സ്‌നേഹഭവന്റെ മറവില്‍ സ്വകാര്യ വ്യക്തി കോടികള്‍ തട്ടുന്നതായി പരാതി
ആലപ്പുഴ: അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌നേഹ ഭവന്‍ ശരണാലയത്തിന്റെ പേരില്‍ സ്വകാര്യ വ്യക്തി കോടികള്‍ തട്ടുന്നതായി പരാതി. ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തില്‍ സ്‌നേഹ ഭവന്‍ എന്ന പേരില്‍ നടത്തുന്ന അഗതി മന്ദിരത്തിലാണ് തട്ടിപ്പ് അരങ്ങേറുന്നത്. മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും നിരാശ്രയരായ സ്ത്രീകള്‍ക്കും വിധവകള്‍ക്കും അഭയം നല്‍കാനായി പ്രവാസി ദമ്പതികള്‍ സൗജന്യമായി നല്‍കിയ കെട്ടിടത്തിലാണ് തട്ടിപ്പ് അരങ്ങേറുന്നത്. സ്ഥാപനത്തില്‍ നടക്കുന്ന മനുഷ്യാവകാശം ലംഘനവും തട്ടിപ്പും മനസിലാക്കിയ പ്രദേശവാസികള്‍ സ്ഥലവും കെട്ടിടവും വിട്ടുക്കൊടുത്ത പ്രവാസികളായ ദമ്പതികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
മല്ലപളളിയില്‍ പ്രവര്‍ത്തിക്കുന്ന ശാലോം കാരുണ്യ ട്രസ്റ്റിനാണ് പത്തനംതിട്ട ജില്ലയിലെ കീഴ്‌വായ്പൂരില്‍ കാവുങ്കല്‍ വീട്ടില്‍ ജോസഫ് കെ വര്‍ഗീസും ആനി കെ ജോസഫും ചേര്‍ന്ന് 45 സെന്റ് സ്ഥലവും കെട്ടിടവും വിട്ടുക്കൊടുത്തത്. ഈ സ്ഥലവും കെട്ടിടവുമാണ് കാരുണ്യ ട്രസ്റ്റ് സ്‌നേഹ ഭവന്‍ നടത്തുന്നതിനായി സ്വകാര്യ വ്യക്തിക്ക് ഒറ്റിക്ക് നകിയത്. 45 സെന്റ് ഭൂമിയില്‍ സാമൂഹ്യനീതി വകുപ്പിന്റെ ചട്ടപ്രകാരം 35 പേരെയാണ് താമസിപ്പിക്കാന്‍ അനുവദിക്കുന്നത്. എന്നാല്‍ 260 അന്തേവാസികളാണ് ഇവിടെ കഴിയുന്നത്.
ഇവരെ പരിപാലിക്കുന്നതിന് 2014 മുതല്‍ സര്‍ക്കാരില്‍നിന്നും സഹായവും ലഭിക്കുന്നുണ്ട്. ഉന്നതരുടെ ഒത്താശയോടെ അനുവാദമില്ലാതെ ഇരുനില കെട്ടിടം പണിയുകയും ആശ്രിതരെ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തിട്ടു. ഈ കെട്ടിടം പണിയാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത്് നല്‍കിയ വിവരാവകാശ രേഖയില്‍ പറയുന്നുണ്ട്. അഗതി മന്ദിരത്തില്‍ കഴിയുന്ന അന്തേവാസികള്‍ക്ക് ശരിയായ പരിചണം നല്‍കാതെ ഇവരെ ചൂഷണം ചെയ്യുന്ന പ്രവര്‍ത്തികളാണ് ഇപ്പോള്‍ സ്ഥാപനത്തില്‍ നടന്നുവരുന്നതെന്ന് വസ്തു ഉടമയായ ആനി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്ത്രീ ജനങ്ങളെ പീഡിപ്പിക്കലും അവയവ വില്‍പനയും, മനുഷ്യ കടത്തും ഈ സ്ഥാപനം വഴി നടക്കുന്നതായി തങ്ങള്‍ക്ക് വിവരം ലഭിച്ചതായും ആനി ജോസഫ് പറഞ്ഞു. വിദേശത്തുനിന്നും എത്തിയ ആനി ജോസഫ് ഭവനം സന്ദര്‍ശിച്ചപ്പോള്‍ ലൈംഗീക ചൂഷണത്തിന് ഇരയായ സ്ത്രീയെ കണ്ടെത്തിയിരുന്നു. മാനസിക വിഭ്രാന്തിയുളളവരെ പമ്പയാറില്‍ കുളിപ്പിക്കുന്ന സാഹചര്യവും കണ്ടെത്തിയിരുന്നു. രോഗികളായ സ്ത്രീകളെ പരിചരിക്കാന്‍ പുരുഷന്‍മാര്‍ മാത്രമാണ് ഇവിടെയുളളത്.സ്ഥാപനത്തിന്റെ നിജസ്ഥിതി പുറത്തുപറയുന്നവരെ ശാരീരികമായി പീഡിപ്പിക്കുന്ന പതിവും ഇവിടെയുണ്ട്. വസ്തു ഉടമയായ ആനി ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ നടത്തിപ്പുക്കാരനായ ജോണ്‍കുട്ടി തുരുത്തേല്‍ എന്ന ആള്‍ വധിഭീഷണി മുഴക്കിയതായും ആനി വ്യക്തമാക്കി. പീഡനത്തെ തുടര്‍ന്ന് സ്ഥാപനത്തില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ പിന്തുടര്‍ന്ന് പിടിച്ച് സെല്ലില്‍ പാര്‍പ്പിച്ചിരിക്കുന്ന കാഴ്ച സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥ നേരിട്ട് കണ്ടിട്ടും നടപടിയെടുത്തില്ല. ഈ ഉദ്യോഗസ്ഥയെയും നടത്തിപ്പുക്കാരന്‍ വിരട്ടിയെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞതെന്നും ആനി പറഞ്ഞു. സ്ഥാപനത്തിന്റെ നടത്തിപ്പില്‍ അതൃപ്തി തോന്നിയ പ്രവാസി ദമ്പതികള്‍ നിരവധി പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ തലത്തിലോ പോലീസോ സാമൂഹ്യ നീതി വകുപ്പോ നടപടി സ്വീകരിച്ചിട്ടില്ലെന്നും ദമ്പതികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."