നരേന്ദ്രമോദീ... ഇതെന്തൊരു ഗതികേട്
പെന്‍ഷന്‍ വാങ്ങാന്‍ എത്ര ടെന്‍ഷന്‍ സഹിക്കണം
പ്രായാധിക്യംകൊണ്ടും ദേഹാസ്വാസ്ഥ്യംകൊണ്ടും ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന പെന്‍ഷന്‍കാരുടെ ഏക ആശ്രയമാണ് ഒന്നാംതിയ്യതി ലഭിക്കുന്ന പെന്‍ഷന്‍ തുക. പെന്‍ഷന്‍കാരില്‍ കൂടുതലും 25,000 രൂപയ്ക്കു താഴെ പെന്‍ഷന്‍ വാങ്ങുന്നവരാണ്. ട്രഷറിയിലെത്തി മണിക്കൂറുകള്‍ ക്യൂ നിന്നിട്ടു ലഭിച്ചത് നാലിലൊന്നു മാത്രം.
അധ്വാനിച്ചതിന്റെ പ്രതിഫലം ഇരന്നു വാങ്ങേണ്ട അവസ്ഥയാണിപ്പോള്‍. വയോജന സംരക്ഷണനിയമം സര്‍ക്കാര്‍ ഇതുവഴി ലംഘിച്ചിരിക്കുകയാണ്. പെന്‍ഷന്‍ തുക ടെന്‍ഷിനില്ലാതെ വാങ്ങാനുളള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണം.
നാനാക്കല്‍ മുഹമ്മദ്,
മുസ്‌ലിയാരങ്ങാടി
റിട്ട.ജില്ലാ സാമൂഹ്യനീതി ഓഫീസര്‍.(സര്‍വ്വീസ് പെന്‍ഷനേഴ്‌സ് ലീഗ് സംസ്ഥാന പ്രസിഡണ്ട്).
നാട്ടിലെത്തിയത് ഗതികേടായി
മിനിയാന്ന് ഫെഡറല്‍ ബാങ്കിന്റെ ചെമ്മാട് ശാഖയില്‍ രാവിലെ എട്ടുമണിക്കുപോയി ക്യൂ നിന്നിട്ടാണു അകത്തു കയറാനുള്ള ടോക്കണ്‍ കിട്ടിയത്. അവിടെനിന്നു 4500 രൂപയേ കിട്ടിയുള്ളൂ. അത്യാവശ്യത്തിന് ഈ പണം തികയില്ലെങ്കിലും രാവിലെ ക്യൂ നില്‍ക്കുന്ന പ്രയാസമോര്‍ത്ത് ഇന്നലെ ബാങ്കില്‍ പോയില്ല. 2000 രൂപയെങ്കിലും പിന്‍വലിക്കാമെന്നു കരുതി നിരവധി എ.ടി.എമ്മുകളില്‍ പോയെങ്കിലും നിരാശയാണു ഫലം. നാട്ടിലെത്തിയിട്ടു ദിവസങ്ങളായെങ്കിലും അന്നുമുതല്‍ പണത്തിനായി നെട്ടോട്ടമോടേണ്ട ഗതികേടാണ് എനിക്ക്.
മുജീബ് തലപ്പാറ, പ്രവാസി
നിരോധനം നന്ന്, രീതി പാളി
നോട്ട് നിരോധനത്തിന്റെ ബുദ്ധിമുട്ടു ചെറുതല്ല. ആവശ്യങ്ങളൊന്നും നടക്കുന്നില്ല. വായ്പ്പാ തിരിച്ചടവും ചിട്ടിയടവും പ്രയാസപ്പെടുന്നു. സഹകരണബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പറ്റില്ലെന്ന് പറയുന്നത് ആശങ്കയാണ്. നിരോധനം നല്ലതുതന്നെ, പക്ഷെ അതിന്റെ രീതി ശരിയായില്ല.
ശൈലജ, അരുവിക്കര,
വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റ്
ഉദ്യോഗസ്ഥ
പ്രതീക്ഷിച്ച തിരക്കില്ല; ആശ്വാസം
'തിക്കും തിരക്കും ബഹളവും പ്രതീക്ഷിച്ചാണ് ട്രഷറിയിലെത്തിയത്. എന്നാല്‍ പ്രതീക്ഷിച്ചത്ര തിരക്കില്ല. അധികം കാത്തുനില്‍ക്കേണ്ടി വന്നില്ല, പെന്‍ഷന്‍ തുക കിട്ടി. സംഖ്യ കുറഞ്ഞിട്ടുമില്ല. 24000 രൂപ തന്നെയുണ്ട്. വേഗം വീട്ടിലെത്തണം. നാട്ടിലെ പലചരക്കു കടയിലെത്തി സാധനങ്ങള്‍ വാങ്ങണം.'
