ഫൈസല്‍ വധം: പ്രധാന പ്രതികളെ പിടികൂടിയില്ലെങ്കില്‍ പ്രക്ഷോഭം
മലപ്പുറം: മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞി പുല്ലാണി ഫൈസലിനെ വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതികളെ ഉടന്‍ പിടികൂടണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്കു നേതൃത്വം നല്‍കുമെന്നും ആക്ഷന്‍ കമ്മിറ്റി. കഴിഞ്ഞ നവംബര്‍ 19നാണ് കൊടിഞ്ഞി ഫാറൂഖ് നഗറില്‍വച്ചു ഫൈസല്‍ കൊല്ലപ്പെടുന്നത്. സംഭവം നടന്ന് 12 ദിവസമായെങ്കിലും കേസിലെ മുഖ്യപ്രതികളും സഹായികളും അറസ്റ്റിലായിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടുപേര്‍ മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്. ആസൂത്രിതമായി നടന്ന കൊലപാതകത്തിലെ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നിലെത്തിച്ചു മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കൊലപാതകത്തെ തുടര്‍ന്നു യാതൊരു അനിഷ്ട സംഭവങ്ങളും പ്രദേശത്തുണ്ടായിട്ടില്ല. മതസൗഹാര്‍ദാന്തരീക്ഷം കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി കൊടിഞ്ഞിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍വച്ചാണ് ഫൈസല്‍ വധത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്.
യാസര്‍ വധക്കേസിലെ പ്രതികളെ വെറുതെവിട്ട സംഭവത്തില്‍ ജനം ആശങ്കയിലാണെന്നും ഈ ഗതി ഫൈസല്‍ വധക്കേസില്‍ വരാതിരിക്കാന്‍ പൊലിസ് ജാഗ്രതപാലിക്കണമെന്നും ഭാരവാഹികളായ പി.കെ മുഹമ്മദ് കുട്ടി, കെ.പി ഹൈദ്രോസ് കോയ തങ്ങള്‍, പത്തൂര്‍ മൊയ്തീന്‍ ഹാജി, വി.ടി അബ്ദുല്‍ ഹമീദ് ഹാജി, പൂഴിക്കല്‍ സലീം, പനക്കല്‍ സിദ്ദീഖ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."