അക്കാദമിക് ബ്ലോക്ക് നിര്‍മാണം പുരോഗമിക്കുന്നു
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജില്‍ അക്കാദമിക് ബ്ലോക്കിന്റെയും ആശുപത്രി മന്ദിരത്തിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 10 മാസം കൊണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് അറിയിച്ച് നിര്‍മാണം ആരംഭിച്ച അക്കാദമിക് ബ്ലോക്കിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്‍ത്തിയായി. വിപുലമായ സൗകര്യങ്ങളോടെയാണ് 43,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അക്കാദമിക് ബ്ലോക്ക് നിര്‍മിക്കുന്നത്. 10.5 കോടി രൂപയാണ് ഇതിനു ചെലവ് പ്രതീക്ഷിക്കുന്നത്. അക്കാദമിക് ബ്ലോക്കിന്റെ ഗ്രൗണ്ട് ഫ്‌ലോര്‍ പതോളജി വിഭാഗത്തിനാണ് മാറ്റിവച്ചിരിക്കുന്നത്.
പ്രിന്‍സിപ്പലിന്റെയും വിവിധ വകുപ്പ് തലവന്മാരുടെയും ഓഫിസുകള്‍, പ്രഫസര്‍മാരുടെ ഓഫിസുകള്‍, സെന്‍ട്രലൈസ്ഡ് ലാബ്, മ്യൂസിയം, ഡെമോ റൂം, വിവിധ വിഷയങ്ങള്‍ വേര്‍തിരിച്ചുള്ള ലൈബ്രറികള്‍ എന്നിവയും ഇവിടെത്തന്നെയാണ്.
ഒന്നാം നിലയില്‍ മൈക്രോബയോളജി വിഭാഗം പ്രവര്‍ത്തിക്കും. ഇവിടെയും മ്യൂസിയം, ലാബ്, ഡെമോ റൂം, ലക്ചര്‍ ഹാള്‍, സെമിനാര്‍ ഹാള്‍, പ്രഫസേഴ്‌സ് റൂം, ലൈബ്രറി എന്നിവ പ്രവര്‍ത്തിക്കും. ഫൊറന്‍സിക് ആന്‍ഡ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ സൗകര്യങ്ങളാണ് രണ്ടാമത്തെ നിലയില്‍ തയാറാക്കുന്നത്. അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടുകൂടി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ട 37 നിര്‍ദേശങ്ങളില്‍ പകുതിയിലധികവും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറയുന്നു. 60 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനവും ഇതോടൊപ്പം ആരംഭിച്ചേക്കും.
പെരുമ്പാവൂരിലെ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. 300 കിടക്കകളുള്ള ആധുനിക ആശുപത്രി മെഡിക്കല്‍ കോളജ് വളപ്പില്‍തന്നെ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 2,10,000 ചതുരശ്ര അടി വലുപ്പമുള്ള മന്ദിരമാണ് ഇതിനായി നിര്‍മിക്കുന്നത്.
യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി 2018ല്‍ പുതിയ ബാച്ച് വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്‍കുകയാണ് അധികൃതരുടെ ലക്ഷ്യം.
അതേസമയം അംഗീകാരം നഷ്ടമായ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രിന്‍സിപ്പലും ഏതാനും ചില ജീവനക്കാരും മാത്രമേ അവശേഷിക്കുന്നുള്ളൂ. നഴ്‌സുമാരെയും അനുബന്ധ ജീവനക്കാരെയും കൂട്ടത്തോടെ മാറ്റിയതുമൂലം മെഡിക്കല്‍ കോളജിന്റെയും ആശുപത്രിയുടെയും പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി മാത്രമാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."