സാന്‍ഡ്ബാങ്ക്സില്‍ ആകെയുള്ളത് ഒരു ലൈഫ്ഗാര്‍ഡ്
വടകര: കടലില്‍ ഇറങ്ങുന്നവരെ നിരീക്ഷിക്കാനും അപകടത്തില്‍ പെടുന്നവരെ രക്ഷിക്കാനും ടൂറിസം കേന്ദ്രമായ വടകര സാന്‍ഡ്ബാങ്ക്സില്‍ ആകെയുള്ളത് ഒരേയൊരു ലൈഫ് ഗാര്‍ഡ്. ദിവസവും നൂറുകണക്കിനു സന്ദര്‍ശകരെത്തുന്ന സാന്‍ഡ്ബാങ്ക്സില്‍ ലൈഫ്ഗാര്ഡുമാരായി ചുരുങ്ങിയതു രണ്ടു പേരെങ്കിലും വേണമെന്ന് ഇവിടെ ഗാര്‍ഡായി ജോലി ചെയ്യുന്ന കുരിയാടി ആവിക്കല്‍ സ്വദേശി പ്രജിത്ത് പറയുന്നു.
നേരത്തെ ഇവിടെ ജോലിയിലുണ്ടായിരുന്നയാള് മറ്റൊരു ജോലി കിട്ടി പോയപ്പോള്‍ പകരം ആളെ നിയമിക്കാന്‍ അധികൃതര്‍ തയാറായില്ല. ഇതിനാല്‍ രണ്ടുപേരുടെ ജോലി ഒരാള്‍ ചെയ്യേണ്ട സ്ഥിതിയാണ്. അവധി ദിനങ്ങളിലും വിശേഷ ദിവസങ്ങളിലും സാന്‍ഡ്ബാങ്ക്സില്‍ നിറയെ സന്ദര്‍ശകരാണെത്തുന്നത്. ഈ സമയങ്ങളില്‍ എല്ലാ സ്ഥലങ്ങളും നിരീക്ഷിക്കാന്‍ ഒരാള്‍ അപര്യാപ്തമാണെന്നാണ് പ്രജിത്ത് പറയുന്നത്. ഇന്നലെ പുറങ്കര സ്വദേശികളായ യുവാക്കള്‍ അപകടത്തില്‍പെട്ടത് ഇതിനു തെളിവായി പ്രജിത്ത് ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ജീവന് രക്ഷാദൗത്യത്തിന് ആവശ്യമായ ഉപകരണങ്ങളും ഇപ്പോള്‍ സാന്ഡ്ബാങ്ക്സിലില്ല. നിലവിലുള്ള ബോയ അടക്കമുള്ള ഉപകരണങ്ങള്‍ ഉപയോഗശൂന്യമായിരിക്കുന്നു. പലപ്പോഴും ജീവന് പണയംവച്ചാണു കടലില്‍ ഇറങ്ങുന്നതെന്നും പ്രജിത്ത് പറഞ്ഞു. സാന്ഡ്ബാങ്ക്സിലെത്തുന്നവര് ലൈഫ്ഗാര്‍ഡിന്റെ വിലക്കുകളൊന്നും വകവയ്ക്കാറില്ല. ഏറെ നീളമുള്ള കടല്‍തീരത്ത് എല്ലായിടത്തും ഒരാള്‍ക്ക് എത്തിച്ചേരുക സാധ്യവുമല്ല. ലൈഫ്ഗാര്‍ഡുകളുടെ എണ്ണം കൂട്ടുകയും ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുകയും ചെയ്തില്ലെങ്കില്‍ വന്‍ ദുരന്തങ്ങള്‍ക്കു കാതോര്‍ക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."