പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണറെ കണ്ടു
തിരുവനന്തപുരം: ബി.ജെ.പിയുടെ ബി ടീം എന്ന തൊപ്പി ചേരുന്നതു കോടിയേരി ബാലകൃഷ്ണനും സി.പി.എമ്മിനുമാണെന്നു പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തല. ബി.ജെ.പിയെ എങ്ങനെ പ്രതിരോധിക്കണമെന്നു കോടിയേരി കോണ്‍ഗ്രസിനെ പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
ബി.ജെ.പിയില്‍ നിന്നു പഠിക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ല. സഹകരണ മേഖലയില്‍ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സി.പി.എമ്മുമായി യോജിച്ചു പ്രക്ഷോഭം നടത്താമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. നിയമസഭയില്‍ യോജിച്ച പ്രമേയം പാസാക്കാമെന്നാണു വ്യക്തമാക്കിയത്. നോട്ട് പ്രതിസന്ധിയില്‍ രാജ്യവ്യാപകമായി പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും എതിരേ വലിയ പ്രതിഷേധവും ജനവികാരവും ഉയരുന്നഘട്ടത്തില്‍ അതിനൊപ്പം നില്ക്കുകയാണു വേണ്ടത്. ഒരുമിച്ചു നില്‍ക്കേണ്ട അവസരത്തില്‍ ഇത്തരം സങ്കുചിതമായ നിലപാടു സ്വീകരിക്കുന്ന സമീപനം കോടിയരി ബാലകൃഷ്ണനില്‍ നിന്നും പ്രതീക്ഷിച്ചില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നോട്ടു പിന്‍വലിക്കലിനെത്തുടര്‍ന്നു എല്ലാ രംഗത്തും പൊതുവെ ഉണ്ടായ സ്തംഭനാവസ്ഥയെക്കുറിച്ചും സഹകരണമേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയെക്കുറിച്ചും കേന്ദ്രത്തെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ കേന്ദ്രത്തെ ധരിപ്പിക്കാമെന്നു ഗവര്‍ണര്‍ ഉറപ്പു നല്കി. വി.എം സുധീരന്, ഘടകക്ഷി നേതാക്കളായ എം.കെ മുനീര്‍, എ.എ അസീസ്, അനൂപ് ജേക്കബ്, സി.പി ജോണ്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."