സംസ്ഥാനത്ത് റേഷന്‍ വിതരണം പൂര്‍ണമായി നിലച്ചു: ജോണി നെല്ലൂര്‍
മൂവാറ്റുപുഴ: സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സമ്പൂര്‍ണമായി റേഷന്‍ വിതരണം നിലച്ചിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണിനെല്ലൂര്‍. ഇന്നലെ അവസാനിച്ച നവംബര്‍ മാസത്തെ റേഷന്‍ വിതരണം ചെയ്യുന്നതിനാവശ്യമായ അരിയും ഗോതമ്പും സംസ്ഥാനത്തെ ഒരു റേഷന്‍ കടകളിലും എത്തിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ഫുഡ് കോര്‍പ്പറേഷന്‍ ഗോഡൗണുകളില്‍ നിന്നും ഭക്ഷ്യസാധനങ്ങള്‍ എടുക്കുന്നതില്‍ പോലും സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു.
മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുവാന്‍ അര്‍ഹതയുണ്ടെന്നു കാണിച്ച് 16 ലക്ഷത്തോളം പേര്‍ സംസ്ഥാനത്ത് ആക്ഷേപം നല്‍കിയിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല. അന്ത്യോദയ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും റേഷന്‍ നല്‍കുവാന്‍ സാധിച്ചിട്ടില്ല. പൊതു മാര്‍ക്കറ്റില്‍ അരിയുടെ വില കിലോയ്ക്ക് എട്ട് രൂപ വരെ ഉയര്‍ന്നിരിക്കുന്നു. നോട്ടിന്റെ നിരോധനം മൂലം പ്രതിസന്ധിയിലായ ജനങ്ങള്‍ ജീവിതം ദുഃസ്സഹമായ സാഹചര്യത്തില്‍ ആത്മഹത്യക്കു പോലും തയ്യാറാകുന്ന ഗുരുതരമായ സാഹചര്യമാണുള്ളത്. സംസ്ഥാനത്തെ പൊതുവിതരണം അട്ടിമറിച്ച ഇടതു സര്‍ക്കാരിന് ഭരണത്തില്‍ തുടരുവാനുള്ള ധാര്‍മികമായ അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. ബഹുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."