുപത്രി
പന്തല്ലൂര്‍: ആവശ്യത്തിന് ഡോക്ടര്‍മാരും മറ്റുജീവനക്കാരുമില്ലാത്തത് സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നു. ദിനവും നൂറുകണക്കിന് രോഗികളെത്തുന്ന പന്തല്ലൂര്‍ താലൂക്കിലെ നെല്ലാക്കോട്ട ഗവ. ആശുപത്രിയാണ് ഡോക്ടര്‍മാരുടെ സേവനമില്ലാതെ രോഗികള്‍ക്ക് ദുരിതം സമ്മാനിക്കുന്നത്. കിടത്തി ചികിത്സക്ക് 30 ബെഡുകളുള്ള ആശുപത്രിയില്‍ എട്ടു ഡോക്ടര്‍മാരുടെ തസ്തികകളാണ് ഉള്ളത്. എന്നാല്‍ നിലവില്‍ ഒരു ഡോക്ടര്‍ മാത്രമാണ് ആശുപത്രിയില്‍ രോഗികളെ പരിശോധിക്കുന്നത്. 2013 മുതല്‍ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് തസ്തികയും ഒഴിഞ്ഞ് കിടക്കുകയാണ്. ഇത് പരിസര പ്രദേശങ്ങളിലെ ഗര്‍ഭിണികള്‍ക്ക് ഏറെ ദുരിതമാകുകയാണ്. പാക്കണ, റാക്കോട്, ഒമ്പതാംമൈല്‍, മേഫീല്‍ഡ്, വിലങ്ങൂര്‍, അൗണ്ടി, പാട്ടവയല്‍, ബിദര്‍ക്കാട്, പെരുമ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ നൂറുക്കണക്കിന് ആളുകളാണ് ദിനംപ്രതി ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ രോഗികള്‍ ഏറെ നേരമാണ് കാത്തിരിക്കേണ്ടി വരുന്നത്. ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായതോടെ പ്രദേശത്ത് നിന്നും ഏറെ അകലെയുള്ള സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രികളെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കുവ്വച്ചോല സ്വദേശിയായ യുവാവിനെ അത്യസന്ന നിലയില്‍ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ഡോക്ടര്‍മാരില്ലാത്തതിനാല്‍ ചികിത്സ ലഭിച്ചിരുന്നില്ല. യുവാവ് മരിച്ചതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ആശുപത്രിയില്‍ ഡോക്ടര്‍മാരെ നിയമിച്ച് ചികിത്സ ഉറപ്പ് വരുത്തിയിട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ജനങ്ങളുടെ തീരുമാനം.
ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ചിട്ടും ഉപകാരമില്ലാതെ ഒരു ഉപകേന്ദ്രം
ചീരാല്‍: നാട്ടുകാര്‍ക്ക് ഉപകാരപ്പെടാതെ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ആരോഗ്യ ഉപകേന്ദ്രം. നെന്മേനി പഞ്ചായത്തിലെ നൊച്ചംവയലിലാണ് 18 ലക്ഷത്തോളം രൂപ മുടക്കി നിര്‍മിച്ച ആരോഗ്യ ഉപകേന്ദ്രമുള്ളത്. ഇത് കോളനി വാസികളടക്കമുള്ള പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നില്ലെന്നാണ് പരാതി ഉയരുന്നത്. എം.എസ്.ഡി.പി പദ്ധതി പ്രകാരം 2014 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത ആരോഗ്യ ഉപകേന്ദ്രമാണിത്. 18 ലക്ഷം രൂപ ചിലവഴിച്ച ഉപകേന്ദ്രം പ്രദേശത്തുകാര്‍ക്ക് ഇതുവരെ ഗുണം ചെയ്തിട്ടില്ല. കോളനിക്കാരടക്കം നൂറ് കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷ നല്‍കിയ ആരോഗ്യ ഉപകേന്ദ്രം തുറക്കുന്നത് തന്നെ വല്ലപ്പോഴുമെന്നാണ് കോളനിക്കാര്‍ തന്നെ പറയുന്നത്. രണ്ട് വര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച ഉപകേന്ദ്രത്തില്‍ വൈദ്യുതിയും വെള്ളവും ഇതുവരെ ലഭിച്ചിട്ടുമില്ല. നിലവില്‍ ഇവിടെ കുട്ടികള്‍ക്കുള്ള കുത്തിവയ്പ്പും മുതിര്‍ന്നവര്‍ക്കുള്ള പ്രഷര്‍, പ്രമേഹം പരിശോധിക്കുന്ന സേവനം മാത്രമാണ് ഉള്ളത്. പനിക്കുള്ള മരുന്നുപോലും ഇവിടെനിന്നും ലഭിക്കാറില്ലെന്നാണ് കോളനിക്കാരുടെ ആരോപണം.
