പാളയത്ത് മിന്നല്‍ ബസ് പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു
കോഴിക്കോട്: ട്രാഫിക് പരിഷ്കരണം ലംഘിച്ച സ്വകാര്യബസുകള്‍ക്ക് മുന്നറിയിപ്പില്ലാതെ ട്രാഫിക് പൊലിസ് പിഴചുമത്തിയതില്‍ പ്രതിഷേധിച്ച് പാളയത്ത് ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി.
മെഡിക്കല്‍ കോളജ് വഴി വരുന്ന ബസുകളില്‍ ചിലതിന് മാത്രമേ പുതിയ ബസ് സ്റ്റാന്‍ഡ് വഴി പോകാന്‍ അനുവാദമുള്ളൂ. അല്ലാത്ത ബസുകള്‍ കല്ലുത്താന്‍കടവ് വഴി ജയില്‍ റോഡിലൂടെ സ്റ്റേഡിയം ജങ്ഷനിലെത്തുകയാണ് ചെയ്യേണ്ടത്.
എന്നാല്‍ ഇതു പാലിക്കാതെ പുതിയ സ്റ്റാന്‍ഡ് വഴി ഓടിയ ഇരുപതോളം ബസുകള്‍ക്കാണ് പൊലിസ് 5,000 രൂപ പിഴ ചുമത്തിയത്. ഇതില്‍ പ്രതിഷേധിച്ച് പാളയം സ്റ്റാന്‍ഡിലെ മുഴുവന്‍ ബസുകളും രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ മിന്നല്‍ പണിമുടക്ക് നടത്തി.
തുടര്‍ന്ന് ജീവനക്കാര്‍ കമ്മിഷണര്‍ ഓഫിസിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചു. ഒടുവില്‍ കമ്മിഷണര്‍ ഇടപെട്ട് ചുമത്തിയ പിഴ ഒഴിവാക്കിയാണ് പ്രശ്നം പരിഹരിച്ചത്. പെര്‍മിറ്റില്ലാത്ത വാഹനങ്ങള്‍ ഇനി മുതല്‍ പുതിയ സ്റ്റാന്‍ഡിലൂടെ ഓടരുതെന്ന് നിര്‍ദേശവും നല്കി.
കുന്ദമംഗലം, കൊടുവള്ളി, നരിക്കുനി, പെരുമണ്ണ, മാവൂര്‍, അരീക്കോട്, താമരശ്ശേരി, തിരുവമ്പാടി എന്നിവിടങ്ങളിലേക്കുള്ള ബസുകളെല്ലാം അപ്രതീക്ഷിതമായി പണി മുടക്കിയത് മണിക്കൂറുകളോളം യാത്രക്കാരെ വലച്ചു.
സിറ്റി ട്രാഫിക് അധികൃതര്‍, ബസ് ഉടമകള്‍- തൊഴിലാളികള്‍, കസബ സി.ഐ പി. പ്രമോദ്, ഡെപ്യൂട്ടി കമ്മിഷണര്‍ ഡി. സാലി എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഇതു സംബന്ധിച്ച ചര്‍ച്ച നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."