ടി.പി വിജയന്‍ മാസ്റ്റര്‍
(റിട്ട. എച്ച്.എം, കൊയിലാണ്ടി)
എന്തൊരു നിസ്സഹായത
വീട്ട് വാടക നല്‍കുവാനും ദൈനംദിന ആവശ്യങ്ങള്‍ സാധിക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. മാതാപിതാക്കളുടെ ചികിത്സാച്ചെലവുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്നോട്ടു പോകണമെങ്കില്‍ ശമ്പളം ലഭിക്കാതെ നിവര്‍ത്തിയില്ല.
എം.എസ്.രൂപേഷ്,
എല്‍.ഡി.ക്ലാര്‍ക്ക് കൊച്ചി
താലൂക്ക് ഓഫിസ്
കുട്ടികളുടെ വിദ്യാഭ്യാസവും ആശങ്കയില്‍
പലചരക്ക് കടയില്‍ എല്ലാ മാസവും ഒന്നാം തിയതി പണം കൊടുക്കേണ്ടതാണ്. അതു നല്‍കാന്‍ കഴിഞ്ഞിട്ടില്ല. പാല്‍,പത്രം എന്നിവയ്ക്കും കാശ് കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കുട്ടികളുടെ വിദ്യഭ്യാസകാര്യങ്ങള്‍ മുടങ്ങുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.
പ്രവിത അനീഷ്,
യു.ഡി.ക്ലാര്‍ക്ക്, കൊച്ചി താലൂക്ക് ഓഫിസ്
ഇതു ബോധപൂര്‍വമുള്ള ബുദ്ധിമുട്ടിക്കല്‍
പുതിയ സാമ്പത്തികനയം എന്റെ ചികിത്സ മുടക്കി. രണ്ടു ദിവസം ക്യൂ നിന്നിട്ടും ആശ്രിത പെന്‍ഷന്‍ നല്‍കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ പണം ഉപയോഗിച്ചാണ് ഓരോ മാസവും ഡോക്ടറെ കാണുന്നതും മരുന്നു വാങ്ങുന്നതും.
സാറാ മുഹമ്മദ്,
കൊടുങ്ങല്ലൂര്‍
ആമയ്ക്കു തേങ്ങ കിട്ടിയപോലെ
വെള്ളമോ ഭക്ഷണമോപോലുമില്ലാതെയാണു ഞാനടക്കമുള്ള എല്ലാവരും അവിടെ അധ്വാനിച്ച പണത്തിനായി കാത്തിരുന്നത്. പുലര്‍ച്ചെ മൂന്നു മണിക്കുവന്നു വരിനിന്നവര്‍പോലുമുണ്ട്. പ്രായത്തിന്റെ ആധിക്യംമൂലം പലരും തളര്‍ന്നു നിലത്തിരിക്കുന്നതു ഞാന്‍ കണ്ടതാണ്. ഇത്തിരി വെള്ളം കുടിക്കാന്‍പോലും വരിയില്‍നിന്നു മാറിനാകില്ല. മാറിയാല്‍ വീണ്ടും വരി നില്‍ക്കേണ്ട അവസ്ഥ.
