നഷ്ടമല്ലേ ഈ നരമേധക്കച്ചവടം?
ഇസ്‌ലാംമതം സ്വീകരിച്ചു എന്നതിന്റെ പേരില്‍ ഒരു നിരപരാധിയെ കാട്ടാളരെപ്പോലും പിന്നിലാക്കുകയും നാണിപ്പിക്കുകയും ചെയ്യുംവിധം വെട്ടിനുറുക്കി കൊല്ലുക; അതും സംഘം ചേര്‍ന്ന്, ഗൂഢാലോചന നടത്തി, പദ്ധതി തയാറാക്കി, ചതിപ്രയോഗത്തിലൂടെ ഇരുട്ടിന്റെ മറവില്‍ നടപ്പാക്കുക. ജീവജാലങ്ങളിലെ ഏതെങ്കിലും നിഷ്ഠുര ജന്തുവിന് ചേരുന്നതാണോ ഈ ഹീനചെയ്തി?
ഇസ്‌ലാമിക വിശ്വാസാനുഷ്ഠാനങ്ങളൊ, മുസ്‌ലിംകളുടെ സാംസ്‌കാരിക നടപടികളൊ എന്തുമാകട്ടെ, ബുദ്ധിജീവിയായ മനുഷ്യന് സ്വന്തം ഇഷ്ടപ്രകാരം ഒരാദര്‍ശം സ്വീകരിക്കാന്‍ പാടില്ലെന്ന അതീവ സങ്കുചിതമായ ഈ ചിന്താഗതിയെ എന്തു പേരിട്ടു നാം വിളിക്കും?
ശരി, ഇങ്ങനെയൊക്കെ സാഹസപ്പെട്ട് ഈ അരുംകൊല നടത്തിയിട്ട് ആരാണ് ജയം നേടിയത്? ഈ ചോദ്യത്തിന്റെ ഉത്തരം വളരെ പ്രധാനവും പ്രസക്തവും ചിന്തോദ്ദീപകവുമാണ്. കൊല്ലപ്പെട്ട രക്തസാക്ഷിയാണ് ജേതാവായത്. കൃത്യം നിര്‍വഹിച്ചവര്‍ക്ക് വല്ല പാരിതോഷികവും നല്‍കാന്‍ അയാള്‍ക്കു കഴിഞ്ഞിരുന്നെങ്കില്‍ ഏറ്റവും അമൂല്യമായ സമ്മാനമാണ് ഘാതകര്‍ക്കു ലഭിക്കുക. കാരണം, നശ്വരവും പ്രശ്‌നകലുഷവുമായ ഈ ഭൗതിക ജീവിതത്തില്‍നിന്ന് ശഹീദ് (ദിവ്യരക്തസാക്ഷി) എന്ന അനശ്വരവും അമൂല്യവുമായ പാരത്രിക പദവിയിലേക്ക് തന്നെ കൈപിടിച്ചുയര്‍ത്തുകയാണവര്‍ ചെയ്തിരിക്കുന്നത്.
തന്റെ സ്വന്തം കുഗ്രാമത്തിലും പരിമിതമായ സുഹൃദ്‌വലയത്തിലുമായി അപ്രശസ്തനും അപ്രസക്തനുമായി കഴിഞ്ഞു കൂടുകയായിരുന്ന രക്തസാക്ഷി ഇന്ന് പ്രശസ്തിയുടെയും പ്രൗഢിയുടെയും ഉച്ചിയിലാണ്. പതിനായിരക്കണക്കിനു വിശ്വാസികള്‍ മയ്യിത്ത് നമസ്‌കരിച്ചു; നിരന്തരമായി ഖബര്‍ സിയാറത്തും കൂട്ടപ്രാര്‍ത്ഥനകളും. വലിയ സാദാത്തുമാരും പണ്ഡിതരും പൗരപ്രമുഖരും രാഷ്ട്രീയ നായകരും മാധ്യമപ്രവര്‍ത്തകരും ആ വീട് സന്ദര്‍ശിച്ചുകൊണ്ടേയിരിക്കുന്നു. അനാഥകളെ ആശ്വസിപ്പിക്കുന്നു. സഹോദരിമാരുള്‍പ്പെടെയുള്ള തപ്തഹൃദയര്‍ വിധവയെയും സന്തപ്തകുടുംബത്തെയും സാന്ത്വനിപ്പിക്കുന്നു. അവര്‍ക്കു വീടും പറമ്പും തയ്യാറായി നില്‍ക്കുകയാണ്. റിയാദിലെ തന്റെ തൊഴിലുടമ അസൂയ പറയുന്നത് ശ്രദ്ധിച്ചില്ലേ നിങ്ങള്‍: ആറു പതിറ്റാണ്ട് മുസ്‌ലിമായി ജീവിച്ച എനിക്ക് രക്തസാക്ഷ്യം ലഭിച്ചില്ല; ആറുമാസം കൊണ്ട് എന്റെ ഡ്രൈവര്‍ക്ക് ആ മഹാനേട്ടം കൈയണഞ്ഞിരിക്കുന്നു. എന്തൊരു സൗഭാഗ്യം!
