ട്രഷറിയിലെത്തിയത് 9.5 കോടി
കണ്ണൂര്‍: ഇന്നലെ ജില്ലയിലെ ട്രഷറികളിലെത്തിയത് 9.5 കോടി രൂപ. ഇതുപയോഗിച്ച് ശമ്പളവും പെന്‍ഷനും ഭാഗികമായി വിതരണം ചെയ്തു. ടോക്കണ്‍ നല്‍കിയും പണത്തിനു പരിധി വച്ചുമാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്തത്. എന്നാല്‍ ധനമന്ത്രി തോമസ് ഐസകിന്റെ നിര്‍ദേശമെത്തിയതോടെ പിന്‍വലിക്കാവുന്ന 24,000 രൂപ തന്നെ ട്രഷറികളില്‍ വിതരണം ചെയ്തു. അതിരാവിലെ ഉണ്ടായ തിരക്ക് ഉച്ചകഴിഞ്ഞതോടെ കുറഞ്ഞു. കണ്ണൂര്‍ സബ് ട്രഷറി, ആലക്കോട്, കൊളച്ചേരി, പേരാവൂര്‍, പാനൂര്‍, ശ്രീകണ്ഠപുരം ട്രഷറികളില്‍ ഇന്നലെ ലഭിച്ച പണം ഇടപാടുകാര്‍ക്ക് തികഞ്ഞില്ല. ഇവിടങ്ങളില്‍ ടോക്കണ്‍ നല്‍കി ഇടപാടുകാരെ വിട്ടു. ജില്ലാ ട്രഷറി, പയ്യന്നൂര്‍, മട്ടന്നൂര്‍, തളിപ്പറമ്പ്, കല്ല്യാശേരി, ചെറുപുഴ, പാനൂര്‍, ഇരിട്ടി എന്നിവിടങ്ങളില്‍ ഇന്നലെയെത്തിയ പണം കൊണ്ട് ഇടപാടുകാരെ തൃപ്തിപ്പെടുത്താനായി. ഏറ്റവും കൂടുതല്‍ ഇടപാടുകാരുള്ള കണ്ണൂര്‍ ജില്ലാ ട്രഷറിയില്‍ രാവിലെ എസ്.ബി.ഐയില്‍ നിന്നു പണമെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ഒരു മണിക്കാണ് 1.6 കോടി രൂപ ജില്ലാ ട്രഷറിയിലെത്തിയത്. പണം വരുമെന്ന ഉറപ്പില്‍ ഇടപാടുകാര്‍ക്ക് നേരത്തെ ടോക്കണ്‍ നല്‍കിയിരുന്നു. ജില്ലയിലെ എല്ലാ ട്രഷറികളും ഇന്നലെ വൈകുന്നേരം ആറു വരെ പ്രവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."