പുതുരുത്തി വനത്തില്‍ കണ്ട അജ്ഞാതര്‍ ചന്ദനമാഫിയയിലെ കണ്ണികള്‍
വടക്കാഞ്ചേരി: നഗരസഭയിലെ പുതുരുത്തി വടക്കേക്കര കനാലിന് സമീപം വനത്തില്‍ കണ്ടെത്തിയ അഞ്ജാതര്‍ ചന്ദന മാഫിയ സംഘത്തിലെ കണ്ണികളെന്ന് പൊലിസ് നിഗമനം.തൃശൂര്‍ ജില്ല കേന്ദ്രീകരിച്ച് വ്യാപകമായി കൊണ്ടിരിക്കുന്ന ചന്ദന കൊള്ളക്കാരാണ് തമിഴ്‌നാട് സ്വദേശികളായ സംഘത്തെ പുതുരുത്തി വനത്തിലേക്ക് കയറ്റി വിട്ടതെന്നും പൊലിസ് നിഗമനത്തിലെത്തുന്നു. ഏതാനും നാളുകള്‍ക്ക് മുമ്പ് ചിറ്റണ്ടയിലും അകമലയിലും ഇവരുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ഇരുപ്രദേശങ്ങളില്‍ നിന്നും നിരവധി അകില്‍ ചന്ദന മരങ്ങളാണ് മുറിച്ച് കടത്തിയിരുന്നത്. വിദഗ്ദ പരിശീലനം ലഭിച്ച തമിഴ്‌നാട് സ്വദേശികള്‍ കാട്ടില്‍ തങ്ങി മരങ്ങള്‍ മുറിച്ച് അട്ടിയിട്ട് കൊടുക്കുകയാണ് ചെയ്യുന്നത്. ഇവരെ കേരളത്തിലെത്തിക്കുന്നതിനും, ചന്ദന മരങ്ങളുള്ള പ്രദേശം കാണിച്ച് കൊടുക്കുന്നതിനും ചന്ദന മാഫിയയുടെ അനുചരന്മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്ഷണം, വെള്ളം, വസ്ത്രം തുടങ്ങി സൗകര്യങ്ങള്‍ ഒരുക്കി കൊടുത്ത് മുറിക്കാരെ കാട്ടിലേക്ക് കയറ്റി വിടുകയാണ് ചെയ്യുക. ഒരാഴ്ചയോളമാണ് ഇവര്‍ വനത്തില്‍ തങ്ങുക. ജോലി പൂര്‍ത്തിയായാല്‍ മാഫിയ സംഘം നല്‍കുന്ന മൊബൈല്‍ ഫോണില്‍ നിന്ന് ഏജന്റുമാരെ വിളിക്കുകയും ഇവരെത്തി ചന്ദനം കടത്തുകയുമാണ് ചെയ്യുന്നത്. പുതുരുത്തി മേഖലയില്‍ നിരവധി ചന്ദന മരങ്ങളാണ് ഉള്ളത്. ഇത് മുറിച്ച് കടത്തുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്നും പൊലിസ് കരുതുന്നു. കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി ഒരു മാസത്തെ ഫോണ്‍ കോളുകളുടെ വിവരം ശേഖരിക്കുകയാണ് ലക്ഷ്യം. കാടിനുള്ളില്‍ ബാഗും, മറ്റ് വസ്തുക്കളും കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് ചന്ദന മുട്ടി കണ്ടെത്തിയത് പൊലിസിന്റെ നിഗമനം സാധൂകരിക്കുന്നതാണ്. കാടിനുളളിലെ ചന്ദന മരങ്ങളില്‍ ആയുധം കൊണ്ട് വെട്ടി നോക്കിയിട്ടുള്ളതായും ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഉള്‍വനത്തിലേക്ക് തമിഴ് സംസാരിക്കുന്ന സംഘാംഗങ്ങള്‍ കയറി പോകുന്നത് കാട് കാണാനെത്തിയ യുവാക്കളുടെ ശ്രദ്ധയില്‍പെട്ടത്.
യുവാക്കള്‍ ബഹളം വെച്ചപ്പോള്‍ ഇവര്‍ ഉള്‍വനത്തിലേക്ക് ഓടിമറഞ്ഞു വത്രെ.ഇതോടെ പൊലിസ് വിവരമറിയിക്കുകയായിരുന്നു സ്ഥലത്ത് കുതിച്ചെത്തിയ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള വടക്കാഞ്ചേരി എരുമപ്പെട്ടി പൊലിസ് സംഘവും വനപാലകരും കാട്ടില്‍ അരിച്ച് പെറുക്കുന്നതിനിടെയാണ് പാറയിടുക്കില്‍ നിന്ന് ഭക്ഷണവും, അരിയും, ബാഗും വസ്ത്രങ്ങളുമൊക്കെ കണ്ടെത്തിയത്. വെള്ള ടാങ്കും, മൊബൈല്‍ ഫോണും പൊലിസ് സംഘം കണ്ടെത്തിയിരുന്നു. തോക്കേന്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുകളോളം കാട് മുഴുവന്‍ അരിച്ച് പെറുക്കിയിട്ടും ആരേയും കണ്ടെത്താനായില്ല. കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ നിര്‍ണായക തെളിവാകുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."