കാല്‍നൂറ്റാണ്ടു മുന്‍പ് തൊണ്ണൂറുകളുടെ ആരംഭത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിയായിരുന്ന സത്യനാഥന്‍ ഇസ്‌ലാം സ്വീകരിച്ചു. ബന്ധപ്പെട്ടവരുടെ ബഹളവും പാരപ്പണികളും വഞ്ചനകളും കൊലവിളികളുമായി ആകാശം ഇടിഞ്ഞുവീഴാറായി. നവമുസ്‌ലിമിനും ഉമ്മ,സഹോദരിമാര്‍ക്കും പ്രവിശാലമായ ഇന്ത്യാഉപഭൂഖണ്ഡത്തില്‍ നിന്നു വിമാനം കയറേണ്ടിവന്നു. പക്ഷേ, കുടിലമനസ്‌കരുടെ ഭഗീരഥപ്രയത്‌നങ്ങളത്രയും നഷ്ടക്കച്ചവടമായി കലാശിച്ചു. അന്നത്തെ സത്യനാഥന്‍ പടര്‍ന്നുപന്തലിച്ച് ഒരു വടവൃക്ഷമായി വളര്‍ന്ന് അന്തസ്സാര്‍ന്ന ശ്രേഷ്ഠ കുടുംബമായി ജീവിക്കുകയാണ്.
പത്തുദിവസം മുമ്പ് ഇന്തോനേഷ്യയിലെ ബന്ദൂങ്ങിലുള്ള പാലാലങ്കോണ്‍ ഗ്രാമത്തിലെ നൂറുല്‍ഹിദായ കോംപ്ലക്‌സ് ഞാന്‍ സന്ദര്‍ശിച്ചു. എല്‍.കെ.ജി മുതല്‍ ഹൈസ്‌കൂള്‍ വരെയും മതപഠനസൗകര്യങ്ങളും ജുമാമസ്ജിദും ഉള്‍കൊള്ളുന്ന മികച്ച കേന്ദ്രം. നാല്‍പത്തെട്ടുകാരനായ ഡോ. യുനാര്‍ഡി ദാഞ്ജിയാണിതിന്റെ മേധാവി. 16 കൊല്ലം മുമ്പ് ഇസ്‌ലാം സ്വീകരിച്ച ഒരു ക്രിസ്ത്യന്‍ പാതിരിയാണദ്ദേഹം. ബന്ധുക്കളും അല്ലാത്തവരുമായ കുടിലമനസ്‌കര്‍ സകലഹീനതന്ത്രങ്ങളും പയറ്റി. വധശ്രമവും നടന്നു. രഹസ്യമായി പോക്കറ്റില്‍ മയക്കുമരുന്ന് വച്ച് കള്ളക്കേസില്‍ കുടുക്കി നിഷ്ഠുര മര്‍ദനങ്ങളേല്‍പിച്ചു. പുറത്തുവന്ന അദ്ദേഹം ഫാദര്‍ എന്ന പേരിനു പകരം ബ്രദര്‍ എന്ന പദം സ്വീകരിച്ച് വിദ്യാഭ്യാസ-സാംസ്‌കാരിക-മതകീയപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. വൈദ്യസേവനവും ചെയ്യുന്നു. ഈ ഒന്നര പതിറ്റാണ്ടിനിടെ നാനൂറ്റിമുപ്പത് പേരെയാണദ്ദേഹം ഇസ്‌ലാമിന്റെ ശാദ്വലതീരത്തേക്ക് കൈപിടിച്ചാനയിച്ചത്. പരശ്ശതം വിദ്യാര്‍ഥികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം നല്‍കുന്നതും മറ്റു സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ വേറെയും. ഇവിടെയും അസഹിഷ്ണുക്കളുടേത് ഭീമന്‍ നഷ്ടക്കച്ചവടമായിരുന്നു.
