കള്ളപ്പണം കണ്ടെടുക്കാനുള്ള നീക്കത്തില്‍ പഴുതുകളേറെ: ചിദംബരം
ന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മള്‍ട്ടിപ്പിള്‍ ഇന്‍കം ഡിക്ലറേഷന്‍ ഫോറം വഴി കൂടുതല്‍ തുക കണ്ടെടുക്കാനാകുമെന്ന പ്രതീക്ഷ അസ്ഥാനത്തെന്ന് മുന്‍കേന്ദ്ര ധനകാര്യ മന്ത്രി പി. ചിദംബരം. തുക കണ്ടെടുക്കാനായി എന്നതിലല്ല കൂടുതല്‍ ഒളിപ്പിക്കാന്‍ കഴിയുന്ന പഴുതുകള്‍ ഉണ്ടെന്നുള്ളതാണ് ഇതിലുള്ളതെന്ന ആരോപണവും അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്.
മോദി സര്‍ക്കാറിന്റെ ഇന്‍കം ഡിക്ലറേഷന്‍ പദ്ധതി പൂര്‍ണ പരാജയമാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഇതിന് വ്യക്തമായ മറുപടി പറയാന്‍ സര്‍ക്കാറിനാകുന്നില്ലെന്നും ചിദംബരം വ്യക്തമാക്കി. ഇതോടെ സാമ്പത്തിക രംഗത്ത് എന്‍.ഡി.എ സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കരണങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയാണ്.
കൂടുതല്‍ കള്ളപ്പണം പിടിച്ചെടുക്കാമെന്ന മോദിയുടെ പ്രതീക്ഷ ശരിയല്ലെന്നും ഇതിനായി സ്വീകരിച്ച നടപടിയില്‍ നിലനില്‍ക്കുന്ന പഴുതിന്റെ ഏറ്റവും വലിയ തെളിവാണ് ഗുജറാത്തിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ മഹേഷ് ഷായിലൂടെ വെളിപ്പെട്ടതെന്നും ചിദംബരം വ്യക്തമാക്കി. തന്റെ കൈയില്‍ 13,860 കോടി രൂപയുണ്ടെന്നാണ് ആദായ നികുതി വകുപ്പിനോട് മഹേഷ് ഷാ വെളിപ്പെടുത്തിയത്.
എന്നാല്‍ ഇത്രയും തുക ഇയാളുടെ കൈവശമില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. 13,860 കോടി രൂപയുടെ വെളിപ്പെടുത്തലുണ്ടാക്കിയപ്പോള്‍ അതിനേക്കാള്‍ കൂടുതല്‍ പണം വെളുപ്പിച്ചെടുക്കാന്‍ കഴിയുന്ന രീതിയിലുള്ള പഴുതുകളാണ് ഇതിലുടെ ഉണ്ടായതെന്നും ചിദംബരം ആരോപിച്ചു.
തന്റെ കൈയില്‍ 13,860 കോടി രൂപയുണ്ടെന്ന് വെളിപ്പെടുത്തിയ മഹേഷ് ഷാ തുടര്‍ന്ന് ഒളിവില്‍ പോവുകയും കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ഒരു ചാനല്‍ ചര്‍ച്ചക്കിടയില്‍ ആദായ നികുതി വകുപ്പ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ചോദ്യം ചെയ്തപ്പോള്‍ തന്റെ കൈവശമുള്ള പണം രാഷ്ട്രീയക്കാരുടേയും ബിസിനസുകാരുടെതുമാണെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്. കള്ളപ്പണം ആരുടേയെല്ലാം കൈയിലാണുള്ളതെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇവ പിടിച്ചെടുക്കുന്നതിനായി ഇനി എന്ത് നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനാകുമെന്നും ചിദംബരം ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."