രോഗി ബാഹുല്യം മേപ്പാടി സി.എച്ച്.സിയെ വീര്‍പ്പ് മുട്ടിക്കുന്നു
മേപ്പാടി: ദിവസേന എത്തുന്ന 400ഓളം രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ പ്രയാസപ്പെടുകയാണ് മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവും സ്ഥല പരിമിധിയുമാണ് കാരണം. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ അടക്കം ഏഴ് പേര്‍ വേണ്ട ആശുപത്രിയാണിത്. ഇപ്പോഴുള്ളത് മൂന്ന് ഡോക്ടര്‍മാര്‍ മാത്രം. ഇതില്‍ തന്നെ രണ്ട് പേര്‍ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സേവനം ചെയ്യുന്നവരാണ്. പിന്നെയുള്ള ഒരു ഡോക്ടറുടെ സേവനം മാത്രമേ പലപ്പോഴും കാര്യക്ഷമമായി നടക്കാറുള്ളൂ. നിലവിലെ മെഡിക്കല്‍ ഓഫിസര്‍ അനീഷ് ഉന്നത പഠനത്തിനായി അവധിയെടുത്തിരിക്കുകയാണ്.
കുട്ടികളുടെ വിദഗ്ദന്‍, ഗൈനക്കോളജിസ്റ്റ് തുടങ്ങിയ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരില്ല. ഡോക്ടര്‍മാരെ പോലെ തന്നെ മറ്റ് സ്റ്റാഫുകളുടെ ഒഴിവും ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നതിന് കാരണമാകുന്നുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ഒരു ഒഴിവ് നിലവില്‍ നികത്തിയിട്ടില്ല. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബു സെബാസ്റ്റ്യന്‍ മാത്രമേ നിലവിലുള്ളൂ. ക്ലിനിക് ഹെല്‍പ്പര്‍ തസ്തികയായ ഗ്രേഡ് വണ്‍ ഹോസ്പിറ്റലിന് അനുവദിച്ചിട്ട് പോലുമില്ല. ഗ്രേഡ് ടുവിലാവട്ടെ ജീവനക്കാരെ നിയമിച്ചിട്ടുമില്ല. ലാബിലും ആവശ്യത്തിന് ജീവനക്കാരില്ല. ഫാര്‍മസിയിലാണങ്കില്‍ സൗകര്യ കുറവാണ് പ്രശ്‌നമാകുന്നത്. ഇതിനെല്ലാം പുറമെ ഈവനിങ് ഒ.പി നിര്‍ത്തലാക്കിയത് രോഗികള്‍ക്ക് വലിയ പ്രയാസങ്ങളുണ്ടാക്കുകയാണ്. രണ്ട് വര്‍ഷം മുമ്പാണ് ഈവനിങ് ഒ.പി നിര്‍ത്തിയത്. കുടിവെള്ള ക്ഷാമവും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഇപ്പോള്‍ തന്നെ ജല ക്ഷാമം തുടങ്ങി. ഡിസംബര്‍ അവസാനത്തോടെ ആശുപത്രിയിലേക്ക് തീരെ വെള്ളം കിട്ടാതെയാവും.
ശൈശവം പിന്നിടാതെ ജില്ലയിലെ ഏക കാന്‍സര്‍ സെന്റര്‍
മാനന്തവാടി: ഏറെ പ്രതീക്ഷകളോടെ ആരംഭിച്ച ജില്ലയിലെ ഏക കാന്‍സര്‍ യൂനിറ്റായ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിയില്ല. എടവക ഗ്രാമപഞ്ചായത്തിലെ നല്ലൂര്‍നാട് ആദ്യം ട്രൈബല്‍ ആശുപത്രിയായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ജനറല്‍ ആശുപത്രിയായി ഉയര്‍ത്തി. ജില്ലയിലെ വിവിധ കോണുകളില്‍ നിന്നും നിരന്തരമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ കാന്‍സര്‍ യൂനിറ്റ് ആരംഭിച്ചത്. ആവശ്യത്തിന് സജ്ജീകരണങ്ങളും സൗകര്യങ്ങളും ഉണ്ടായിട്ടും ആശുപത്രി പ്രവര്‍ത്തനം ഇന്നും ശൈശവദശയില്‍ തന്നെ. ഉപയോഗിക്കാതിരുന്നതോടെ എക്‌സറേ യൂനിറ്റ്, റേഡിയേഷന്‍ യൂനിറ്റ്, ഓപ്പറേഷന്‍ തീയേറ്റര്‍, സ്‌കാനിങ് യൂനിറ്റ് എന്നിവയെല്ലാം നാശത്തിന്റെ വക്കിലാണ്. കാന്‍സര്‍ രോഗനിര്‍ണയം നടത്തുന്നതിന് ഏറ്റവും പ്രധാനം രക്തപരിശോധന നടത്താനുള്ള ലാബാണ്. ഇവിടെ ലാബുണ്ടെങ്കിലും ഇതിന്റെ പ്രവര്‍ത്തനവും ഭാഗികമാണ്.
