ഉദ്ഘാടനം ആര് നിര്‍വഹിക്കണമെന്നത് സംബന്ധിച്ച് രാഷ്ട്രീയ തര്‍ക്കം: നിര്‍മാണം പൂര്‍ത്തിയായ അങ്കണവാടി കെട്ടിടം തുറന്നുകൊടുക്കാന്‍ നടപടിയായില്ല
കുറ്റ്യാടി: നിര്‍മാണം പൂര്‍ത്തിയായി ആറുമാസം പിന്നിട്ടിട്ടും തുറന്നുകൊടുക്കാന്‍ നടപടിയില്ലാതെ അങ്കണവാടി കെട്ടിടം നോക്കുകുത്തിയാവുന്നു. കുറ്റ്യാടി പഞ്ചായത്തിലെ പന്നിവയല്‍ അങ്കണവാടിക്കുവേണ്ടി നിര്‍മിച്ച കെട്ടിടമാണ് മുഴുവന്‍ പണിയും പൂര്‍ത്തിയായിട്ടും ഉദ്ഘാടനം ചെയ്യാതെ കിടക്കുന്നത്. ഉദ്ഘാടനം ആര് നിര്‍വഹിക്കണമെന്നത് സംബന്ധിച്ച രാഷ്ട്രീയ തര്‍ക്കമാണ് ഉദ്ഘാടനം വൈകുന്നതിന് ഇടയാക്കുന്നതെന്നാണ് സൂചന.
സ്ഥലം എം.എല്‍.എ കെട്ടിടം ഉദ്ഘാടനം ചെയ്യണമെന്ന് നാട്ടുകാരില്‍ ഒരുവിഭാഗവും പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്താല്‍ മതിയെന്ന് ഭരണസമിതിയും തീരുമാനമെടുത്തതോടെയാണ് കെട്ടിട ഉദ്ഘാടനം അനിശ്ചിതത്വത്തിലാക്കിയത്. ഇതിനിടെ രണ്ടുതവണ പഞ്ചായത്ത് ഉദ്ഘാടനത്തിന് തിയതി തീരുമാനിച്ചെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
മുന്‍മന്ത്രി എം.കെ മുനീറിന്റെ ശ്രമഫലമായി സംസ്ഥാന പ്ലാനിങ് ഫണ്ടില്‍നിന്നു ലഭിച്ച എട്ടുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് അങ്കണവാടിക്ക് കെട്ടിടം പണിതത്. കുടിവെള്ള ടാങ്ക്, ചുറ്റുമതില്‍, പെയ്ന്റിങ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ജോലികളും കഴിഞ്ഞ ജൂണ്‍ മാസത്തോടെ പൂര്‍ത്തിയായി. ഉദ്ഘാടനം അനിശ്ചിതമായി നീണ്ടുപോകുന്നത് ജീവനക്കാരെയും കുട്ടികളെയുമാണ് ഏറെ വലക്കുന്നത്. ഒഴിച്ചിട്ട വീട്ടുവരാന്തയില്‍ 700 രൂപ മാസവാടക കൊടുത്താണ് നിലവില്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്നത്.
ഒരുവര്‍ഷത്തോളമായി ജീവനക്കാരുടെ തുച്ഛമായ വേതനത്തില്‍ നിന്നാണ് വാടക നല്‍കുന്നത്. അങ്കണവാടിയില്‍ എത്തേണ്ട ഇരുപതിലേറെ കുട്ടികള്‍ പ്രദേശത്തുണ്ടെങ്കിലും അസൗകര്യം കാരണം ഇവിടേക്ക് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ തയാറാവുന്നില്ല.
അങ്കണവാടി വഴി വിതരണം ചെയ്യേണ്ട പോഷകാഹാര സാധനങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ പോലും കഴിയാതെ ഏറെ ബുദ്ധിമുട്ടുകയാണ് ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."