ഇങ്ങനെ ചെറുതും വലുതുമായ കുടിലമനസ്‌കര്‍ ചരിത്രത്തില്‍ എന്നുമുണ്ടായിരുന്നു. സത്യവിശ്വാസികളില്‍ അവര്‍ മര്‍ദനപീഡനങ്ങളും വെട്ടിനുറുക്കലും അരുംകൊലകളും നടത്തിനോക്കി. പക്ഷേ, അവയത്രയും നഷ്ടക്കച്ചവടങ്ങളായാണ് കലാശിച്ചത്.
ബി.സി രണ്ടായിരത്തിനടുത്താണ് ഫറോവ മൂസാനബിയുമായുള്ള ആഭിചാരമത്സരത്തിന്റെ പരിണതി എന്നോണം, അയാളുടെ ചോറ്റുപട്ടാളവും റാന്‍മൂളികളുമായിരുന്ന ആഭിചാരക സംഘം ഒന്നടങ്കം ഇസ്‌ലാം മതം സ്വീകരിച്ചു. ഫറോവയ്ക്കു ഭ്രാന്തമായി കലികയറി. രാവിലെ വരെ തന്റെ വിശ്വസ്തരും സ്‌നേഹഭാജനങ്ങളും ആജ്ഞാനുവര്‍ത്തികളുമായിരുന്ന അവരെ ആ തീവ്രവാദി കൈകാലുകള്‍ വെട്ടിനുറുക്കി കുരിശിലേറ്റി. പക്ഷേ, വിശ്വാസം മരിച്ചുവോ? ഇല്ലേയില്ല. ഫറോവയും ശിങ്കിടികളും മുങ്ങിച്ചത്ത് രാജ്യമൊന്നടങ്കം സത്യവിശ്വാസികളുടേതായി മാറുകയായിരുന്നു.
അറേബ്യയിലെ യമനില്‍ ദൂനവാസ് എന്നൊരു മുരത്ത തീവ്രവാദി ചക്രവര്‍ത്തിയുണ്ടായിരുന്നു. സത്യവിശ്വാസത്തില്‍ കൂസലന്യേ അടിയുറച്ചുനിന്ന ഒരു ചെറുപ്പക്കാരനെ ചിത്രവധം നടത്താന്‍ തന്റെ സ്വന്തക്കാരെ പലവട്ടം അയാള്‍ ഏര്‍പ്പാടാക്കി. പക്ഷേ, യുവാവ് അത്യദ്ഭുതകരമാംവിധം അതൊക്കെ തരണം ചെയ്തു. അപമാനിതനും ക്രുദ്ധനുമായ ചക്രവര്‍ത്തിയെ യുവാവ് തന്നെ നേരില്‍ ചെന്നുകണ്ട് ബോധിപ്പിച്ചു: പ്രഭോ, എന്നെ കൊല്ലണമെങ്കില്‍ തിരുമനസ്സ് ചെയ്യേണ്ടത് ഇതാണ്: നാട്ടുകാരെയൊന്നടങ്കം വിവരമറിയിച്ച് ഒരു നിശ്ചിത ദിനം മൈതാനിയില്‍ സമ്മേളിപ്പിക്കണം; എന്നിട്ട് ഒരു ഈന്തപ്പനത്തടി നാട്ടി അതില്‍ എന്നെ ബന്ധിക്കണം. മുഹൂര്‍ത്തമായാല്‍ എന്റെ സ്വന്തം ആവനാഴിയില്‍ നിന്നുതന്നെ ഒരമ്പെടുത്ത് വില്ലുകുലച്ച് 'ഇവന്റെ ദൈവമായ അല്ലാഹുവിന്റെ നാമത്തില്‍' എന്നുച്ചരിച്ച് അമ്പെയ്യണം. മറ്റൊരു നിലയ്ക്കും എന്നെ വകവരുത്താന്‍ നിങ്ങള്‍ക്കാവില്ല .