ഇന്നും അതിരാവിലെ വീട്ടില്‍ നിന്നിറങ്ങിയതാണ്. പണം കിട്ടി. പക്ഷേ ചില്ലറയില്ല. അഞ്ഞൂറെങ്കിലും തരാന്‍ പറഞ്ഞിട്ടും കാര്യമുണ്ടായില്ല. ഇതുകൊണ്ട് ഞാന്‍ എന്തുചെയ്യാനാണ്. ആവശ്യസാധനങ്ങള്‍ വാങ്ങാന്‍പോലും കഴിയില്ല. ആമയ്ക്ക് തേങ്ങ കിട്ടിയ പോലെയാണു കാര്യം
ചന്ദ്രശേഖരന്‍, വേങ്ങേരി
(റിട്ട. റവന്യൂവകുപ്പ് ഓഫീസര്‍)
ഞങ്ങളെന്തു പിഴച്ചു
ജില്ലാട്രഷറിയില്‍നിന്നു പെന്‍ഷന്‍ പണം കിട്ടാത്തതുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ഓടുകയാണ്. സര്‍ക്കാരിന്റെ സൗജന്യമാണെങ്കില്‍ സാരമില്ല. വര്‍ഷങ്ങളോളം അധ്വാനിച്ച പണത്തിനു പിന്നെയും പാടുപെടേണ്ട അവസ്ഥ സങ്കടകരമാണ്. ജനങ്ങളെ വല്ലാതെ വലക്കുന്ന നടപടിയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതില്‍നിന്നു സാധാരണക്കാരെ ഒഴിവാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു
കസ്തൂരി, കോട്ടൂളി ( റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ)
ഭക്ഷണം ഒരുനേരമാക്കേണ്ടി വന്നു
കൈയില്‍ പണമില്ലാത്തതിനാല്‍ മൂന്നുനേരത്തെ ആഹാരം ഒരു നേരമാക്കേണ്ടി വന്നു ഞങ്ങള്‍ക്ക്. ഇനി എന്തുചെയ്യണമെന്നറിയില്ല. രണ്ടാഴ്ചയിലേറെയായി പണിയില്ല. മുറിക്കുള്ളില്‍ത്തന്നെ കഴിയുകയാണ് എല്ലാവരും. നാട്ടിലെ കഷ്ടപ്പാടു കാരണമാണ് ഇവിടെയെത്തിയത്. നാട്ടിലായിരുന്നുവെങ്കില്‍ പട്ടിണികൂടാതെ കഴിയാമായിരുന്നു.
ടിക്കറ്റിനു മുടക്കാന്‍ പണം കൈയിലില്ലാത്തതിനാലാണ് ഇവിടെത്തന്നെ കഴിയുന്നത്. ആന്ധ്രയിലെ ചിറ്റൂര്‍, യു.പിയിലെ ലക്‌നോ, കൊല്‍ക്കത്ത എന്നിവിടങ്ങളിലുള്ള മുപ്പതോളംപേരാണ് ഈ വാടക കെട്ടിടത്തിലുള്ളത്. ഇനി എന്തു ചെയ്യണമെന്ന് ആര്‍ക്കുമറിയില്ല.
ബജേന്ദര്‍, നാദാപുരത്തെ ഇതരസംസ്ഥാന തൊഴിലാളി
ജനം തെരുവിലിറങ്ങേണ്ടിയിരിക്കുന്നു
ഇന്നു രാവിലെ മുതല്‍ എ.ടി.എമ്മുകളില്‍ അലയുകയാണ്. ആവശ്യത്തിനും അനാവശ്യത്തിനും സമരവും ഹര്‍ത്താലും നടത്തുന്നവര്‍ക്ക് ഇതിനൊന്നും പ്രതികരിക്കാനില്ലേ... ജനം നിരത്തിലിറങ്ങുകയാണു വേണ്ടത്.
അജിത പി, അധ്യാപിക,
ആലത്തിയൂര്‍
കുടുംബ ബജറ്റ് താളം തെറ്റും
സമസ്ത മേഖലയുടെയും നട്ടെല്ലൊടിക്കുന്ന നടപടിയായിപ്പോയി. 24,000 രൂപ മാത്രമേ പിന്‍വലിക്കാനാകൂയെന്നത് കുടുംബ ബഡ്ജറ്റിനെ ബാധിക്കും. രണ്ടുദിവസമായി പെന്‍ഷനുവേണ്ടി വന്നുപോകുന്നു.
രാമചന്ദ്രന്‍, കിളിമാനൂര്‍, റിട്ടയേഡ്
ഹൈസ്‌കൂളദ്ധ്യാപകന്‍
ക്യൂനില്‍ക്കാന്‍ കൂട്ട അവധിയെടുത്താലോ
കഴിഞ്ഞമാസത്തെ ശമ്പളം തന്നെ മുഴുവന്‍ മാറിയെടുക്കാനായിട്ടില്ല. അധ്യാപകരായ ഞങ്ങള്‍ക്ക് ശനിയാഴ്ചയേ ബാങ്കില്‍ ക്യൂനില്‍ക്കാന്‍ സമയം കിട്ടൂ. മൂന്നുശനിയാഴ്ച വരി നിന്നിട്ടും ടോക്കണ്‍ കിട്ടിയില്ല. അതിനാല്‍ കഴിഞ്ഞമാസത്തെ ശമ്പളം പിന്‍വലിക്കാനായില്ല.
സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും കോടതി ഉദ്യോഗസ്ഥരും ഓഫീസ് ജീവനക്കാരും അധ്യാപകരുമെല്ലാം കൂട്ടഅവധിയെടുത്തു ബാങ്കില്‍ വരിനിന്നാലത്തെ അവസ്ഥയെന്തായിരിക്കും. സ്ഥാപനമേധാവിക്കു ചെക്ക് കൈമാറുന്നതിനു സാഹചര്യമുണ്ടാക്കണം.
- കെ.അബ്ദുസലാം,
(അധ്യാപകന്‍. ജി.എം.എല്‍.പി.സ്‌കൂള്‍.ആനക്കയം,
മലപ്പുറം )
മരിക്കുന്നതിന് മുമ്പു പെന്‍ഷന്‍ കിട്ടുമോ
രാവിലെ മുതല്‍ ക്യൂ നിന്നതാണ്. കൗണ്ടറില്‍ എത്തിയപ്പോള്‍ പതിനായിരം രൂപയാണ് ആകെ ബാക്കിയുള്ളതെന്നും രണ്ടായിരം രൂപ തരാമെന്നുമാണു ട്രഷറി ജീവനക്കാര്‍ പറയുന്നത്. നോട്ട് നിരോധനപ്രശ്‌നം തീരുമ്പോള്‍ എന്നെപ്പോലുള്ളവര്‍ ജീവിച്ചിരിക്കുമോ.
ജോസഫ്, കുന്നംകുളം, പെന്‍ഷനര്‍
ബുദ്ധിമുട്ടിക്കുന്നതിനു പരിധിയില്ലേ
ഭര്‍ത്താവ് സ്‌കൂളിലെ പ്യൂണ്‍ ആയിരുന്നു. പെന്‍ഷന്‍ മാത്രമാണു ഞങ്ങള്‍ക്കുള്ള ഏക ആശ്രയം. അതു വാങ്ങാന്‍ ഇപ്പോള്‍ നൂറുതവണ നടക്കേണ്ട അവസ്ഥയാണ്. ഇന്നലെ വൈകുന്നേരംവരെ അദ്ദേഹം ക്ഷീണംമറന്നു കാത്തു നിന്നു. എന്നിട്ടും കിട്ടിയില്ല. ഇന്ന് എന്നെയും കൂട്ടി രാവിലെത്തന്നെ എത്തി. പക്ഷേ ജില്ലാട്രഷറിയിലെ പണം തീര്‍ന്നുപോയെന്നാണു പറയുന്നത്.
അതാണു മാനാഞ്ചിറയിലേയ്‌ക്കെത്തിയത്്. ഇവിടെയെത്തിയപ്പോള്‍ പാസ്ബുക്കില്‍ എന്തോ ചേര്‍ക്കാന്‍ വിട്ടുപോയെന്നു പറഞ്ഞു. അതിനായി അദ്ദേഹം വീണ്ടും ജില്ലാ ട്രഷറിയിലേയ്ക്കു പോയി. ആരോഗ്യമില്ലാത്തവരെ ഇങ്ങനെ വലക്കേണ്ട കാര്യമുണ്ടോ. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതിനും ഒരു പരിധിയില്ലേ.
പത്മിനി, കുരിക്കത്തൂര്‍
ആവശ്യത്തിന് പണം ഉറപ്പുവരുത്തണമായിരുന്നു
തിരക്കാണെന്നറിയുന്നതുകൊണ്ട് ഇന്നലെ വന്നില്ല. ഇന്നുരാവിലെ വരിനിന്നതുകൊണ്ട്്് ഉച്ചയ്ക്കു ് പെന്‍ഷന്‍ കിട്ടി. എനിക്കു കാര്യമായ സാമ്പത്തികപ്രശ്‌നമില്ല. പക്ഷേ എന്റെ ചുറ്റിലുമുള്ള പലര്‍ക്കും വലിയ ബുദ്ധിമുട്ടാണ് സര്‍ക്കാരിന്റെ ഈ നടപടി മൂലമുണ്ടായത്. ജനങ്ങളുടെ ആവശ്യത്തിന് നല്‍കാനുള്ള പണം ഒരുക്കി വെച്ചതിനു ശേഷം വേണമായിരുന്നു നോട്ടു നിരോധനം. ഇപ്പോള്‍ ഒന്നുമില്ലാത്ത അവസ്ഥയായി.
