സാമാധാന നോബേല്‍ സമാധാനമായി ഉറങ്ങുന്നു; മ്യാന്മാറില്‍ സംഭവിക്കുന്നതെന്താണ്?
ഒന്‍പതു മാസങ്ങള്‍ക്കു മുന്‍പാണ് ലോകത്തിനൊരു പുത്തന്‍ പ്രതീക്ഷ നല്‍കി സമാധാന നോബേല്‍ സമ്മാന ജേതാവ് ആങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാര്‍ മ്യാന്മാറില്‍ അധികാരത്തിലേറുന്നത്. പ്രത്യേകിച്ചും ഏറെ ദുരിതങ്ങള്‍ നേരിടുന്ന റോഹിംഗ്യന്‍ മുസ് ലിംകള്‍ക്കും അവരില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നു. സൂചി പ്രസിഡന്റാവുമെന്നാണ് കരുതിയതെങ്കിലും അവരുടെ ഭര്‍ത്താവ് ബ്രിട്ടീഷ് പൗരനായതിനാല്‍ ഭരണഘടന അനുവദിച്ചില്ല. പക്ഷെ, സ്റ്റേറ്റ് കൗണ്‍സിലര്‍, വിദേശകാര്യ മന്ത്രി എന്നീ സ്ഥാനങ്ങള്‍ ഏറ്റെടുത്ത അവര്‍ മ്യാന്മാറിലെ പ്രസിഡന്റിനും മീതെയൊരു അധികാര കേന്ദ്രമാവാന്‍ ശ്രമിച്ചു.
എന്നാല്‍, അവര്‍ ഇന്നും പട്ടാളത്തിനു മേലെയെത്തിയില്ലെന്നതിന്റെ തെളിവാണ് അവിടെ നടക്കുന്ന മാനുഷിക പ്രതിസന്ധി. അവരില്‍ വലിയ പ്രതീക്ഷയര്‍പ്പിച്ചവര്‍ ആശ്രയമറ്റു ഓടുകയാണ്. എന്താണ് മ്യാന്മറില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
പട്ടാള ഭരണം വീണ്ടും?
ഒക്ടോബര്‍ ഒന്‍പതിനാണ് മ്യാന്മാറില്‍ വീണ്ടുമൊരു മാനുഷിക പ്രതിസന്ധിക്കു തുടക്കമാവുന്നത്. തീവ്ര റോഹിംഗ്യന്‍ വിഭാഗത്തില്‍പ്പെട്ട ചിലര്‍ മൂന്ന് അതിര്‍ത്തി രക്ഷാ പൊലിസ് പോസ്റ്റ് ആക്രമിക്കുകയും ഒന്‍പതു ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതുമാണ് സംഭവത്തിനു തുടക്കം. ഇതോടെ സര്‍വ്വസംഹാരിയായി സൈനികര്‍ അതിര്‍ത്തിയിലേക്കു നീങ്ങി. അഞ്ഞൂറിലധികം പേരെ അറസ്റ്റ് ചെയ്തു. 100 പേരെ ഒന്നും നോക്കാതെ കൊന്നുകളഞ്ഞു. ഈ കലാപത്തില്‍പ്പെട്ട് ആറ് സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്.
സൈനിക താണ്ഡവത്തില്‍ കൊലയ്‌ക്കൊപ്പം നിരപരാധികളായ സ്ത്രീകളും പെണ്‍കുട്ടികളും ബലാത്സംഗത്തിനിരയാക്കപ്പെട്ടു. കൂടാതെ നിരവധി പീഡനങ്ങളും അവര്‍ നേരിട്ടുകൊണ്ടിരിക്കുന്നു. കലാപം തുടങ്ങിയതു മുതല്‍ ഇവിടെ നിന്ന് 22,000 റോഹിംഗ്യ മുസ്‌ലിംകള്‍ ബംഗ്ലാദേശിലേക്ക് നാടുവിട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഒരു ലക്ഷം പേര്‍ ഒരു സഹായവും ലഭിക്കാതെ അലഞ്ഞുതിരിയുന്നതായും കണക്കില്‍ പറയുന്നു. നിരവധി പേരെ വീട്ടിനുള്ളില്‍ വച്ച് തീയിട്ടുകൊന്നു. വീടുകളടക്കം 1500 കെട്ടിടങ്ങള്‍ സൈനികര്‍ നിരപ്പാക്കിയതായി ഹ്യൂമണ്‍ റൈറ്റ് വാച്ച് അറിയിച്ചു.
എന്നാല്‍ വീടുകളില്‍ തീവച്ചു കൊന്ന സംഭവവും കൂട്ട ബലാത്സംഗങ്ങളും നടന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മേഖലയിലേക്ക് മാധ്യമങ്ങള്‍ക്ക് പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ പ്രയാസമുണ്ട്.
സൂചി മിണ്ടാത്തതെന്തേ?
എങ്കിലും എന്തുകൊണ്ടാണ് സമാധാനത്തിന്റെ വക്താവായി അറിയപ്പെടുന്ന സൂചി ഈ വിഷയത്തില്‍ കാര്യമായി ഇടപെടാത്തതെന്ന് അന്താരാഷ്ട്ര സമൂഹം സംശയം പ്രകടിപ്പിക്കുന്നു. ഇതുവരെ പ്രശ്‌നബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ പോലും അവര്‍ തയ്യാറായിട്ടില്ല. സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ സൂചി ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് വിമര്‍ശനം.
