കഞ്ചാവ് വില്‍പന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍
വെള്ളറട: സ്‌കൂള്‍-കോളജ് പരിസരങ്ങളിലുള്‍പ്പടെ കഞ്ചാവ് വില്‍പന നടത്തിവന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍.
പരുത്തിപ്പാറ സ്വദേശിയും വെണ്‍പാലവട്ടം കല്ല്യാണി കൃഷ്ണയില്‍ താമസക്കാരനുമായ സുബിന്‍രാജ് (44), ഇയാളുടെ ഭാര്യാപിതാവ് രാജേന്ദ്രന്‍ (63 ) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് ചെറുതുംവലുതുമായ പൊതികളില്‍ സൂക്ഷിച്ചിരുന്ന രണ്ടുകിലോ തൂക്കം വരുന്ന കഞ്ചാവും മൊബൈല്‍ഫോണുകളും സംഘം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പിടിച്ചെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കീഴാറൂരില്‍ നിന്നും ആര്യങ്കോട് എസ്.ഐ.അരുണും സംഘവുമാണ് പ്രതികളെ പിടികൂടിയത്. വെള്ളറട, ചെമ്പൂര്, കാട്ടാക്കട, വാഴിച്ചല്‍, ഒറ്റശേഖരമംഗലം, അമ്പൂരി, കാരക്കോണം തുടങ്ങിയസ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു താവളമടിക്കുന്ന സംഘം മൊബൈലില്‍ ബന്ധപ്പെട്ട് ആവശ്യക്കാരെ പറയുന്നിടത്ത് വിളിച്ചുവരുത്തും. ഇതിനു ബൈക്കുള്‍പടെയുള്ള വാഹനങ്ങള്‍ ഇവര്‍തന്നെ തരപ്പെടുത്തിനല്‍കും. തുടര്‍ന്ന് ഓട്ടോയില്‍ കയറ്റി സഞ്ചരിക്കുന്നതിനിടയില്‍ ആണ് ഇടപാടുകള്‍ നടത്തുക. കമ്പം, തേനി, രജാക്കാട്, ഇടുക്കി എന്നിടങ്ങളില്‍ നിന്നാണ് കഞ്ചാവുകള്‍ പ്രധാനമായും എത്തിക്കുന്നത്.
ഇവ രഹസ്യ കേന്ദ്രങ്ങളില്‍ എത്തിച്ച ശേഷം പലവലുപ്പത്തിലെ പൊതികളാക്കിമാറ്റും. 100 രൂപ മുതല്‍ 10000 രൂപവരെയുള്ള തുകയ്ക്കാണ് പൊതികളുടെ പിന്നീടുള്ള വില്‍പന. കവടിയാര്‍ എക്‌സൈസിനു പുറമെ ജില്ലയിലെ വിവിധ പൊലിസ്് സ്റ്റേഷനുകളില്‍ സുബിന്‍രാജിനെതിരേ നിരവധി കേസുകള്‍ നിലവിലുണ്ട്. ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. നഗരസഭയില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന രാജേന്ദ്രന്‍ അടുത്തിടെയാണ് പെന്‍ഷനായത് .
സിവില്‍ പൊലിസുകാരായ ജിജു, സജി മോഹന്‍, ഷാഡോ സംഘത്തിലെ പ്രവീണ്‍ ആനന്ദ്, അജിത്ത് തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്. ഇവരെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."