തീരാവേദനയ്ക്കു മേല്‍ ഒരു ചെറുപുഞ്ചിരി; നൗഷാദിന്റെ ഭാര്യയ്ക്ക് ഒടുവില്‍ സര്‍ക്കാര്‍ ജോലി
കോഴിക്കോട്: ഒരു വര്‍ഷത്തിനുശേഷം ഹംസക്കോയ മകളുടെ ചുണ്ടില്‍ ഒരു ചെറുചിരി കണ്ടു. അത് ആ പിതാവിനു തെല്ലൊന്നുമല്ല ആശ്വാസമായത്.
കഴിഞ്ഞ ഒരു വര്‍ഷമായി നൗഷാദിന്റെ ഓര്‍മയില്‍ ഉള്ളുരുകി കഴിയുകയായിരുന്ന സഫ്രീനയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കികൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് കണ്ടംകുളങ്ങര ചെറുവയലിലെ വീട്ടിലെത്തിയത്. ഒന്നിനും പരിഹാരമല്ലെങ്കിലും അല്‍പം ആശ്വാസത്തിനും ഓര്‍മകളില്‍ നിന്നുള്ള വിടുതലിനും ഈ ജോലി മകള്‍ക്ക് ഏറെ ആശ്വാസമാകുമെന്ന് ഹംസ പറഞ്ഞു.
കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനിറങ്ങി മരണപ്പെട്ട ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ ഭാര്യ സഫ്രീനയ്ക്ക് മുന്‍ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തുവെങ്കിലും ഒരു വര്‍ഷമായിട്ടും ലഭിച്ചിരുന്നില്ല. ഇക്കാര്യം വാര്‍ത്തയായതിനെ തുടര്‍ന്നാണ് റവന്യൂ വകുപ്പില്‍ ക്ലാര്‍ക്ക് തസ്തികയില്‍ ഇപ്പോള്‍ നിയമനം നല്‍കിയിരിക്കുന്നത്.
നഗരത്തിലെ ഓട്ടോ തൊഴിലാളിയായിരുന്ന നൗഷാദ് വീട്ടിലേക്ക് വരുന്ന വഴിയാണ് മാന്‍ഹോള്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനിറങ്ങിയത്. മറ്റെല്ലാവരും നോക്കി നില്‍ക്കേ ഇവരെ രക്ഷിക്കാനിറങ്ങി വിഷവാതകം ശ്വസിച്ച് രണ്ടു തൊഴിലാളികളും നൗഷാദും മരിക്കുകയായിരുന്നു. 2015 നവംബര്‍ 26 നായിരുന്നു ദാരുണയായ സംഭവം.
മരണ ശേഷം വീട്ടിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ജോലി വാഗ്ദാനം ചെയ്തത്.
ബികോം ബിരുദധാരിയായ സഫ്രീനയ്ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചു ജോലിയും നൗഷാദിന്റെ മാതാവിന് അഞ്ചു ലക്ഷം രൂപയുമായിരുന്നു യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രഖ്യാപനം. നഷ്ടപരിഹാര തുക ലഭിച്ചിരുന്നുവെങ്കിലും ജോലി ലഭിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."