പഞ്ചാബില്‍ ആക്രമണം നടത്താന്‍ ഐ.എസ്.ഐ പദ്ധതിയിട്ടു: ഖലിസ്താന്‍ നേതാവ്
ചണ്ഡീഗഡ്: ഖലിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ടുമായി ചേര്‍ന്ന് പഞ്ചാബില്‍ ആക്രമണം നടത്താന്‍ പാക് ചാര സംഘടനയായ ഐ.എസ്.ഐ പദ്ധതിയിട്ടിരുന്നതായി നാഭ ജയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിയിലായ ഹര്‍മിന്ദര്‍ സിങ് മിന്റു.
പൊലിസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ ഇക്കാര്യം അറിയിച്ചത്. ജയില്‍ ചാട്ടത്തിന് മുന്‍പ് പാകിസ്താനിലെ ചിലരുമായി സ്‌കൈപ് വഴി സംസാരിച്ചിരുന്നുവെന്നും ഹര്‍മിന്ദര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഖലിസ്ഥാന്‍ നേതാവായ ഹര്‍മിന്ദര്‍ ജയില്‍ ചാടിയത് പാകിസ്താനിലേക്ക് രക്ഷപ്പെടാനായിരുന്നുവെന്നും അവിടെ ഐ.എസ്.ഐയുടെ സംരക്ഷണയില്‍ ലാഹോറിലെ ദേരാ ചാല്‍ ഗ്രാമത്തില്‍ താമസിക്കാനായിരുന്നു പദ്ധതിയെന്നും ഇയാള്‍ അറിയിച്ചതായി പൊലിസ് പറഞ്ഞു. കൊളംബിയ, ലാവോസ്, മ്യാന്‍മര്‍, തായ്‌ലാന്റ് എന്നിവടങ്ങളിലെല്ലാം ഹര്‍മിന്ദറിന് വേരുകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ജയിലില്‍ നിന്നും രക്ഷപ്പെടുത്തി പാകിസ്താനില്‍ എത്തിച്ച ശേഷം ഈ രാജ്യങ്ങളില്‍കൂടി ഭീകര പ്രവര്‍ത്തനം നടത്താനായിരുന്നു ഐ.എസ്.ഐയുടെ പദ്ധതിയെന്നും ഇയാളുടെ മൊഴിയില്‍ നിന്നും വ്യക്തമായിട്ടുണ്ട്.
ഖലിസ്ഥാന്‍ വാദത്തോട് ഐക്യപ്പെടുന്ന ജര്‍മനിയിലുള്ളവര്‍ ഹര്‍മിന്ദറിന് വെസ്റ്റേണ്‍ യൂനിയന്‍ വഴി പണം എത്തിച്ചുകൊടുത്തിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഹര്‍മിന്ദര്‍ ജയില്‍ ചാടിയ ദിവസം ഇയാളുടെ പേരില്‍ ബാങ്കില്‍ പണം നിക്ഷേപിച്ച ഒരു ബേക്കറി ഉടമയെ പഞ്ചാബ് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 27ന് ജയില്‍ ചാടിയ ഹര്‍മിന്ദറിന് പക്ഷെ പണം പിന്‍വലിക്കാന്‍ സാധിച്ചിരുന്നില്ല.
ഹവാല ഇടപാടിലൂടെ ഇംഗ്ലണ്ടില്‍ നിന്നും ഹര്‍മിന്ദറിന് പണം എത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച അന്വേഷണത്തില്‍ ഖലിസ്ഥാന്‍ വാദിയായ സന്ദീപ് എന്നയാളാണ് പണം അയച്ചെതന്നും പൊലിസ് പറയുന്നു.
ജയില്‍ ചാട്ടത്തിന്റെ സൂത്രധാരന്‍ ഹര്‍മിന്ദര്‍ സിങ് മിന്റുവായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
1989ല്‍ ഗോവയിലേക്ക് താമസം മാറിയ മിന്റു വീട്ടുകാരുമായി സംസാരിച്ചിരുന്നു. ഇതേതുടര്‍ന്ന് പൊലിസ് ഹര്‍മിന്ദറിന്റെ ഭാര്യയെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."