ഫോര്‍ട്ടുകൊച്ചി പരേഡ് മൈതാനിയില്‍ ബിനാലേക്ക് വേണ്ടി വേദിയൊരുക്കുന്നത് തടഞ്ഞു
മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി പരേഡ് മൈതാനിക്കുള്ളില്‍ കൊച്ചി മുസരിസ് ബിനാലെയുടെ മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്യുന്നതിനായി വേദി തയ്യാറാക്കുന്നത് കായിക താരങ്ങള്‍ ചേര്‍ന്ന് തടഞ്ഞു. വെള്ളിയാഴ്ച രാവിലെ പന്തല്‍ പണിക്കുള്ള സാമഗ്രികകളുമായെത്തിയ മൂന്ന് ലോറികള്‍ മൈതാനത്തേക്ക് കയറ്റാതെ നൂറുകണക്കിന് വരുന്ന കായിക താരങ്ങള്‍ ചേര്‍ന്ന് തടയുകയായിരുന്നു.
കഴിഞ്ഞ ഒന്നര വര്‍ഷമായി മൈതാനത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഇതോടെ കായിക താരങ്ങള്‍ക്ക് കളിക്കാന്‍ ഇടമില്ലാത്ത അവസ്ഥയായി. 10 കോടി രൂപ ചിലവില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് മൈതാനത്തെ നവീകരണം സമീപത്തെ റോഡുകളുടെ നിര്‍മാണം എന്നിവ നടത്തുന്നതിനായിരുന്നു പദ്ധതി ഒരുക്കിയിരുന്നത്. എന്നാല്‍ മൈതാനം കുത്തിക്കിളച്ച് ചെറിയ കരിങ്കല്ലുകള്‍ പാകി ഉയര്‍ത്തിയതോടെ അശാസ്ത്രീയമായ നിര്‍മാണമാണെന്ന ആരോപണം ഉയര്‍ന്നു. ഇടക്കാലത്ത് നിര്‍മാണം നിലക്കുകയും ചെയ്തതോടെ കായിക താരങ്ങള്‍ ബുദ്ധിമുട്ടിലായി.
സമീപത്തെ വെളി മൈതാനവും നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മാണ സാമഗ്രികകള്‍ കൂട്ടിയിട്ടതോടെ ഇവിടെയും കളിക്കാനാവാത്ത അവസ്ഥയായി. ഇതോടെ അന്തര്‍ ദേശീയ, ദേശീയ താരങ്ങള്‍ അടക്കമുള്ള കായിക താരങ്ങളുടെ പരിശീലനം മുടങ്ങി. കായിക പ്രേമികള്‍ സംഘടിച്ച് ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒ ഓഫീസിനു മുന്‍പില്‍ മൈതാനം കായിക സജ്ജമാക്കണമെന്നാവശ്യപ്പെട്ട് സമരം വരെ നടത്തിയെങ്കിലും പരിഹാരം ഉണ്ടായില്ല. ഇതിനിടയിലാണ് മൈതാനത്ത് സ്റ്റേജ് കെട്ടുന്നതിന് വണ്ടികള്‍ എത്തിയത്. ഇതോടെയാണ് ഇന്ത്യയിലെ തല മുതിര്‍ന്ന ഫുട്‌ബോള്‍ പരിശീലകന്‍ റൂഫസ് ഡിസൂസ, അന്തര്‍ദേശീയ ഗുസ്തി റഫറി എം.എം സലീം എന്നിവരുടെ നേതൃത്വത്തില്‍ മൈതാനത്ത് കായിക താരങ്ങള്‍ സംഘടിച്ച് സ്റ്റേജ് ഒരുക്കുന്നത് തടഞ്ഞത്.
വിവരമറിഞ്ഞ് മട്ടാഞ്ചേരി അസി.പൊലിസ് കമ്മിഷണര്‍ എസ് വിജയന്റെ നേതൃത്വത്തില്‍ പൊലിസ് സംഘവുമെത്തി. ബിനാലേ കോഡിനേറ്റര്‍ റിയാസ് കോമുവും കായിക താരങ്ങളോട് സംസാരിച്ചുവെങ്കിലും പരിഹാരമായില്ല. തുടര്‍ന്ന് ഫോര്‍ട്ടുകൊച്ചി സബ് കലക്ടര്‍ ഡോ.അദീല അബ്ദുല്ല ഗ്രൗണ്ടിലെത്തി നടത്തിയ ചര്‍ച്ചയില്‍ ഒരാഴ്ചക്കകം ഫിഫയുടെ ഗ്രൗണ്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാമെന്നും ഒരു വര്‍ഷം മുന്‍പ് ഒടിഞ്ഞു വീണ വൃക്ഷത്തിന്റെ ശിഖിരങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യുമെന്നും ഉറപ്പു നല്‍കിയതോടെയാണ് കായികതാരങ്ങള്‍ പിന്‍മാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."