ഭൂരിപക്ഷം ബുദ്ധമതക്കാരുള്ള, ബര്‍മ എന്നും അറിയപ്പെടുന്ന മ്യാന്മാറില്‍ റോഹിംഗ്യന്‍ വിഭാഗം മുസ്‌ലിംകള്‍ എന്നും ദുരിതം തന്നെയാണ് നേരിടുന്നത്. ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരെന്നാണ് ഇവരെ അറിയപ്പെടുന്നത്. അടിച്ചമര്‍ത്തപ്പെട്ട റോഹിംഗ്യന്‍ എന്നറിയപ്പെടുന്ന ഇവരെ മുന്‍പോട്ടു കൊണ്ടുവരുന്നതിന്റെ ഭാഗമായി 2012 മുതല്‍ റോഹിംഗ്യന്‍ എന്ന പദം ഉപയോഗിക്കരുതെന്ന് സൂചി പ്രഖ്യാപിച്ചിരുന്നു. പക്ഷെ, അതിനു പിന്നാലെ ഒരു വിധത്തിലുള്ള സമാധാനവും മുസ്‌ലിംകള്‍ ഇവിടെ അനുഭവിച്ചിട്ടില്ല. രാഖൈനിലുള്ള 1.20 ലക്ഷം പേരും അന്താരാഷ്ട്ര അഭയാര്‍ഥി ക്യാമ്പുകളിലേക്ക് എത്തപ്പെട്ടു. ഇവര്‍ ഇന്നും അഭയാര്‍ഥികളായി കഴിയുന്നു, സൈനിക ക്രൂതയുടെ ഓര്‍മ്മകളുമായി.
സൂകി അധികാരത്തിലേറിയതിനു ശേഷം രാഖൈനിന്റെ വികസനത്തിനു വേണ്ടി മുന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയുണ്ടാക്കിയിരുന്നു. പക്ഷെ, ഇതൊന്നും സൈനികരുടെ ഇടപെടലിനെ തടയാന്‍ മാത്രം ശക്തിപ്പെട്ടില്ല. സൂകിയും സൈനികരെ തടയുന്നതില്‍ പരാജയപ്പെട്ടു.
മാധ്യമങ്ങളെ കടത്തിവിടുന്നില്ല
സൂകിക്ക് സൈനികര്‍ക്കു മേല്‍ ഒന്നും ചെയ്യാനാവില്ലെന്നാണ് അവരെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ കലാപ പ്രദേശത്തേക്ക് മാധ്യമങ്ങളെ കടത്തിവിടാന്‍ സൂചി മടിക്കുന്നത് എന്തിനാണെന്നാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്ന ചോദ്യം. മാധ്യമങ്ങളെ സ്ഥലത്തേക്ക് പോകാന്‍ അനുവദിച്ചാല്‍ മാത്രമേ ഇപ്പോള്‍ നടക്കുന്ന സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാനാവൂ.
അല്‍പ്പം ചരിത്രം
ബംഗ്ലാദേശിന്റെയും ബര്‍മ (മ്യാന്മാര്‍)യുടെയും ഇടയില്‍ സ്ഥിതിചെയ്യുന്ന സ്വതന്ത്രഭരണ പ്രദേശമായിരുന്നു ആദ്യം അറാകാന്‍ എന്ന റാഖൈന്‍. 1784 ല്‍ ബര്‍മന്‍ ബുദ്ധ സര്‍ക്കാര്‍ അറാകാന്‍ കീഴടക്കി. അന്നു മുതല്‍ അവിടെ മുസ്‌ലിംകളുടെ പ്രതിസന്ധി തുടങ്ങി. 1824 ല്‍ ബ്രിട്ടീഷ് അധിനിവേശം ബുദ്ധ സര്‍ക്കാരിന്റെ ആധിപത്യം ഇല്ലാതാക്കി.
പക്ഷെ, 1948 ല്‍ സ്വയം ഭരണാധികാരം കിട്ടയതോടെ വീണ്ടും ബുദ്ധ തീവ്രവാദ അനുകൂല സര്‍ക്കാര്‍ അധികാരത്തിലേറി. അന്നു മുതല്‍ ഇവിടെയുള്ള മുസ്‌ലിംകള്‍ക്ക് തീരാദുരിതം തുടങ്ങി. അറാകാനിലുള്ള മുസ്‌ലിംകള്‍ നുഴഞ്ഞുകയറി വന്നതാണെന്നു പറഞ്ഞാണ് ആക്രമണം. അതിനുവേണ്ട സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്തുകൊടുക്കയും ചെയ്തു. ഇതിനിടയില്‍ നിരവധി കലാപങ്ങളിലൂടെ മുസ്‌ലിംകളെ കൊടുക്രൂരമായി കൊന്നൊടുക്കി. 1962 ല്‍ സൈനിക ഭരണം അധികാരത്തിലേറിയതോടെ ഇത് പതിന്മടങ്ങ് വര്‍ധിച്ചു.
പട്ടാളം ഭരണം അവസാനിച്ച് സൂചി അധികാരത്തിലേറിയപ്പോള്‍ ഇവിടെയുള്ള മുസ്‌ലിംകള്‍ അല്‍പ്പം ആശ്വാസം കണ്ടിരുന്നു. പക്ഷെ, അധികകാലം നീണ്ടുനിന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."