മയക്കുമരുന്നു സംഘത്തെ പിടികൂടിയ സംഭവം; അന്വേഷണം ഇതര സംസ്ഥാനത്തേക്കു വ്യാപിപ്പിക്കും
മട്ടന്നൂര്‍: കൊക്കയിനും ചരസും കടത്തുന്നതിനിടയില്‍ നഴ്സിങ് വിദ്യാര്‍ഥിനി ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായ സംഭവത്തില്‍ അന്വേഷണം ഇതരസംസ്ഥാനത്തേക്കു വ്യാപിപ്പിക്കുന്നു. രാജ്യാന്തര വിപണിയില്‍ വന്‍ വിലയുള്ള ലഹരിമരുന്നു ബംഗളൂരുവില്‍ നിന്നു കാറില്‍ കൊണ്ടു വരുമ്പോള്‍ ബംഗളൂരുവിലെ വ്യാപാരി ന്യൂമാഹിയിലെ കുഞ്ഞുവീട്ടില്‍ ടി.എം മുനീര്‍ (27), ചക്കരക്കല്‍ മൗവഞ്ചേരിയിലെ എ മിദ്ലാജ് (28), മൗവഞ്ചേരി വി.കെ ഹൗസില്‍ പി.എം സാബിഖ് (26), ബി.എസ്.സി നഴ്സിങ് വിദ്യാര്‍ഥിനി ചാലക്കുടി കല്ലേറ്റുങ്കരയിലെ ശ്രീതു (23) എന്നിവരാണ് മട്ടന്നൂര്‍ പൊലിസിന്റെ പിടിയിലായത്. അന്വേഷണത്തിന്റെ ഭാഗമായി മൂന്നംഗ സംഘം താമസിയാതെ ബംഗളൂരുവിലേക്കു പുറപ്പെടും.
ശനിയാഴ്ച അര്‍ധരാത്രിയാണ് ഇവര്‍ പിടിയിലായത്. 120 ഗ്രാം ചരസ്സും അഞ്ചു ഗ്രാം കൊക്കയിനുമാണ് നാലംഗ സംഘത്തില്‍ നിന്നു പിടികൂടിയത്. പിടികൂടിയ മയക്കുമരുന്നിനു ലക്ഷങ്ങള്‍ വില വരും. യുവതിയെ മുന്‍ നിറുത്തിയാണു മയക്കു മരുന്നു സംഘം വില്പന നടത്തുന്നത്.
രണ്ടു സ്ഥലത്തു നിന്നു പൊലിസ് കാറിനു കൈ നീട്ടിയിട്ടും നിര്‍ത്താതെ പോയതിനെ തുടര്‍ന്നാണ് ഇരിട്ടി പൊലിസിന്റെ സന്ദേശത്തെ തുടര്‍ന്ന് മട്ടന്നൂര്‍ ഇരിട്ടി റോഡില്‍ വച്ച് മട്ടന്നൂര്‍ എസ്.ഐ പി.കെ ബിനിഷിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം കാര്‍ തടഞ്ഞു നിര്‍ത്തി പിടികൂടിയത്. മയക്കുമരുന്ന് കണ്ണൂര്‍ ചക്കരക്കല്ല് ഭാഗത്തേക്ക് വില്‍പ്പന നടത്താന്‍ കൊണ്ടുവരുന്നതാണെന്നാണ് സംഘം പൊലിസിനോട് പറഞ്ഞത്. ഹിമാചല്‍പ്രദേശിലെ മനാലിയില്‍ നിന്നാണ് ലഹരിമരുന്നു വിമാനമാര്‍ഗം ബംഗളൂരുവില്‍ എത്തിച്ചതെന്നും വില്പനയ്ക്കായി കൊണ്ടുപോകുകയായിരുന്നുവെന്നും പ്രതികള്‍ പൊലിസിനോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."