വനഭൂമി തിരിച്ചുപിടിക്കുന്നതില്‍ സര്‍ക്കാരിനു വിമുഖത
കല്‍പ്പറ്റ: രാഷ്ട്രീയ പാര്‍ട്ടികളുടേയും അവയുടെ നിയന്ത്രണത്തിലുള്ളതടക്കം സംഘടനകളുടെയും നേതാക്കളുടെ പ്രലോഭനങ്ങളില്‍പ്പെട്ട് ഭൂസമരത്തിനിറങ്ങി വനഭൂമി കൈയേറിയ ആദിവാസി കുടുംബങ്ങള്‍ ത്രിശങ്കുവില്‍. 'അവകാശം സ്ഥാപിച്ച' വനഭൂമി സ്വന്തമാകുമോ ഇല്ലയോ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കാന്‍ ഭരണകൂടത്തിനും രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തിനും കഴിയാത്തത് ആദിവാസി കുടുംബങ്ങളെ അസ്വസ്ഥമാക്കുകയാണ്.
1977 ജനുവരി ഒന്നിനു ശേഷമുള്ള വനം കൈയേറ്റങ്ങള്‍ ഒരുവര്‍ഷത്തിനകം ഒഴിപ്പിക്കണമെന്ന 2015 സെപ്തംബര്‍ നാലിലെ ഹൈക്കോടതി വിധി നടപ്പിലാക്കാന്‍ വനം-വന്യജീവി വകുപ്പ് നിര്‍ബന്ധിതമായാല്‍ കൈയേറിയ ഭൂമിയില്‍ ഇതിനകം ഒഴുക്കിയ വിയര്‍പ്പ് വെറുതെയാകുമെന്ന് കരുതുന്ന ആദിവാസികള്‍ നിരവധിയാണ്. 'അവകാശം സ്ഥാപിച്ച' ഭൂമിയില്‍ കാപ്പിയും കുരുമുളകും ഉള്‍പ്പെടെ ദീര്‍ഘകാല വിളകളും ആദിവാസികള്‍ ഇറക്കിയിട്ടുണ്ട്. 2012 മെയ്, ജൂണ്‍ മാസങ്ങളിലായാണ് ഏറ്റവും ഒടുവില്‍ ആദിവാസി ഭൂസമരത്തിന്റെ ഭാഗമായി ജില്ലയില്‍ വ്യാപകമായി വനം കൈയേറ്റം നടന്നത്. വടക്കേ വയനാട് വനം ഡിവിഷനിലെ മാനന്തവാടി, പേരിയ, ബേഗൂര്‍ ഫോറസ്റ്റ് റേഞ്ചുകളുടെ പരിധിയില്‍ മാത്രം ഭൂസമരത്തിന്റെ ഭാഗമായി ആദിവാസികള്‍ 332 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമി കൈയേറിയതായാണ് വനം വകുപ്പിന്റെ കണക്ക്. തെക്കേ വയനാട് വനം ഡിവിഷനിലെ ഇരുളം, ചീയമ്പം തുടങ്ങിയ സ്ഥലങ്ങളിലെ കൈയേറ്റങ്ങള്‍ പുറമേ ആദിവാസി ക്ഷേമ സമിതി(സി.പി.എം), ആദിവാസി മഹാസഭ(സി.പി.ഐ), ആദിവാസി കോണ്‍ഗ്രസ്(കോണ്‍ഗ്രസ്), ആദിവാസി സംഘം(ബി.ജെ.പി) എന്നിവയും സി.കെ ജാനു അധ്യക്ഷയായ ആദിവാസി ഗോത്രമഹാസഭയുമാണ് വനഭൂമി കൈയേറ്റത്തിന് നേതൃത്വം നല്‍കിയത്. മാനന്തവാടി, പേരിയ, ബേഗൂര്‍ ഫോറസ്റ്റ് റേഞ്ചുകളില്‍ 33 കേന്ദ്രങ്ങളിലായി 1500ഓളം ആദിവാസികളാണ് സമരത്തിന്റെ ഭാഗമായി വനഭൂമി കൈയറിയത്. ആദിവാസി ക്ഷേമ സമിതി(എ.കെ.എസ്) 2012 മെയ് അഞ്ചിനും തുടര്‍ന്നുള്ള ദിവസങ്ങളിലുമായി 16 കേന്ദ്രങ്ങളില്‍ രണ്ടാംഘട്ട ഭൂസമരം ആരംഭിച്ച സാഹചര്യത്തിലാണ് മറ്റു ആദിവാസി സംഘടനകള്‍ വനം കൈയേറ്റത്തിനു നേതൃത്വം നല്‍കിയത്.
