പൊലിസ് പിടികൂടിയ വാഹനങ്ങളില്‍ നിന്ന് മോഷണം പതിവാകുന്നു
കുമ്പള: പൊലിസ് സ്റ്റേഷന്‍ പരിസരത്ത് വിവിധ കേസുകളില്‍ പിടികൂടി സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളില്‍ നിന്നും ബാറ്ററികളും ഇന്ധനവുമടക്കം മോഷ്ടിക്കുന്നത് പതിവാകുന്നതായി പരാതി. കഴിഞ്ഞ ആറു മാസത്തിനിടേ സമാനമായ പത്തോളം സംഭവങ്ങള്‍ പൊലിസിന്റെ മൂക്കിനു താഴെ നടന്നിട്ടും അന്വേഷണം എങ്ങുമെത്താതെ ഇരുട്ടില്‍ തപ്പുകയാണ് അധികൃതര്‍.
നാലു മാസം മുന്‍പു മണല്‍ കടത്തിനിടെ പിടികൂടിയ തളിപ്പറമ്പ് സ്വദേശിയുടെ ലോറി കോടതി അനുമതി ലഭിച്ചതിനെ തുടര്‍ന്ന് തിരിച്ചെടുക്കാന്‍ എത്തിയപ്പോളാണ് 10,500 രൂപ വിലവരുന്ന ബാറ്ററി വയര്‍ മുറിച്ചു മാറ്റി കടത്തിക്കൊണ്ട് പോയതായി ശ്രദ്ധയില്‍പ്പെട്ടത്. ഇതേ ലോറിയില്‍ നിന്നു ഇന്ധനവും മോഷണം പോയിട്ടുണ്ട്. ഇക്കാര്യം പൊലിസില്‍ പരാതിപ്പെട്ടുവെങ്കിലും അവര്‍ ഇതേക്കുറിച്ച് കൈമലര്‍ത്തുകയായിരുന്നു.
നേരത്തേ പല തവണ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട മറ്റു വാഹനങ്ങളുടെ ബാറ്ററികള്‍, ജാക്കി, ലിവര്‍ തുടങ്ങിയവയും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.
കേസുകളില്‍പ്പെട്ടു നിരവധി വാഹനങ്ങള്‍ അലക്ഷ്യമായി സ്റ്റേഷന്‍ അതിര്‍ത്തിക്കകത്ത് കെട്ടിക്കിടക്കുകയാണ്. ഇതു കാരണം പിടികൂടുന്ന മണല്‍ ലോറികളും മറ്റും സ്റ്റേഷനു പുറത്ത് യാതൊരു സുരക്ഷയുമില്ലാതെ സൂക്ഷിക്കേണ്ടി വരുന്നത്. ഇത് മോഷ്ടാക്കള്‍ക്ക് വാഹനങ്ങളില്‍ നിന്നും സാധന സാമഗ്രികള്‍ കടത്താന്‍ സാഹചര്യമൊരുക്കുന്നു. കൂടാതെ മഴയും വെയിലും കൊണ്ട് തുരുമ്പെടുത്തു നശിക്കുന്ന വാഹനാവശിഷ്ടങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാവുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."