കൊണ്ടോട്ടിയില്‍ യു.ഡി.എഫിന് വിജയമൊരുക്കി വാഴക്കാടും കൊണ്ടോട്ടി നഗരസഭയും
കൊണ്ടോട്ടി: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വാഴക്കാട്ടും കൊണ്ടോട്ടി നഗരസഭയിലും വര്‍ഗ ശത്രുക്കളായി മല്‍സരിച്ച കോണ്‍ഗ്രസും മുസ്‌ലിംലീഗും നിയമസഭ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് നിന്ന് മണ്ഡലത്തില്‍ നേടിയത് അപൂര്‍വ വിജയം.ആറുമാസം മുന്‍പ് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തര്‍ക്കത്തെ തുടര്‍ന്ന് വാഴക്കാട്ടും കൊണ്ടോട്ടി നഗരസഭയിലും മുസ്‌ലിം ലീഗിനെ കൈവെടിഞ്ഞ് കോണ്‍ഗ്രസ്-സി.പി.എം കൂട്ടുകെട്ടില്‍ മല്‍സരിച്ച് വിജയം നേടിയാണ് ജനകീയ മുന്നണിയെന്ന പേരില്‍ പഞ്ചായത്തും നഗരസഭയും ഭരിക്കുന്നത്.എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഐക്യത്തില്‍ പ്രവര്‍ത്തിച്ചതോടെ കൈവിട്ടുപോകുമെന്നു കരുതിയ മണ്ഡലം പിടിച്ചെടുക്കാനായി.രണ്ടിടങ്ങളില്‍ നിന്നായി മാത്രം 7816 വോട്ടിന്റെ ഭൂരിപക്ഷമാണ് മുന്നണി സ്വന്തമാക്കിയത്. ഇതോടെ ഇവിടങ്ങളില്‍ മികച്ച പുരോഗതി പ്രതീക്ഷിച്ച സി.പി.എം തന്ത്രം പാളുകയും ചെയ്തു.
വാഴക്കാട് പഞ്ചായത്തില്‍് മാത്രം 3336 വോട്ടിന്റെ മേല്‍കൈ നേടാന്‍ മുന്നണിക്കായി.കൊണ്ടോട്ടി നഗരസഭയില്‍ കൊണ്ടോട്ടിയില്‍ 2021 വോട്ടിന്റെയും നെടിയിരുപ്പില്‍ 2459 വോട്ടിന്റെയും ഭൂരിപക്ഷമാണ് മുന്നണി ഐക്യത്തിലൂടെ കൈവരിച്ചത്. എന്നാല്‍ യു.ഡി.എഫ് നിലവിലുള്ള ചെറുകാവ്,പുളിക്കല്‍ പഞ്ചായത്തുകളില്‍ മുന്നണിക്ക് കനത്ത തിരിച്ചടി നേരിട്ടു.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഒരോ ബൂത്തുകളിലേയും ഫലം യു.ഡി.എഫിനേയും എല്‍.ഡി.എഫിനേയും ആശങ്കയിലാക്കിയായിരുന്നു.വാഴയൂര്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫ് 2652 ലീഡുമായി മുന്നേറിയപ്പോള്‍ വാഴക്കാട് പഞ്ചായത്തില്‍ 3336 വോട്ടുകൊണ്ട് യു.ഡി.എഫ് പ്രതിരോധിച്ചു.പിന്നീട് ചീക്കോട് 3746 വോട്ടിന്റെയും മുതുവല്ലൂരില്‍ 2304 വോട്ടിന്റെയും ഭൂരിപക്ഷം നേടി യു.ഡി.എഫ് മുന്നേറിയപ്പോള്‍ ചെറുകാവില്‍ ഇടതുമുന്നണിക്ക് മേല്‍ക്കൈ വന്നതോടെ വീണ്ടും യു.ഡി.എഫ് പതറി.
രണ്ടായിരത്തിലേറെ ഭൂരിപക്ഷം പ്രതീക്ഷിച്ച യു.ഡി.എഫ് കുത്തക മണ്ഡലമായ പുളിക്കലില്‍ പാര്‍ട്ടിക്ക് 323 വോട്ടിന്റെ ലീഡ് മാത്രമായി ഒതുങ്ങിയത് യു.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു.ഇതിനിടയിലാണ് കൊണ്ടോട്ടി നഗരസഭയിലെ കൊണ്ടോട്ടിയില്‍ 2021 വോട്ടിന്റെയും നെടിയിരുപ്പില്‍ 2459വോട്ടിന്റെ ഭൂരിപക്ഷവുമായി ലീഡ് നില ഉയര്‍ന്നത്.ഇതോടെയാണ് മുന്‍വര്‍ഷത്തേക്കാളും വാശിയേറിയ മല്‍സരം കാഴ്ചവെച്ച കൊണ്ടോട്ടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.വി.ഇബ്രാഹീം 10,654 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്രന്‍ കെ.പി ബീരാന്‍കുട്ടിയെ പരാചയപ്പെടുത്തിയത്.
കാന്തപുരം സുന്നികളടക്കം അരയും തലയും മുറുക്കി ഇറങ്ങിയിട്ടും കൊണ്ടോട്ടിയിലും വാഴക്കാട്ടും മുസ്‌ലിം ലീഗ്,കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ വിള്ളലുണ്ടാക്കി വോട്ടു നേടാന്‍ കഴിയാത്തത് രണ്ടിടങ്ങളിലും യു.ഡി.എഫ് ബന്ധം ശക്തമായതിനാലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."