ട്രാഫിക് പരിഷ്‌കരണം കടലാസിലുറങ്ങുന്നു
മുക്കം: നിരവധി തവണ ശ്രമമുണ്ടായിട്ടും മുക്കത്തെ ട്രാഫിക് പരിഷ്‌ക്കരണം ഇനിയും നടപ്പായില്ല. വര്‍ഷങ്ങളായി തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ട്രാഫിക് പരിഷ്‌കരണത്തിന് തുടക്കമിട്ടത്. മുന്‍ പഞ്ചായത്ത് ഭരണസമിതി, മുക്കം പൊലിസ്, വ്യാപാരി സംഘടനകള്‍, ബസ്, ടാക്‌സി, ഓട്ടോ സംഘടന നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നു നിരവധി തവണ യോഗം ചേര്‍ന്നെങ്കിലും പരിഷ്‌കരണം കടലാസിലുറങ്ങുകയാണ്. ഇടക്കാലത്ത് താല്‍ക്കാലികമായി നടപ്പാക്കാനൊരുങ്ങിയ പരിഷ്‌കരണവും തീരുമാനത്തിലൊതുങ്ങി.
മുക്കം ബസ് സ്റ്റാന്‍ഡിലേക്ക് വരുന്ന ബസുകള്‍ പി.സി ജങ്ഷനിലും ബൈപ്പാസിലും ആളെയിറക്കി നേരെ സ്റ്റാന്‍ഡിലേക്ക് വരണമെന്നും തിരിച്ചു പോകുമ്പോള്‍ അരീക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ സ്റ്റാന്‍ഡ് വിട്ടാല്‍ പിന്നെ പി.സി ജങ്ഷനിലെ സ്റ്റോപ്പില്‍ മാത്രമേ നിര്‍ത്താവൂ എന്നുമാണ് നിയമം. എന്നാല്‍ ബസുകള്‍ ബസ് സ്റ്റാന്‍ഡ് പരിസരം, ആലിന്‍ചുവട്, ഉടയാടക്ക് സമീപം, പി.സി ജങ്ഷനിലെ ബസ് സ്റ്റോപ്പിന് ഏറെ പിന്നില്‍, പി.സി റോഡില്‍ എന്നിവിടങ്ങളിലെല്ലാം നിര്‍ത്തി ആളെ കയറ്റുകയാണ്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകളും പല സ്ഥലങ്ങളിലും നിര്‍ത്തി ആളെ കയറ്റുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നുവരുന്ന ബസുകള്‍ സ്റ്റാന്‍ഡ് വിട്ടാല്‍ പിന്നെ പി.സി ജങ്ഷനിലെ ബസ് സ്റ്റോപ്പിന് സമീപത്തെ നിര്‍ത്താന്‍ പാടുള്ളൂ. എന്നാല്‍ വില്ലേജ് ഓഫിസ് പരിസരം, പഴയ ബസ് സ്റ്റാന്‍ഡ് പരിസരം, തുടങ്ങിയിടത്തെല്ലാം നിര്‍ത്തി യാത്രക്കാരെ കയറ്റുന്നു. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒരു ഓട്ടോ ട്രാക്ക് കൂടിയുള്ളത് ഗതാഗത തടസത്തിന് ആക്കം കൂട്ടുന്നുണ്ട്. പലപ്പോഴും സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയുള്ള ഹോം ഗാര്‍ഡിന് മുന്നില്‍ തന്നെ ഇത്തരം സംഭവം നടക്കുമ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കാറില്ല.
മുക്കം പൊലിസ് സ്റ്റേഷനില്‍ ഇടക്കിടെ എസ്.ഐമാര്‍ മാറുന്നതും ട്രാഫിക് പരിഷ്‌കരണത്തിന് തടസമാകുന്നു. പരിഷ്‌കരണത്തിനായി ചില നല്ല നിര്‍ദേശങ്ങള്‍ അധികൃതര്‍ക്ക് മുന്നില്‍ നാട്ടുകാര്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും അതും നടന്നില്ലെന്നും ആക്ഷേപം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."