ഡോക്ടര്‍മാരുണ്ട്, അടിസ്ഥാനസൗകര്യവും പക്ഷെ എല്ലാം പേരിന് മാത്രം
മീനങ്ങാടി: ഡോക്ടര്‍മാരുണ്ട്, അടിസ്ഥാനസൗകര്യവും മെച്ചപ്പെട്ടു. പക്ഷെ ഡോക്ടര്‍മാരുടെ സേവനം ഗവണ്മെന്റ് ആശുപത്രിയില്‍ പേരിനു മാത്രം. രോഗികള്‍ക്കാശ്രയം ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് കേന്ദ്രങ്ങള്‍. ഇതോടെ ഡോക്ടര്‍ ഫീസിന് പുറമെ പരിശോധനയുടെ ഭാഗമായി രോഗികളെ പിഴിയുന്ന ലാബുകളും, മെഡിക്കല്‍ ഷോപ്പുകളും ഇത്തരം സ്വകാര്യ പ്രാക്ടീസുകള്‍ വഴി വളരുന്നെന്ന ആക്ഷേപവും ശക്തമാവുകയാണ്. മീനങ്ങാടി ആശുപത്രിയില്‍ രാവിലെ മുതല്‍ രോഗവുമായി ബന്ധപ്പെട്ട ഡോക്ടറെ കാത്ത് നില്‍ക്കുന്ന രോഗികള്‍ ഡോക്ടറില്ലെന്നറിഞ്ഞ് നിരാശയോടെ മടങ്ങുകയാണ് പതിവ്. ഡോക്ടറെ കാത്ത് നിന്ന് മടുത്ത രോഗികളില്‍ ചിലര്‍ ഉള്ള ഡോക്ടറെ കാണിച്ചു പോകാം എന്ന് കരുതിയാല്‍ രോഗത്തിന്റെ അവശതയില്‍ തന്റെ ഊഴവും കാത്ത് ക്യൂ നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ഇതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ഓഫിസറുമായും, ജില്ലാ മെഡിക്കല്‍ ഓഫിസറുമായും വിവിധ സംഘടനാ പ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഉദ്യോഗസ്ഥര്‍ പരസ്പരം പഴിചാരുകയാണ് പതിവെന്ന് അനുഭവസ്ഥരായ രാഷ്ട്രീയ, സംഘടനാ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ആശുപത്രിയില്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്ന ഡോക്ടര്‍മാരുടെ നടപടിക്കെതിരെ രാഷ്ട്രീയ സംഘടനകള്‍ പോസ്റ്ററുകളും, പ്രധിഷേധങ്ങളുമായി ആശുപത്രിക്ക് പുറത്ത് സമരം ചെയ്യുമ്പോള്‍ മാത്രം ഡോക്ടറുടെ സേവനം ലഭിക്കുന്ന ഇവിടെ സമരത്തിന്റെ ശക്തി കുറയുന്നതോടെ എല്ലാം പഴയപടി തന്നെയാവും. രോഗികള്‍ പരാതി പറഞ്ഞു മടുത്തു, സമരക്കാര്‍ പ്രധിഷേധം നിര്‍ത്തി. ഒടുവില്‍ സംഭവിച്ചത് സ്വകാര്യ പ്രാക്ടീസ് കേന്ദ്രങ്ങള്‍ വര്‍ധിച്ചു. ഈ സ്ഥാപനങ്ങള്‍ക്ക് തൊട്ടടുത്തായി ലാബുകളും, മെഡിക്കല്‍ ഷോപ്പുകളും ഇടം പിടിച്ചു. കിടപ്പുരോഗികള്‍ക്കു പുറമെ ഒരു ദിവസം ശരാശരി മുന്നൂറോളം രോഗികള്‍ വരുന്ന മീനങ്ങാടിക്കാരുടെയും, തൊട്ടടുത്ത പ്രദേശങ്ങളിലുള്ളവരുടെയും ആശ്രയമായ മീനങ്ങാടി ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്താന്‍ കഴിയാത്തതിനെതിരെ മീനങ്ങാടിയില്‍ പ്രതിഷേധ കൂട്ടായ്മകള്‍ രൂപപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."