കുറ്റ്യാടി മേഖലയില്‍ അക്രമം തുടരുന്നു; മൂന്നു വീടുകള്‍ക്കു നേരെ ബോംബേറ്
കുറ്റ്യാടി: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് ആരംഭിച്ച അക്രമ സംഭവങ്ങള്‍ കുറ്റ്യാടി മേഖലയില്‍ തുടരുന്നു. ശനിയാഴ്ച രാത്രി നിട്ടൂരിലെ സി.പി.എം പ്രവര്‍ത്തകനായ വെള്ളൊലിപ്പില്‍ മനോജിന്റെ വീടിനു നേരെ ബോംബേറുണ്ടായി. വീടിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
വീട്ടില്‍ ആള്‍താമസമില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മുന്‍പും ഇതേ വീടിനുനേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞിരുന്നു.
ബി.എം.എസ് നേതാവും കല്ലാച്ചി ബാറിലെ അഭിഭാഷകനുമായ അഡ്വ. പി. മുരളീധരന്റെ വീടിനു നേരെയും ബോംബേറുണ്ടായി. വീടിന്റെ മതില് തകര്‍ന്നിട്ടുണ്ട്. നിട്ടൂരിലെ ബി.ജെ.പി പ്രവര്ത്തകന് കരുണന്റെ വീടിനു നേരെയും ബോംബെറിഞ്ഞിട്ടുണ്ട്.
നിട്ടൂരില്‍ ഇരുപക്ഷവും അക്രമം തുടരുന്നതു ജനങ്ങളില്‍ ആശങ്കയുയര്‍ത്തിയിട്ടുണ്ട്. മിക്ക വീടുകളില്‍ നിന്നും വീട്ടുകാര്‍ മറ്റു സ്ഥലങ്ങളിലെ കുടുംബവീടുകളിലേക്കു താമസംമാറ്റിയിരിക്കുകയാണ്.
രാത്രിയാവുന്നതോടെ ഉഗ്രശബ്ദത്തോടെയുള്ള ബോംബ് സ്ഫോടനം സമീപപ്രദേശങ്ങളിലെ താമസക്കാരെയും ഭീതിയിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."