പതിറ്റാണ്ടു മുന്‍പ് ആധാരം നടത്തിയവരേയും വേട്ടയാടി രജിസ്‌ട്രേഷന്‍ വകുപ്പ്
കല്‍പ്പറ്റ: ആധാരത്തില്‍ ഭൂവില കുറച്ചുകാണിച്ചുവെന്ന് ആരോപിച്ച് പതിറ്റാണ്ടു മുന്‍പ് വസ്തു ഇടപാട് നടത്തിയവരേയും രജിസ്‌ട്രേഷന്‍ വകുപ്പ് വേട്ടയാടുന്നു.
ആധാരത്തില്‍ യഥാര്‍ഥ വില കാണിക്കാത്തതുമൂലം മുദ്രവില, ഫീസ് ഇനങ്ങളില്‍ സര്‍ക്കാരിനുണ്ടായ വരുമാനച്ചോര്‍ച്ച നികത്തുന്നതിനു തുക അടയ്ക്കണമെന്നും അല്ലെങ്കില്‍ ജപ്തി നടപടി നേരിടേണ്ടിവരുമെന്നും വിശദീകരിച്ച് ഇതിനകം നിരവധിയാളുകള്‍ക്കാണ് സബ്‌രജിസ്ട്രാര്‍ ഓഫിസുകളില്‍നിന്നു നോട്ടീസ് ലഭിച്ചത്. ധനനിശ്ചയ ആധാരപ്രകാരം കുടുംബാംഗങ്ങള്‍ക്ക് ഭൂമി കൈമാറിയവരേയും രജിസ്‌ട്രേഷന്‍ വകുപ്പ് വെറുതെ വിടുന്നില്ല. നാട്ടുനടപ്പുള്ള വിലയ്ക്കാണ് ഭൂമി ആധാരം ചെയ്തതെന്ന വാദം കണക്കിലെടുക്കാനും ഉദ്യോഗസ്ഥര്‍ കൂട്ടാക്കുന്നില്ല.
നോട്ടീസില്‍ പറയുന്ന തുക അടച്ചേ മതിയാകൂ എന്ന ശാഠ്യത്തിലാണ് സബ്‌രജിസ്ട്രാര്‍മാര്‍. ഭൂമിയുടെ യഥാര്‍ഥവില മറച്ചുവച്ച് ആധാരം നടത്തിയതായി സബ് രജിസ്ട്രാര്‍മാര്‍ ജില്ലാ രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത കേസുകളിലാണ് നോട്ടീസ് അയയ്ക്കുന്നത്. ആധാരങ്ങളുടെ രജിസ്‌ട്രേഷനുകളില്‍ കുറവുവന്ന മുദ്രവിലയും ഫീസും ഇളവുകളോടെ അടയ്ക്കുന്നതിനു സര്‍ക്കാര്‍ 2016 ജൂലൈ 21ന് കോമ്പൗണ്ടിങ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇത് ഉപയോഗപ്പെടുത്താന്‍ താത്പര്യമുള്ള പക്ഷം ഇളവ് കഴിച്ച് ചേര്‍ത്തിരിക്കുന്ന തുക അടയ്ക്കണമെന്നാണ് നോട്ടീസില്‍. കോമ്പൗണ്ടിംഗ് പദ്ധതി പ്രയോജനപ്പെടുത്തുന്നപക്ഷം തുക ജില്ലാ രജിസ്ട്രാറുടെ പേരില്‍ പണമായി മാറ്റാവുന്നതരത്തില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മുഖേനയോ സബ് രജിസ്ട്രാര്‍ ഓഫിസില്‍ നേരിട്ടോ ലഭ്യമാക്കണമെന്നും നോട്ടീസിലുണ്ട്.
21,000 രൂപ കൂടി മുദ്രവില, ഫീസ് ഇനത്തില്‍ അടയ്ക്കണമെന്നാണ് കാവുമന്ദം വില്ലേജിലെ ചെന്നലോടില്‍ ഭാര്യക്കും രണ്ട് മക്കള്‍ക്കും ഓരോ ഏക്കര്‍ ഭൂമി 2006ല്‍ ധനനിശ്ചയ ആധാരപ്രകാരം കൈമാറിയ കര്‍ഷകന് വൈത്തിരി സബ്‌രജിസ്ട്രാര്‍ ഓഫിസില്‍നിന്നു ലഭിച്ച നോട്ടീസില്‍ പറയുന്നത്. ആധാരത്തില്‍ ഏക്കറിനു 80,000 രൂപ വില കാണിച്ചാണ് കര്‍ഷകന്‍ ഭൂമി കൈമാറിയത്.
ഈ സമയം ഭൂമിക്ക് സര്‍ക്കാര്‍ തറവില നിശ്ചയിച്ചിരുന്നില്ല. 1986 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ സ്ഥലങ്ങള്‍ക്ക് 2010ലാണ് തറവില നിര്‍ണയിച്ച് ഉത്തരവിറങ്ങിയത്. 2006ലെ ശരാശരി മാര്‍ക്കറ്റ് വില കാണിച്ചാണ് വസ്തു ധനനിശ്ചയ ആധാരം ചെയ്തതെന്ന് കര്‍ഷകന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."