കൈയേറ്റം നടന്ന് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വനംവകുപ്പ് പൊലീസ് സഹായത്തോടെ ഒഴിപ്പിക്കല്‍ തുടങ്ങി. 2012 ജൂലൈയില്‍ 13 നീക്കങ്ങളിലൂടെ സമരകേന്ദ്രങ്ങളില്‍നിന്നു 1287 താല്‍ക്കാലിക കുടിലുകള്‍ പൊളിച്ചുനീക്കി. 296 സ്ത്രീകളും 26 കുട്ടികളും അടക്കം 826 പേരെ അറസ്റ്റുചെയ്ത് 263 ഹെക്ടര്‍ വനഭൂമി തിരിച്ചുപടിച്ചു. എന്നാല്‍ ഭൂസമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ ആദിവാസികള്‍ കോടതി ജാമ്യം അനുവദിച്ച മുറയ്ക്ക് സമരകേന്ദ്രങ്ങളില്‍ തിരികെയെത്തുകയാണ് ഉണ്ടായത്. ഇവര്‍ക്കെതിരായ കേസുകള്‍ 2012 ജൂലൈ ആറിനും ഓഗസ്റ്റ് ഒന്നിനുമായി പുറപ്പെടുവിച്ച ഉത്തരവുകളിലൂടെ സര്‍ക്കാര്‍ റദ്ദാക്കുകയുമുണ്ടായി. മാനന്തവാടി റേഞ്ചിലെ മക്കിയാട് തുമ്പശേരി, ചമോലി, നെല്ലേരി, ബേഗൂര്‍ റേഞ്ചിലെ കല്ലോടുകുന്ന്, തവിഞ്ഞാല്‍, പിലാക്കാവ്, താരാട്ട്, പഞ്ചാരക്കൊല്ലി, റസല്‍, അമ്പുകുത്തി, പേരിയ റെഞ്ചിലെ മാനോത്തിക്കുന്ന്, അച്ചിലാന്‍കുന്ന്, അയ്യാനിക്കല്‍, കാപ്പാട്ടുമല, പാലക്കോളി, പേരിയ പീക്ക് എന്നിവിടങ്ങളിലാണ് എ.കെ.എസ് സമരകേന്ദ്രങ്ങള്‍.
ഏകദേശം 174 ഹെക്ടര്‍ വനഭൂമിയാണ് ഇത്രയും കേന്ദ്രങ്ങളിലായി ആദിവാസികളുടെ കൈവശം. പേരിയ റേഞ്ചിലെ കരിമാനിയില്‍ എട്ട് ഹെക്ടര്‍ വനഭൂമിയിലാണ് ആദിവാസി മഹാസഭയുടെ ഭൂസമരം. ബേഗൂര്‍ റേഞ്ചിലെ പനവല്ലി പുളിമൂടുകുന്ന്, തിരുനെല്ലി ബി എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ കൈയേറ്റം നടന്നത്. 60 ഹെക്ടറോളം സ്ഥലമാണ് രണ്ടിടങ്ങളിലുമായി ആദിവാസികളുടെ കൈവശം. ബേഗൂര്‍ റേഞ്ചിലെ മക്കിമല, പൊയില്‍, വീട്ടിക്കുന്ന്, ഭഗവതിമൊട്ട, പേരിയ റേഞ്ചിലെ എടത്തന, കൊല്ലങ്കോട്, നാല്‍പ്പത്തിയൊന്നാം മൈല്‍, ഇല്ലത്തുമൂല, പണിക്കര്‍കുഴിമല എന്നീ ഒന്‍പത് കേന്ദ്രങ്ങളിലാണ് ആദിവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭൂസമരം. തെക്കേവയനാട്ടിലെ ചീയമ്പം, ഇരുളം, എഴുപത്തിമൂന്ന് തുടങ്ങിയ സ്ഥലങ്ങളിലും വിവിധ സംഘനകളുടെ നേതൃത്വത്തില്‍ ആദിവാസി ഭൂസമരം തുടരുകയാണ്.
സംസ്ഥാന ഭരണത്തിനു നേതൃത്വം നല്‍കുന്ന സി.പി.എം മൂക്കുകയര്‍ പിടിക്കുന്ന ആദിവാസി ക്ഷേമ സമിതിയുടെ നിയന്ത്രണത്തിലാണ് ജില്ലയിലെ ഭൂസമര കേന്ദ്രങ്ങളില്‍ അധികവും. അതിനാല്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തവ് സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കാന്‍ ഇടയില്ലെന്ന് ആശ്വസിക്കുന്ന ആദിവാസി കുടുംബങ്ങളും സമരകേന്ദ്രങ്ങളിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."