നഗ്രോത സൈനിക ക്യാംപ് ആക്രമണം: ബന്ദികളെ മോചിപ്പിച്ചു; മുഴുവന്‍ ഭീകരരേയും വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മിരിലെ നഗ്രോത സൈനിക ക്യാംപ് ആക്രമിച്ച് ഭീകരര്‍ ബന്ദികളാക്കിയ മുഴുവന്‍ പേരേയും മോചിപ്പിച്ചു. ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. രണ്ട് ഓഫിസര്‍മാരടക്കം ഏഴു സൈനികര്‍ വീരമൃത്യു വരിച്ചതായി സൈനിക വക്താവ് മനീഷ് മേഹ്ത അറിയിച്ചു.
എട്ടു മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിലൂടെയാണ് ഇന്ത്യന്‍ സൈന്യം ഭീകരരെ വധിച്ചത്.
നഗ്രോതയില്‍ ശ്രീനഗര്‍- ജമ്മു ദേശീയ പാതയ്ക്ക് സമീപമുള്ള സൈനിക ക്യാംപിനു നേരെയാണ് ആക്രമണമുണ്ടായത്.
പുലര്‍ച്ചെ 5.30 ഓടെ സൈനികതാവളത്തിനു മുന്നിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്ന ഭീകരര്‍ സൈന്യത്തിനു നേരേ തുടര്‍ച്ചയായി ഗ്രനേഡുകള്‍ എറിഞ്ഞു.
സൈനിക കേന്ദ്രത്തില്‍ കടന്ന ഭീകരര്‍ സൈനികരും കുടുംബവും താമസിക്കുന്ന രണ്ടു കെട്ടിടങ്ങള്‍ ലക്ഷ്യമാക്കിയാണ് നീങ്ങിയതെന്ന് വക്താവ് പറഞ്ഞു.
പത്താന്‍കോട്ട് വ്യോമതാവളത്തിലും ഉറിയിലും നടന്ന ഭീകരാക്രമങ്ങള്‍ക്ക് സമാനമാണ് നഗ്രോതയിലെ ആക്രമണമെന്നും സൈനിക വക്താവ് പറഞ്ഞു.
ആക്രമണത്തെ തുടര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചിരുന്നു. നഗ്രോതയിലെ സ്കൂളുകള്‍ അടച്ചിടാന്‍ ഉത്തരവിടുകയും ദേശീയ പാതയിലൂടെയുള്ള ഗതാഗതം നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.
സൈന്യത്തിന്റെ 16 കോര്‍ വിഭാഗത്തിന്റെ കേന്ദ്ര ആസ്ഥാനമാണ് നഗ്രോത. ജമ്മു അതിര്‍ത്തിയില്‍ ജവാന്മാര്ക്ക് ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുന്നത് നഗ്രോത ക്യാംപില്‍നിന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."