സമഗ്ര വന്ധ്യംകരണ പദ്ധതിയുമായി കുടുംബശ്രീ
കല്‍പ്പറ്റ: രൂക്ഷമായ തെരുവുനായ ശല്യം പരിഹരിക്കുന്നതിന് കുടുംബശ്രീ ഇടപെടുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സമഗ്രമായ തെരുവുനായ വന്ധ്യംകരണ പരിപാടിയാണ് കുടുംബശ്രീ സംഘടിപ്പിക്കുന്നത്. എ.ബി.സി.ഡി(ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ഡെസിഗ്നേറ്റഡ്) മാനേജ്‌മെന്റ് യൂനിറ്റ് എന്ന പേരില്‍ അഞ്ചുപേരടങ്ങുന്ന ബ്ലോക്ക്‌നഗരസഭ തല യൂനിറ്റുകള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, മൃഗ സംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പരമ്പരാഗത രീതിയില്‍ നിന്ന് വ്യതിചലിച്ച് സുരക്ഷിതമായ മാര്‍ഗ്ഗങ്ങളിലൂടെയാണ് വന്ധ്യംകരണ പരിപാടി നടപ്പാക്കുക. ബലവത്തായ ഇരുമ്പു കൂടുകള്‍ തെരുവുനായ്ക്കള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ സ്ഥാപിക്കുകയും ഇതിലേക്ക് ഇവയെ ആകര്‍ഷിച്ച് പിടിക്കുകയും ചെയ്യുന്ന രീതിയാണ് കുടുംബശ്രീ നടപ്പാക്കുക. തുടര്‍ന്ന് ഇവയെ വാഹനത്തില്‍ കയറ്റി വെറ്ററിനറി സര്‍ജന്റെ മേല്‍ നോട്ടത്തില്‍ വന്ധ്യംകരണം നടത്തുകയും തിരിച്ച് അതെ സ്ഥലത്ത് മോചിപ്പിക്കുകയും ചെയ്യും. ഒരു തെരുവുനായയെ വന്ധ്യംകരിക്കുന്നതിന് 1000 രൂപ കുടുംബശ്രീ അംഗങ്ങള്‍ക്ക് പ്രതിഫലമായി ലഭിക്കും. കൂടാതെ ഇവയെ ശസ്ത്രക്രിയക്ക് കൊണ്ടുപോകുന്നതിനും തിരിച്ചു വിടുന്നതിനുമുള്ള വാഹന വാടകയും ലഭിക്കും. ഈ തുക ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും ഫണ്ടില്‍ നിന്നും അതാത് യൂണിറ്റുകള്‍ക്ക് ലഭിക്കും. മാതൃകാടിസ്ഥാനത്തില്‍ എറണാകുളം ജില്ലയില്‍ ആരംഭിച്ച പദ്ധതി വിജയകരമായതിനെ തുടര്‍ന്ന് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്നതിനും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും തദ്ദേശ ഭരണ അധ്യക്ഷന്മാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, മെമ്പര്‍ സെക്രട്ടറി തുടങ്ങിയവര്‍ക്ക് ബോധവല്‍കരണം നല്‍കും. ഇന്ന് രാവിലെ 10ന് കല്‍പ്പറ്റ എം.ജി.റ്റി ഹാള്‍, ഉച്ചക്ക് രണ്ടിന് സുല്‍ത്താന്‍ ബത്തേരി കമ്മ്യൂണിറ്റി ഹാള്‍, നാളെ രാവിലെ 10ന് പനമരം കമ്മ്യൂണിറ്റി ഹാള്‍, ഉച്ചക്ക് രണ്ടിന് മാനന്തവാടി വ്യാപാര ഭവന്‍ എന്നിവിടങ്ങളിലാണ് ബോധവല്‍കരണ പരിപാടികള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."