27 സീറ്റുകളില്‍ ഇരച്ചുകയറിയ ഇടതുമുന്നണിക്ക് കാലിടറിയത് അഞ്ച് മണ്ഡലങ്ങളില്‍
കൊച്ചി: നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവും ഏങ്ങുമെത്താത്ത പൊലിസ് അന്വേഷണവും സംസ്ഥാനരാഷ്ട്രീയത്തില്‍ ഇടതുമുന്നണിക്ക് നേട്ടമായെങ്കിലും സംഭവം നടന്ന പെരുമ്പാവൂരില്‍ സി.പി.എമ്മിന് തിരിച്ചടിയായി. ഇടതുമുന്നണിക്ക് എറണാകുളം ജില്ലയില്‍ നിലമെച്ചപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും സിറ്റിങ് സീറ്റുകളായ പെരുമ്പാവൂരും അങ്കമാലിയും നഷ്ടമായി.
യു.ഡി.എഫില്‍ നിന്ന് 27 സീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ യു.ഡി.എഫിന് നാല് സീറ്റുകള്‍ മാത്രമാണ് സംസ്ഥാനത്ത് പിടിച്ചെടുക്കാന്‍ കഴിഞ്ഞത്. ജിഷയുടെ കൊലപാതകം രാഷ്ട്രീയചര്‍ച്ചയായ പെരുമ്പാവൂരില്‍ സിറ്റിങ് എം.എല്‍.എ സാജുപോളിനെതിരേ ഉയര്‍ന്ന ജിഷയുടെ അമ്മയുടെ പരാതി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ഹാട്രിക് വിജയം കരസ്ഥമാക്കിയ സാജുപോളിനെ വിജയസാധ്യത പരിഗണിച്ചാണ് സി.പി.എം സംസ്ഥാനകമ്മിറ്റി ഇളവ് നല്‍കി നാലാം തവണയും മത്സരിപ്പിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് യുവനേതാവും ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എല്‍ദോസ് കുന്നപ്പള്ളി 7088 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിന്ന് ഒന്നരപതിറ്റാണ്ടിന് ശേഷം സീറ്റ് തിരിച്ചുപിടിച്ചു. അങ്കമാലിയിലും കോവളത്തും കുറ്റ്യാടിയിലുമാണ് ഇടതുമുന്നണിയില്‍ നിന്ന് യു.ഡി.എഫിന് സീറ്റ് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞത്.
അങ്കമാലിയില്‍ ജനതാദള്‍ എസിന്റെ ബെന്നി മൂഞ്ഞേലിയെ എന്‍.എസ്.യുവിന്റെ ദേശീയ പ്രസിഡന്റ് കൂടിയായ റോജി എം.ജോണ്‍ 9186 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജപ്പെടുത്തി. കോവളത്ത് ജനതാദള്‍ എസിലെ സിറ്റിങ് എം.എല്‍.എ ജമീല പ്രകാശത്തില്‍ നിന്ന് 2615 വോട്ടിന് കോണ്‍ഗ്രസിലെ എം. വിന്‍സന്റും കുറ്റ്യാടിയില്‍ സി.പി.എമ്മിലെ സിറ്റിങ് എം.എല്‍.എ കെ.കെ ലതികയില്‍ നിന്ന് മുസ്‌ലിം ലീഗിലെ പാറക്കല്‍ അബ്ദു്ള്ളയും സീറ്റ് തിരികെ പിടിച്ചു. നേമം സീറ്റ് സി.പി.എമ്മിന്റെ സിറ്റിങ് എം.എല്‍.എ ശിവന്‍കുട്ടിയില്‍ നിന്ന് ബി.ജെ.പിയുടെ ഒ. രാജഗോപാലും പിടിച്ചെടുത്തു.
എന്നാല്‍ ഇടതുതരംഗത്തില്‍ യു.ഡി.എഫിന് നഷ്ടമായത് 27 സിറ്റിങ് സീറ്റുകളാണ്. സംസ്ഥാനത്ത് കാസര്‍കോട്, ഇടുക്കി, കോട്ടയം ജില്ലകളില്‍ മാത്രമാണ് ഇരുമുന്നണികള്‍ക്കും സീറ്റ് പിടിച്ചെടുക്കല്‍ അങ്കം നടക്കാതെ പോയത്. ഇവിടങ്ങളില്‍ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്താന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് കഴിഞ്ഞു. കണ്ണൂരിലും പാലക്കാടും ആലപ്പുഴയിലും പത്തനംതിട്ടയിലും ഓരോ സീറ്റ് വീതമാണ് ഇടതുമുന്നണി പിടിച്ചെടുത്തതെങ്കില്‍ കോഴിക്കോട്, വയനാട്, മലപ്പുറം, കൊല്ലം ജില്ലകളില്‍ രണ്ട് വീതം സീറ്റുകള്‍ പിടിച്ചെടുത്തു. യു.ഡി.എഫിന് കനത്ത നഷ്ടം സംഭവിച്ചത് കൊല്ലം, തൃശൂര്‍ , എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ്.
തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കലയില്‍ വി.ജോയി സിറ്റിങ് എം.എല്‍.എ വര്‍ക്കല കഹാറിനെയും നെടുമങ്ങാട് സി. ദിവാകരന്‍ കോണ്‍ഗ്രസിലെ പാലോട് രവിയെയും കാട്ടക്കടയില്‍ സ്പീക്കര്‍ ശക്തനെ പരാജയപ്പെടുത്തി ഐ.ബി സതീശനും നെറ്റായ്യാറ്റിന്‍കരയില്‍ ആര്‍. ശെല്‍വരാജിനെ അടിയറവ് പറയിച്ച് കെ.അന്‍സലനും പാറശാലയില്‍ എ.ടി ജോര്‍ജിനെ തോല്‍പിച്ച് സി.കെ ഹരീന്ദ്രനാഥും വിജയം കൊയ്തപ്പോള്‍ കഴക്കൂട്ടത്ത് കോണ്‍ഗ്രസിന്റെ സിറ്റിങ് എം.എല്‍.എ എം.എ വാഹിദിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളികൊണ്ട് ബി.ജെ.പിയിലെ വി. മുരളീധരനെ 7347 വോട്ടിന് പരാജയപ്പെടുത്തിയാണ് സി.പി.എമ്മിലെ കടകംപള്ളി സുരേന്ദ്രന്‍ മണ്ഡലം തിരികെ പിടിച്ചത്.
തൃശൂര്‍ ജില്ലയില്‍ മണലൂരില്‍ മുരളി പെരുന്നോലി ഡി.സി.സി പ്രസിഡന്റ് ഒ.അബ്ദുറഹ്മാന്‍കുട്ടിയെയും ഒല്ലൂരില്‍ സിറ്റിങ് എം.എല്‍.എ എം.പി വിന്‍സന്റിനെ സി.പി.ഐയിലെ കെ. രാജനും തൃശൂരില്‍ പത്മജാവേണുഗോപാലിനെ തോല്‍പിച്ചുകൊണ്ട് സി.പി.ഐയിലെ വി.എസ് സുനില്‍കുമാറും സീറ്റുകള്‍ തിരിച്ചുപിടിച്ചപ്പോള്‍ ഇരിങ്ങാലക്കുടയില്‍ ചീഫ് വിപ്പ് തോമസ് ഉണ്ണ്യാടന് സി.പി.എമ്മിലെ അരുണനുമുന്നില്‍ മണ്ഡലം വിട്ടുനല്‍കേണ്ടിവന്നു.
കൊടുങ്ങല്ലൂരില്‍ സിറ്റിങ് എം.എല്‍.എ ടി.എന്‍ പ്രതാപന് പകരം അങ്കത്തിനിറങ്ങിയ കെ.പി ധനപാലന് സി.പി.ഐയുടെ വി.ആര്‍ സുനില്‍കുമാറിനോട് പോരാടി സീറ്റ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.
എറണാകുളം ജില്ലയില്‍ യു.ഡി.എഫ് പ്രമുഖരെ അടിയറവ് പറയിപ്പിച്ചാണ് ഇടതുമുന്നണി നാല് സീറ്റ് പിടിച്ചെടുത്തത്. തൃപ്പൂണിത്തുറയില്‍ മന്ത്രി കെ. ബാബുവിനെ സി.പി.എമ്മിലെ എം. സ്വരാജും കൊച്ചിയില്‍ മുന്‍ മന്ത്രി ഡൊമനിക് പ്രസന്റേഷനെ സി.പി.എമ്മിലെ കെ.ജെ മാക്‌സിയും കോതമംഗലത്ത് മുന്‍ മന്ത്രി കേരള കോണ്‍ഗ്രസ് എമ്മിലെ ടി.യു കുരുവിളയെ സി.പി.എമ്മില ആന്റണി ജോണും പരാജയപ്പെടുത്തിയപ്പോള്‍ മൂവാറ്റുപുഴയില്‍ സിറ്റിങ് എം.എല്‍.എ കോണ്‍ഗ്രസിലെ ജോസഫ് വാഴക്കനെ സി.പി.ഐയിലെ എല്‍ദോ എബ്രാഹാം അടിയറവ് പറയിച്ച് സീറ്റ് തിരികെ പിടിച്ചു.
കൊല്ലം ജില്ലയില്‍ ആര്‍.എസ്.പിയിലെ മന്ത്രി ഷിബുബേബി ജോണില്‍ നിന്നും സംസ്ഥാന സെക്രട്ടറി എ.എ അസീസില്‍ നിന്നുമാണ് ഇടതുമുന്നണിയിലെ എന്‍.വിജയന്‍പിള്ളയും നൗഷാദും സീറ്റ് വീണ്ടെടുത്തത്.
മലപ്പുറത്ത് നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ അട്ടിമറിച്ച് ഇടതുസ്വതന്ത്രന്‍ പി.വി അന്‍വറും താനൂരില്‍ ലീഗിലെ അബ്ദുറഹ്മാന്‍ രണ്ടത്താണിയില്‍ നിന്ന് വി. അബ്ദുല്‍ റഹ്മാനും മണ്ഡലം ചുവപ്പിച്ചു. കോഴിക്കോട് ജില്ലയില്‍ മുസ്‌ലിം ലീഗിന്റെ സിറ്റിങ് സീറ്റുകളായ തിരുവമ്പാടിയും കൊടുവള്ളിയും ജോര്‍ജ് എം.തോമസിലൂടെയും സ്വതന്ത്രന്‍ കാരാട് റസാഖിലൂടെയും ആധിപത്യം നേടാന്‍ ഇടതുമുന്നണിക്കായി.
കണ്ണൂരില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിയിലൂടെയും പാലക്കാട് കെ.കൃഷ്ണന്‍കുട്ടിയിലൂടെയും ചെങ്ങന്നൂരില്‍ കെ.കെ രാമചന്ദ്രന്‍ നായരിലുടെയും ആറന്മുളയില്‍ പത്രപ്രവര്‍ത്തക വീണാജോര്‍ജിലൂടെയുമാണ് സിറ്റിങ് എം.എല്‍.എ മാരെ തറപറ്റിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."