ഭരണം മാറിയിട്ടും സംസ്ഥാനത്ത് ദലിത് പീഡനങ്ങള്‍ തുടര്‍ക്കഥ
തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ അധികാരത്തിലേറി മാസങ്ങള്‍ പിന്നിടുമ്പോഴും സംസ്ഥാനത്തു ദലിത് വിഭാഗങ്ങള്‍ക്കും ആദിവാസികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കു മാറ്റമില്ല. ആദിവാസി, ദലിത് സമുദായങ്ങള്‍ക്കു സംരക്ഷണം നല്‍കുമെന്നു സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ഭരണകൂടത്തിന്റെ തണലില്‍ തന്നെ പീഡനങ്ങള്‍ നടക്കുന്നതായി ആരോപണം ശക്തമാണ്. അവസാനമായി തിരുവനന്തപുരത്ത് പൊലിസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലിസ് ഓഫിസറായ അഭയനെ, ദലിത് യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മെയ് 25 മുതല്‍ നവംബര്‍ 16വരെയുള്ള കാലയളവില്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കില്‍ സംസ്ഥാനത്തു ദലിത് സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 213 കേസുകളും ദലിത് കുട്ടികള്‍ക്കു നേരെയുള്ള 52 അതിക്രമകേസുകളും ആദിവാസി സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 63 കേസുകളും ആദിവാസി കുട്ടികളുമായി ബന്ധപ്പെട്ട് 18 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ദലിത് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അതിക്രമത്തിനിരയായത് തിരുവനന്തപുരം റൂറലിലാണ്-28 കേസുകള്‍. തൃശൂര്‍ റൂറലില്‍ 23ഉം പാലക്കാട്ട് 21ഉം തിരുവനന്തപുരം സിറ്റിയില്‍ 16ഉം മലപ്പുറത്ത് 15ഉം എറണാകുളം റൂറലില്‍ 14ഉം എറണാകുളം സിറ്റിയില്‍ 13ഉം ഇടുക്കിയിലും പത്തനംതിട്ടയിലും 12ഉം ആലപ്പുഴയില്‍ 11ഉം കണ്ണൂരില്‍ 10ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ദലിത് കുട്ടികള്‍ക്കെതിരായ അതിക്രമത്തില്‍ തൃശൂര്‍ റൂറലിലാണു കൂടുതല്‍ കേസ്- എട്ടെണ്ണം. കൊല്ലം റൂറല്‍-അഞ്ച്, പാലക്കാട്, മലപ്പുറം, തിരുവനന്തപുരം റൂറല്‍, വയനാട് ജില്ലകളില്‍ നാലുവീതവും പത്തനംതിട്ടയിലും ആലപ്പുഴയിലും മൂന്നുവീതവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദിവാസി സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഇതേ കാലയളവില്‍ 32 കേസുകളാണ് വയനാട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. കാസര്‍കോട്ട് എട്ടും പാലക്കാട്ടും ഇടുക്കിയിലും ആറ് കേസുകള്‍ വീതവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദിവാസി കുട്ടികള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് ഇതേ കാലയളവില്‍ വയനാട്ടില്‍ ഏഴും പാലക്കാട്ട് നാലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും രേഖകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെ ദലിത് സ്ത്രീകള്‍ക്കു നേരെയുള്ള 317 അതിക്രമ കേസുകളും ഈ വര്‍ഷം ജനുവരി മുതല്‍ മെയ് 23 വരെ 153 കേസുകളും രജിസ്റ്റര്‍ ചെയ്തപ്പോള്‍ ദലിത് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യവുമായി ബന്ധപ്പെട്ടു കഴിഞ്ഞ വര്‍ഷം 76ഉം ഈ വര്‍ഷം മെയ് വരെ 42ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദിവാസി സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ കഴിഞ്ഞവര്‍ഷം 81ഉം ഈ വര്‍ഷം മെയ് വരെ 21ഉം ആദിവാസി കുട്ടികള്‍ക്കു നേരെയുള്ളതില്‍ കഴിഞ്ഞവര്‍ഷം 14ഉം ഈ വര്‍ഷം മെയ് വരെ 11ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സംസ്ഥാനത്തു ദലിത് പീഡനം വര്‍ധിക്കുന്നുവെന്ന പ്രതിപക്ഷ കക്ഷികളുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഔദ്യോഗികമായി ലഭിച്ച കണക്കുകള്‍. സംസ്ഥാനത്ത് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത ചില കേസുകളില്‍ കേന്ദ്ര പട്ടികജാതി കമ്മിഷന്‍ ഇടപെട്ടിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ സംസ്ഥാനത്ത് ആദിവാസി, ദലിത് വിഭാഗങ്ങളുമായി ബന്ധപ്പെട്ട് 31 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 17 കേസുകളിലും ഇരകളായത് 15 വയസിനു താഴെയുള്ള കുട്ടികളാണ്. മിക്ക പീഡനക്കേസിലും മൂന്നുമുതല്‍ 16 വരെ പ്രതികളാണുള്ളത്. സംസ്ഥാനത്ത് ആദിവാസി, ദലിത് പീഡനക്കേസില്‍ അറസ്റ്റിലാകുന്ന പ്രതികളില്‍ അധികവും ഓട്ടോ, ജീപ്പ് ഡ്രൈവര്‍മാരാണെന്ന കൗതുകവുമുണ്ട്.
ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വനങ്ങളിലും സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കും ലൈംഗികാവശ്യങ്ങള്‍ക്കും മറ്റുമായി കോളനികളില്‍നിന്നു ദലിത് സ്ത്രീകളെ എത്തിക്കുന്നതിന് ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ മാഫിയാസംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നു പ്രമുഖ ട്രൈബല്‍ ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ധന്യാ രാമന്‍ 'സുപ്രഭാത'ത്തോടു പറഞ്ഞു.
തിരുവനന്തപുരം അഗസ്ത്യാര്‍വനമേഖലയില്‍ മാത്രം ആദിവാസി, ദലിത് പീഡനവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഒന്‍പത് ഡ്രൈവര്‍മാരാണ് അറസ്റ്റിലായതെന്നും ധന്യ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."