കൊല്ലം: നവകേരള മിഷന്റെ ഭാഗമായുള്ള ഹരിതകേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിന് മുന്നോടിയായി വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി. ഡിസംബര്‍ എട്ടിന് കുലശേഖരപുരം ഗ്രാമപഞ്ചായത്തിലാണ് ജില്ലാതല ഉദ്ഘാടനം. കരുനാഗപ്പള്ളി മെമ്പര്‍ നാരായണപിള്ള സ്മാരക ഹാളില്‍ ചേര്‍ന്ന ആലോചനാ യോഗം ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാനം ചെയ്തു.
ഹരിതകേരളം പദ്ധതി വിജയകരമായി നടപ്പാക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക സാധ്യതകള്‍ കണ്ടെത്തി പദ്ധതിയുടെ ഘടകങ്ങളായ ജലസ്രോതസുകളുടെ സംരക്ഷണം, പരിസരശുചിത്വം, മാലിന്യസംസ്‌ക്കരണം, കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ എന്നിവ നടപ്പിലാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
എന്‍. വിജയന്‍ പിള്ള എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ അധ്യക്ഷയായി.
ഡിസംബര്‍ എട്ടിന് തുടക്കം കുറിക്കുന്ന ഹരിത കേരള മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് യോഗത്തില്‍ വിശദമാക്കി. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ വാര്‍ഡ്തലത്തില്‍ ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ശുചീകരിച്ച് സൗന്ദര്യവത്ക്കരണം നടത്തും.
ഗാര്‍ഹിക പച്ചക്കറി കൃഷി പ്രചരിപ്പിക്കുന്നതിനും അടുക്കള മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുമുള്ള നടപടികള്‍ക്ക് ഇതിനോടനുബന്ധിച്ച് രൂപം നല്‍കിയിട്ടുണ്ട്.എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, എന്‍.കെ പ്രേമചന്ദ്രന്‍, ജില്ലാ കലക്ടര്‍ മിത്ര റ്റി, കെ സോമപ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ എന്നിവരാണ് സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരികള്‍. ഓച്ചിറ ബ്ലോക്ക് പഞ്ചാ പ്രസിഡന്റ് ഷെര്‍ളി ശ്രീകുമാര്‍ കണ്‍വീനാണ്.
യോഗത്തില്‍ ജില്ലാ കലക്ടര്‍ മിത്ര റ്റി, ഓച്ചിറ ബ്ലോക്ക് പഞ്ചാ പ്രസിഡന്റ് ഷെര്‍ളി ശ്രീകുമാര്‍, കരുനാഗപ്പള്ളി മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സക്കീന സലാം, മറ്റ് ജനപ്രതിനിധികള്‍, സബ് കലക്ടര്‍ ഡോ. എസ് ചിത്ര, അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മിഷണര്‍(ജനറല്‍) വി. സുദേശന്‍, ശുചിത്വമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ജി. കൃഷ്ണകുമാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, കര്‍ഷകസംഘടനാ പ്രതിനിധികള്‍, സ്‌കൂളുകളിലെ അധ്യാപക രക്ഷാകര്‍തൃ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."