ഗംഗാധരന്‍, വെസ്റ്റ് ഹില്‍
(റിട്ട. റവന്യൂ ഉദ്യോഗസ്ഥന്‍)
സ്വന്തം പണത്തിന് തെണ്ടണോ
സ്വന്തം പണം ബാങ്കിലിട്ടു തെണ്ടിനടക്കേണ്ട ഗതികേടാണുള്ളത്. അവനവന്റെ പണത്തിനായി ബാങ്ക് ജീവനക്കാരുടെ ശകാരംവരെ കേള്‍ക്കേണ്ട അവസ്ഥയിലേയ്ക്കു കാര്യങ്ങള്‍ എത്തിയതു പരിതാപകരമാണ്.
ലത്തീഫ് ഐ.വി, ടി.വി കേബിള്‍ ഓപ്പറേറ്റര്‍, പരപ്പേരി,തിരൂര്‍.
മകന്റെ വിവാഹം എങ്ങനെ നടത്തും?
ബാങ്കില്‍നിന്നു വിരമിച്ചപ്പോള്‍ 56,000 രൂപയോളം നികുതി പിടിച്ചുകിട്ടിയ ബാക്കി കിട്ടിയ തുകയില്‍ 24,000 നുമേല്‍ എടുക്കാന്‍ സാധിക്കുന്നില്ല. ജനുവരി ഒന്നിനാണു മകന്റെ വിവാഹം. വസ്ത്രങ്ങള്‍, ഓഡിറ്റോറിയം, വാഹനം, വിരുന്നു സല്‍ക്കാരം എന്നിവയ്ക്കായി അഞ്ചുലക്ഷത്തോളം വേണം. പാന്‍നമ്പര്‍, ആധാര്‍നമ്പര്‍, കെ.വൈ.സി, ഇന്‍കംടാക്‌സ് ഇവ കാലാകാലങ്ങളില്‍ നല്‍കിയിട്ടും നരകിപ്പിക്കുകയാണ്.
നികുതി അടച്ചുകിട്ടിയ റിട്ടയര്‍മെന്റ് ആനുകൂല്യംപോലും പിന്‍വലിക്കാന്‍ അനുവദിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളപ്പണക്കാരുടെ കൂടെയാണ്. പണംകിട്ടാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിയ്ക്കു കത്തയച്ചു കാത്തിരിക്കുകയാണ്.
പി.കെ ജബ്ബാര്‍, എ.ഐ.ബി.ഇ.എ ഇടുക്കി
ജില്ലാ സെക്രട്ടറി
അവധിയെടുത്ത് ബാങ്കില്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥ
പണിയെടുത്തതിനു കിട്ടിയ പണം വാങ്ങാന്‍ അവധിയെടുത്ത് ബാങ്കില്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയിലാണ്. ശമ്പളം എടുക്കുന്നതിന് ഇന്നലെ ഉച്ചയ്ക്ക്ക്കുള്ള വിശ്രമസമയത്ത് ബാങ്കില്‍ പോയെങ്കിലും കിട്ടിയില്ല. ചെക്ക് മാറണമെങ്കില്‍ കെ.വൈ.സി ഫോം പൂരിപ്പിച്ചു നല്‍കണം. ഇതു നല്‍കാനെത്തിയവരുടെ തിരക്കും വളരെയധികമാണ്.
ലിലേഷ് എ.ജെ (ചീഫ് കാഷ്യര്‍, കൊച്ചി കോര്‍പറേഷന്‍)
ചില്ലറയ്ക്ക് എവിടെപ്പോകും
ട്രഷറി ഓഫീസില്‍ പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും തിരക്കുമൂലം പേരു വിളിക്കുന്നതു കേട്ടില്ലെങ്കിലോയെന്നു ഭയന്ന് ട്രഷറിയുടെ മുമ്പില്‍ത്തന്നെ ഒരു ഗ്ലാസ്സ് വെള്ളം പോലും കുടിക്കാന്‍ കഴിയാതെ കാത്തു നില്‍ക്കേണ്ടി വന്നു. ഒടുവില്‍ മൂന്നു മണിയോടെ രണ്ടായിരത്തിന്റെ പത്തു നോട്ടുകള്‍ കിട്ടിയപ്പോള്‍ പകച്ചുപോയി. ഇനി ചില്ലറയ്ക്ക് എവിടെപ്പോകും. തിരിച്ചു ബസ്സിനു കയറാന്‍ കഴിയാതെ പത്തു രൂപ തന്നു സഹായിച്ചത് മുന്‍കാല സഹപ്രവര്‍ത്തകനാണ്.
കെ.കെ.ദേവകി,
റിട്ട.അധ്യാപിക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."