പൂര്‍ത്തീകരിച്ചത് പെരുവയലും കായണ്ണയും മാത്രം
മാവൂര്‍: സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി മുഴുവന്‍ ഗുണഭോക്താക്കളുടെയും വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച സമയം നാലുതവണ നീട്ടിനല്‍കിയിട്ടും ജില്ലയില്‍ എന്‍ട്രി പൂര്‍ണമായും പൂര്‍ത്തീകരിച്ചത് പെരുവയല്‍, കായണ്ണ പഞ്ചായത്തുകള്‍ മാത്രം. 95 ശതമാനത്തില്‍ കൂടുതല്‍ ഏഴു പഞ്ചായത്തുകളും 90 ശതമാനത്തില്‍ കൂടുതല്‍ 23 ഗ്രാമപഞ്ചായത്തുകളും ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
നവംബര്‍ 30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ധനകാര്യ സെക്രട്ടറി പ്രവര്‍ത്തനം വിലയിരുത്തിയിരുന്നു. അന്ന് പെരുവയലും കായണ്ണയും മാത്രമാണ് പൂര്‍ത്തീകരിച്ചത്. നൂറുശതമാനം പൂര്‍ത്തീകരിച്ച രണ്ടു പഞ്ചായത്തുകളെ അഭിനന്ദനവും അറിയിച്ചു. ഒപ്പം ഡാറ്റാ എന്‍ട്രിയില്‍ വീഴ്ച വരുത്തിയ പഞ്ചായത്തുകളിലെ ജീവനക്കാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. രാത്രി സമയവും കൂടി ഉപയോഗപ്പെടുത്തി ഡിസംബര്‍ മൂന്നിനകം പൂര്‍ത്തീകരിക്കാനാണ് ഒടുവില്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇതിനു ശേഷവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ത്തീകരണത്തിലെത്തിയിട്ടില്ല.
ഏറെ സമയമെടുത്ത് ചെയ്യേണ്ടുന്ന പ്രവര്‍ത്തനം പരിമിതമായ സമയത്തിനകം പൂര്‍ത്തീകരിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം പ്രതിസന്ധിയുണ്ടാക്കിയെന്നാണ് ജീവനക്കാരുടെ പക്ഷം. കഴിഞ്ഞമാസം 11നാണ് ഇതു സംബന്ധിച്ച സര്‍ക്കാര്‍ ആദ്യം ഉത്തരവിറക്കിയത്. 25നകം പൂര്‍ത്തീകരിക്കാനായിരുന്നു നിര്‍ദേശം. അതിനിടെ ഗുണഭോക്താക്കളെ വിവരമറിയിച്ച് സത്യവാങ്മൂലം വാങ്ങി ഡാറ്റാ എന്‍ട്രി നടത്തണമെന്നും അറിയിപ്പ് വന്നു. ഇത് അപ്രായോഗികമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ആദ്യം നവംബര്‍ 28 വരെയും പിന്നീട് 30 വരെയും അവസാനമായി ഡിസംബര്‍ മൂന്നു വരെയും ദീര്‍ഘിപ്പിക്കുകയായിരുന്നു.
തുടക്കത്തില്‍ ആധാര്‍ നമ്പര്‍, വീട്ടു നമ്പര്‍, പുതിയ വാര്‍ഡ് നമ്പര്‍, വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ഏതു മാര്‍ഗത്തിലൂടെയാണ് പെന്‍ഷന്‍ സ്വീകരിക്കുന്നതെന്നും ബാങ്ക് അക്കൗണ്ട് നമ്പറും കൂടെ അറിയിക്കാന്‍ നിര്‍ദേശം വന്നു.
കുടുംബശ്രീ പ്രവര്‍ത്തകരെയും പഞ്ചായത്ത് ജീവനക്കാരെയും ഉപയോഗിച്ചാണ് ഈ പ്രവര്‍ത്തനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."