കലികയറി രോഷാകുലനായി കഴിയുകയായിരുന്ന ചക്രവര്‍ത്തി മുന്‍പിന്‍ ആലോചിക്കാതെ യുവാവ് നിര്‍ദേശിച്ച നടപടികളത്രയും പൂര്‍ത്തിയാക്കി അമ്പെയ്തു. ഉന്നം പിഴയ്ക്കാതെ അത് യുവാവിന്റെ ചെന്നിയില്‍ തറയ്ക്കുകയും രക്തസാക്ഷിയാവുകയും ചെയ്തു.
നിമിഷങ്ങള്‍ കഴിഞ്ഞില്ല, ജനസഹസ്രങ്ങളതാ ആര്‍ത്തുവിളിക്കുന്നു, ആമന്നാ ബിറബ്ബില്‍ ഗുലാം; യുവാവിന്റെ രക്ഷിതാവായ അല്ലാഹുവില്‍ ഞങ്ങളിതാ വിശ്വാസം കൈക്കൊണ്ടിരിക്കുന്നു! തീവ്രവാദി തോറ്റുപാളീസായി. ഗുരുതരവും ബീഭത്സവുമായ നഷ്ടക്കച്ചവടം.
ഇസ്‌ലാം ഒരു ആശയവും ആദര്‍ശവുമാണ്. ഒന്നാമത്തെ മനുഷ്യന്‍ മുതല്‍ മാനവരാശിക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിത വ്യവസ്ഥിതി. പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നാഥനും സംരക്ഷകനുമായ ദൈവമാണതിന്റെ ഉപജ്ഞാതാവ്. വിയോജിപ്പുള്ളവര്‍ ആദര്‍ശപരമായി അതിനെ നേരിടുകയാണു വേണ്ടത്. മാനവന്റെ വ്യതിരിക്തതയായ വിശേഷബുദ്ധിയുടെ താല്‍പര്യവും അതുതന്നെ. മറിച്ച് വെട്ടും കുത്തും വ്യക്തിഹത്യയും നരമേധവും നടത്തി അതിനെ ഇല്ലായ്മ ചെയ്യാമെന്നത് വ്യാമോഹമാണ്. നഷ്ടക്കച്ചവടമായിരിക്കും അതെന്ന് നമ്മുടെ സഹോദരങ്ങള്‍ ശാന്തമായിരുന്ന് ചിന്തിച്ചുമനസ്സിലാക്കണം. ഫീനിക്‌സ് സ്വന്തം ചാരത്തില്‍നിന്നു പുനര്‍ജന്മം നേടുന്നുവെന്നാണ് സങ്കല്‍പം. ഓരോ കര്‍ബലയ്ക്കു ശേഷവും ഇസ്‌ലാം ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് ചെയ്യുക എന്ന ഈ നഗ്‌ന യാഥാര്‍ഥ്യം ഡോ. അല്ലാമ മുഹമ്മദ് ഇഖ്ബാല്‍ നേരത്തേ വിളംബരം ചെയ്തിട്ടുണ്ട്.
ഇഷ്ടമുള്ള മതം സ്വീകരിക്കാനും അത് പ്രയോഗവത്കരിക്കാനും സമാധാനപരമായി അതിന്റെ പ്രചാരണം നടത്താനും ഓരോ ഇന്ത്യന്‍ പൗരനുമുള്ള അവകാശം മൗലികമാണ്. അത് സംരക്ഷിക്കാന്‍, മറ്റുള്ളവര്‍ക്കും ആ അവകാശം പ്രയോഗവത്കരിച്ചു ജീവിക്കാനുള്ള അവസരമൊരുക്കിക്കൊടുക്കാന്‍ ഓരോ ജനാധിപത്യ വിശ്വാസിയും സന്നദ്ധനാകട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."