വിജയത്തിന് തിളക്കം കൂട്ടി ഐ.സി
സുല്‍ത്താന്‍ ബത്തേരി: മണ്ഡലത്തില്‍ ഐ.സി ബാലകൃഷ്ണന്‍ നേടിയ വിജയത്തിന് ഇത്തവണ തിളക്കമേറെ. ബത്തേരി മുനിസിപ്പാലിറ്റി ഭരണവുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ്സ് ഐ.സിക്കെതിരെ പരസ്യ നിലപാട് സ്വീകരിക്കുകയും കുറുമന്‍ സമാജം ജില്ലാ നേതൃത്വം എല്‍.ഡി.എഫിന് വോട്ട്‌ചെയ്യണമെന്ന പരസ്യ പ്രസ്ഥാവന ഇറക്കുകയും ചെയ്ത സാഹചര്യത്തില്‍ നേടിയ വിജയം കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമായിരുന്നു.
ഏറെ പ്രതിസന്ധികള്‍ക്കിടയിലാണ് സുല്‍ത്താന്‍ ബത്തേരിയില്‍ ഇത്തവണ ഐ.സി ബാലകൃഷ്ണന്‍ വിജയം നേടിയത്. സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ ഇരുപതിനായിരത്തോളം വോട്ട് അവകാശപ്പെട്ട കേരളാ കുറുമന്‍ സമാജം ജില്ലാ നേതൃത്വം എല്‍.ഡി.എഫിന് വോട്ടുചെയ്യണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പുറമെയാണ് സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റിയില്‍ എല്‍.ഡി.എഫിനു പിന്തുണ നല്‍കിയതുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ്സും യു.ഡി.എഫും തമ്മില്‍ ഇടഞ്ഞത്.
ഒടുവില്‍ യു.ഡി.എഫിനെതിരെ പ്രവര്‍ത്തിക്കാന്‍ ചില നേതാക്കള്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനിടെയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിയായി എത്തിയ ജാനു യു.ഡി.എഫ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തിയേക്കുമെന്ന വിലയിരുത്തലുകളുണ്ടായത്.
ഈ പ്രതിസന്ധികള്‍ മറികടന്നാണ് കഴിഞ്ഞതവണത്തെക്കാളും ഭൂരിപക്ഷം ഐ.സി ഉയര്‍ത്തിയത്. കഴിഞ്ഞ കാലങ്ങളില്‍ മണ്ഡലത്തില്‍ ചെയ്ത കാര്യങ്ങളും സ്ഥാനാര്‍ഥിയുടെ ജനകീയതയും ശക്തമായ പ്രചരണവുമാണ് പ്രതിസന്ധിക്കിടയിലും വിജയം ഉറപ്പിക്കാന്‍ കഴിഞ്ഞതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."