പ്രതിപക്ഷത്തിന്റെ ആക്രോശ് ദിവസിന് സമ്മിശ്ര പ്രതികരണം
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരേ സംയുക്ത പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനംചെയ്ത 'ആക്രോശ് ദിവസി'ന് സമ്മിശ്ര പ്രതികരണം. കേരളം, ത്രിപുര, ബിഹാര്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളെ പ്രതിഷേധം കാര്യമായി ബാധിച്ചു.
കേരളത്തിലും പശ്ചിമ ബംഗാളിലും ത്രിപുരയിലും ഇടതുപാര്‍ട്ടികള്‍ ഹര്‍ത്താല്‍ ആചരിച്ചു. ഡല്‍ഹിയില്‍ പാര്‍ലമെന്റിനുള്ളിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നേതൃത്വം നല്‍കി. ആം അദ്മി പാര്‍ട്ടിയും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു. ഹര്‍ത്താലിനെ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണക്കാതിരുന്നതിനാല്‍ പശ്ചിമബംഗാളില്‍ ഇത് കാര്യമായി ബാധിച്ചില്ല. സംസ്ഥാനത്ത് വാഹനങ്ങള്‍ സാധാരണ പോലെ സര്‍വിസ് നടത്തി. കൊല്‍ക്കത്തയില്‍ സി.പി.എം നേതാവ് ബിമന്‍ ബോസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഒരേ സമയം നരേന്ദ്രമോദി സര്‍ക്കാരിനും തൃണമൂല്‍ സര്‍ക്കാറിനും എതിരേ ബിമന്‍ബോസ് വിമര്‍ശനമഴിച്ചുവിട്ടു. വ്യാപാരസ്ഥാപനങ്ങള്‍ സാധാരണ പോലെ തുറന്നുപ്രവര്‍ത്തിച്ചു. റെയില്‍, മെട്രോ റയില്‍ സര്‍വിസും ഏറെക്കുറേ സാധാരണ നിലയിലായിരുന്നു.
നോട്ടുനിരോധനത്തിനെതിരേ സംസ്ഥാനത്തിനകത്തും പുറത്തും ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തിവരുന്ന തൃണമൂല്‍ കോണ്‍ഗ്രസ്, ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുമെന്നതിനാല്‍ ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് അറിയിച്ചിരുന്നു. ഒഡിഷയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും തുറന്നുപ്രവര്‍ത്തിച്ചില്ല.
മാവോവാദികള്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നതിനാല്‍ കടകളും മറ്റുസ്ഥാപനങ്ങളും അടഞ്ഞ് കിടന്നു. ത്രിപുരയില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. വാനനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കടകളും തുറന്നില്ല. ഇടതുപക്ഷ പ്രവര്‍ത്തകര്‍ റെയില്‍ഗതാഗതം തടഞ്ഞതിനാല്‍ ട്രെയിന്‍ സര്‍വിസിനെയും ബാധിച്ചു.
പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ലെന്നും സംസ്ഥാന പൊലിസ് വക്താവ് ഉത്തംകുമാര്‍ പറഞ്ഞു. ബിഹാറിലെ ജെ.ഡി.യു സര്‍ക്കാര്‍ പ്രതിഷേധത്തെ പിന്തുണച്ചില്ലെങ്കിലും സംസ്ഥാനത്തെ പ്രതിഷേധം ജനജീവിതത്തെ ബാധിച്ചു. ഇടതു പ്രവര്‍ത്തകര്‍ ട്രെയിന്‍ഗതാഗതം സ്തംഭിപ്പിച്ച് പ്രതിഷേധിച്ചു.
തെലങ്കാനയിലും ആന്ധ്രയിലും പ്രതിഷേധം ഭാഗികമായിരുന്നു. തമിഴ്‌നാട്ടില്‍ പ്രതിഷേധ പ്രകടനം നടത്തിയ ഡി.എം.കെ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു. ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിഷേധത്തില്‍ നിന്ന് അകന്നുനിന്നു. ജമ്മുവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. നിരവധി പേര്‍ അറസ്റ്റിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."