'അനര്‍ഹരെ' ഒഴിവാക്കുന്നത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു
കഞ്ചിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ചെറുകിട-നാമമാത്ര കര്‍ഷക പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കാന്‍ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കാര്‍ഷിക വികസന ഡയറക്ടര്‍ക്ക് നല്‍കിയ കരട് മാര്‍ഗ നിര്‍ദേശം ഭൂരിപക്ഷം കര്‍ഷകര്‍ക്കും തിരിച്ചടിയാകുന്നു.
അഗ്രി പി.ബി. 11262016 അഗ്രി എന്ന നമ്പറില്‍ നവംബര്‍ഏഴി നാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയത്. ഇതനുസരിച്ച് ഭൂരിപക്ഷം ചെറുകിട കര്‍ഷകരും ആനുകൂല്യത്തില്‍ നിന്ന് പുറത്താകുമെന്ന് കര്‍ഷകര്‍ പറയുന്നു. അറുപത് വയസ് പൂര്‍ത്തിയാക്കിയ 10 സെന്റ് ഭൂമിയിലെങ്കിലും കൃഷി ചെയ്യുന്ന കൃഷി മുഖ്യ ഉപജീവന മാര്‍ഗ്ഗമാക്കിയ കര്‍ഷകനാണ് പദ്ധതിയില്‍ ചേരാവുന്നത്. അപേക്ഷകന്റെ വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപയില്‍ കുറവായിരിക്കണം. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ മറ്റേതെങ്കിലും പെന്‍ഷന്‍ പറ്റുന്നവര്‍ എന്നിവര്‍ അര്‍ഹരല്ല.
പദ്ധതിയില്‍ അംഗമാകാന്‍ പുതുതായി അപേക്ഷിക്കുന്നവരും നിലവില്‍ അംഗത്വമുള്ളവരും കൃഷിഭവനില്‍ കര്‍ഷക രജിസ്‌ട്രേഷന്‍ നടത്തുകയും ആധാര്‍ കാര്‍ഡ് വിവരവും മറ്റ് വിശദാംശങ്ങളും കൂടെ ചേര്‍ക്കണം. കഴിഞ്ഞ 10 വര്‍ഷമായി കാര്‍ഷിക വൃത്തി ചെയ്യുന്നവര്‍ക്ക് അതാത് പഞ്ചായത്തിലെ കൃഷി ഭവനില്‍ അപേക്ഷിക്കാം. വിദേശത്തു നിന്ന് മടങ്ങി വന്ന് 10 വര്‍ഷമെങ്കിലും കാര്‍ഷിക വൃത്തി ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്. അപേക്ഷകന്റെ വിവരങ്ങള്‍ കൃഷി ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം.
ഗ്രാമപഞ്ചായത്ത് തല കാര്‍ഷിക വികസന സമിതി (എ.ഡി.സി) അംഗീകാരം നല്‍കിയാലേ പെന്‍ഷന്‍ കിട്ടൂ. ഒരു കുടുംബത്തില്‍ ഭാര്യ, ഭര്‍ത്താക്കന്മാരില്‍ ഒരാള്‍ക്കേ പെന്‍ഷന് അര്‍ഹതയുള്ളൂ.
പെന്‍ഷണര്‍ മരിച്ചാല്‍ മറ്റ് വരുമാനമില്ലെങ്കില്‍ പങ്കാളിക്ക് പെന്‍ഷന്‍ തുടര്‍ന്ന് കിട്ടും. കരട് മാര്‍ഗ നിര്‍ദ്ദേശം നടപ്പാക്കിയാല്‍ എത്ര ചെറുകിട നാമമാത്ര കര്‍ഷകര്‍ പദ്ധതിയില്‍ നിന്ന് ഒഴിവാകും ശേഷിക്കുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാരിന് എത്ര സാമ്പത്തിക ബാധ്യത വരും എന്ന് പരിശോധിക്കും. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കൃഷി വകുപ്പ് പ്രിന്‍സിപ്പാല്‍ സെക്രട്ടറി കാര്‍ഷിക വികസന ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍മാര്‍ക്കും അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്കും അതിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധരുടെ സഹായത്തോടെ റാന്റം സാമ്പ്‌ളിങ്ങ് നടത്തി ഒരു ജില്ലയിലെ ഒരു കൃഷിഭവന്‍ തെരഞ്ഞെടുത്ത് പ്രോജക്ട് തയ്യാറാക്കി ഒരാഴ്ചകക്കം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷകര്‍ക്ക് വരുമാന പരിധി തെളിയിക്കാന്‍ വില്ലേജോഫീസില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെങ്കിലും ആദ്യ ഘട്ടത്തില്‍ ആധാര്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ കുറേ പേര്‍ ഒഴിവാക്കപ്പെടും.
അതേസമയം കൃഷി ചെയ്യുന്നതിനുള്ള പ്രോത്സാഹനമാണ് പെന്‍ഷനെന്നും അനാവശ്യ മാനദണ്ഡങ്ങള്‍ പറഞ്ഞ് കുറേപ്പേരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നത് അനീതിയാണെന്ന് കേരള ചെറുകിട കര്‍ഷക യൂനിയന്‍ സംസ്ഥാന സാരഥികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."