നോട്ടില്‍കുരുങ്ങി ജനം ; ഇരുപതാം ദിനവും പ്രതിസന്ധി തുടരുന്നു
കണ്ണൂര്‍: അനിശ്ചിതത്വ ചുഴിയില്‍പ്പെട്ട് കറന്‍സി അസാധുവാക്കാലിന്റെ ഇരുപതാംദിനവും ജനം ചക്രശ്വാസം വലിക്കുന്നു. ചെക്കുകളിലൂടെ അല്ലറ ചില്ലറ ഇടപാടുകള്‍ നടക്കുന്നുണ്ടെങ്കിലും സമ്പൂര്‍ണ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഗ്രാമ്യജീവിതത്തിന് സജീവതാളം നല്‍കിയിരുന്ന സഹകരണബാങ്കുകള്‍ പുതിയ സാഹചര്യത്തില്‍ ശ്മശാനതുല്യമായി. വിവാഹം, ഗൃഹപ്രവേശം എന്നിവ മാറ്റിവയ്ക്കപ്പെടുന്നു. വിദ്യാഭ്യാസ, ഭവനവായ്പകള്‍ കിട്ടാതെ ജനം നട്ടംതിരിയുന്നു. പ്രതിസന്ധി എന്നുതീരുമെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. പ്രധാനമന്ത്രി പറഞ്ഞ അന്‍പതാം നാള്‍ വരെ കാത്തുനില്‍ക്കാനാവാത്ത പരുവത്തിലായിരിക്കുകയാണ് ജനം.
അഞ്ഞൂറ് എത്തിയില്ല,
എസ്.ബി.ഐയില്‍ കളംകാലി
അസാധുവാക്കിയ അഞ്ഞൂറിനുപകരം പുതുതായി അച്ചടിച്ച നോട്ട് ഇതുവരെ എസ്.ബി.ഐ മെയിന്‍ബ്രാഞ്ചില്‍ എത്തിയിട്ടില്ല. നേരത്തെ ആര്‍.ബി.ഐ അടിച്ചിറക്കിയതായി അവകാശപ്പെട്ട നോട്ടുകളാണ് ഇതുവരെ ലഭിക്കാത്തത്. എന്നാല്‍ ഗ്രാമീണ്‍ബാങ്ക്, കാനറബാങ്ക് എന്നിവിടങ്ങളില്‍ ഈ നോട്ടുകള്‍ അല്‍പ്പമെത്തിയെങ്കിലും ചൂടപ്പം പോലെ തീര്‍ന്നു.
ജില്ലയിലെ എസ്.ബി.ഐയുടെ കേന്ദ്രഓഫിസാണ് ഫോര്‍ട്ട്‌റോഡില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ മെയിന്‍ബ്രാഞ്ച്. ആറോളം എ.ടി.എമ്മുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. നിത്യേനെ ആയിരത്തിലധികം ഇടപാടുകാരാണ് ഇവിടെയെത്തുന്നത്. എന്നാല്‍ ഇപ്പോള്‍ കളംകാലിയായ അവസ്ഥയിലാണ് മെയിന്‍ബ്രാഞ്ച്. നേരത്തെ ഇതരസംസ്ഥാനതൊഴിലാളികള്‍ നാട്ടിലേക്ക് പണമയക്കാന്‍ എസ്.ബി.ഐയെ ആശ്രയിച്ചിരുന്നു. എന്നാല്‍ ഇവരുടെ എണ്ണം എണ്‍പതുശതമാനം കുറഞ്ഞതായി ബാങ്ക് അധികൃതര്‍ പറഞ്ഞു. വിദ്യാഭ്യാസം, കാര്‍ഷികം, ഭവനനിര്‍മാണം, വ്യാപാരം എന്നിങ്ങനെ നിരവധി മേഖലകളില്‍ അനുവദിക്കപ്പെട്ട വായ്പകള്‍ ഇവിടെ കെട്ടിക്കിടക്കുകയാണ്. സ്വര്‍ണപണയ വായ്പയും അനുവദിക്കുന്നില്ല.
സഹ.ജീവനക്കാര്‍ക്ക്
ശമ്പളമില്ല
ജില്ലയിലെ അരലക്ഷത്തോളം വരുന്ന സഹകരണബാങ്ക് ജീവനക്കാര്‍ക്ക് ഇത്തവണ ശമ്പളം ലഭിക്കില്ല. നോട്ടു അസാധുവാക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ് സഹകരണബാങ്കുകള്‍. വായ്പാതിരിച്ചടവ്, ലഘുസമ്പാദ്യനിക്ഷേപം തുടങ്ങി ഒട്ടേറേ ധനാഗമ മാര്‍ഗങ്ങള്‍ മുടങ്ങിയിരിക്കുകയാണ്. ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാനുള്ള പുതിയ കറന്‍സി ബാങ്കുകളില്ല. സ്ഥിരം ജീവനക്കാര്‍ക്കു പുറമെ ഇരുപതിനായിരത്തോളം പിഗ്മി കലക്ഷന്‍ ജീവനക്കാരും കണ്‍സ്യൂമര്‍ സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഗ്യാസ് ഏജന്‍സി ജീവനക്കാരുമുണ്ട്. ഇവര്‍ക്കും ഇക്കുറി ശമ്പളം മുടങ്ങും. ക്ഷീരവികസന സംഘങ്ങള്‍, നെയ്ത്തുശാലകള്‍, അഗ്രോപാര്‍ക്കുകള്‍ തുടങ്ങി സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവനാളുകളും സാമ്പത്തിക കുരുക്കില്‍പ്പെട്ടിരിക്കുകയാണ്.
രണ്ടു ദിവസത്തെ ബാങ്ക് അവധി: എ.ടി.എമ്മുകള്‍ കാലി
കണ്ണൂര്‍: നാലാം ശനിയാഴ്ചയും ഞായറാഴ്ചയും ബാങ്കുകള്‍ പ്രവര്‍ത്തിക്കാതിരുന്നതോടെ ജില്ലയിലെ മുഴുവന്‍ എ.ടി.എമ്മുകളും കാലിയായി. ശനിയാഴ്ച വൈകുന്നേരമായപ്പോള്‍ തന്നെ എ.ടി.എമ്മുകള്‍ മിക്കതും കാലിയായിരുന്നു. ഇതേ തുടര്‍ന്ന് ഞായറാഴ്ചയും എ.ടി.എമ്മുകളില്‍ നിന്ന് പണം ലഭിച്ചില്ല.
ഇന്നലെ പണത്തിനായി ഇടപാടുകാര്‍ എ.ടി.എമ്മുകള്‍ തോറും കയറിയിറങ്ങി മടുത്തു. ദേശസാല്‍കൃത ബാങ്കുകളുടെ അവധി ദിനമായ ശനിയാഴ്ച്ച തന്നെ എ.ടി.എമ്മുകള്‍ മിക്കതും കാലിയായിരുന്നു. വൈകുന്നേരത്തോടെ എ.ടി.എമ്മുകള്‍ കാലിയായിട്ടും എ.ടി.എമ്മുകളില്‍ പണം നിറക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഞായറാഴ്ച്ച എ.ടി.എമ്മുകളില്‍ നിന്നും പണം ലഭിക്കാതായത്. ശനിയാഴ്ച്ച രാത്രിയില്‍ പണം നിറച്ചിട്ടുണ്ടാവുമെന്ന പ്രതീക്ഷയില്‍ ഞായറാഴ്ച്ച എ.ടി.എമ്മുകള്‍ തോറും ഇടപാടുകാര്‍ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."