പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഇനി വെറുതെ കിട്ടില്ല
മലപ്പുറം: എന്തിനും ഏതിനും പ്ലാസ്റ്റിക് കവറുകള്‍ നല്‍കുന്ന പതിവു രീതിക്ക് ജില്ലയിലും കടിഞ്ഞാണ്‍. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉപയോഗിക്കാനോ കടകളില്‍ സൗജന്യമായി ക്യാരിബാഗുകള്‍ നല്‍കാനോ പാടില്ലെന്ന് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് സര്‍ക്കുലറാണ് ജില്ലയിലെ നഗരസഭകളില്‍ നടപ്പാക്കി തുടങ്ങുന്നത്. പെരിന്തല്‍മണ്ണ, മലപ്പുറം നഗരസഭകളാണ് പദ്ധതി നടപ്പാക്കുന്നതിനായി ജില്ലയില്‍ ആദ്യമായി മുന്നോട്ടു വന്നിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് മലപ്പുറം നഗരസഭയില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. പുതിയ തീരുമാനം പ്രകാരം 50 മൈക്രോണില്‍ കൂടുതലുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ മാത്രമാണ് കച്ചവട സ്ഥാപനങ്ങളിലും മറ്റും ഉപയോഗിക്കാന്‍ അനുമതിയുള്ളു.
50 മൈക്രോണില്‍ കൂടുതലുള്ള ക്യാരിബാഗുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് പ്രതിമാസം 4000 രൂപ മുതല്‍ മേല്‍പോട്ട് അതത് തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കും.
തെര്‍മോകോള്‍ പ്ലേയ്റ്റുകളും കപ്പുകളും സ്‌ട്രോകളും ഉപയോഗിക്കരുതെന്നും പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റിക് കത്തിക്കരുതെന്നും റീസൈക്കിള്‍ ചെയ്യാന്‍ പറ്റാത്ത ഫ്‌ളക്‌സ് ബോര്‍ഡുകളും ഉപയോഗിക്കരുതെന്നുമുള്ള നിര്‍ദ്ദേശവും ഇതോടൊപ്പം നിലവില്‍ വന്നിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണത്തക്കരീതിയില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ സൗജന്യമായി നല്‍കില്ലെന്ന് മലയാളത്തിലും ഇംഗ്ലഷിലും ഹിന്ദിയിലും ബോര്‍ഡ് സ്ഥാപിക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സര്‍ക്കുലറിലുണ്ട്.
ചെറിയ തെരുവു കച്ചവടക്കാര്‍ മതുല്‍ വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ വരെ എല്ലാവര്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്. അതേസമയം തീരുമാനം നടപ്പാകുമ്പോള്‍ നഗരസഭയിലെ കച്ചവടക്കാരില്‍ നിന്ന് വ്യാപകമായ എതിര്‍പ്പുകള്‍ ഉയരാന്‍ ഇടയുണ്ട്. ഇത് തടയുന്നതിനായി തദ്ദശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലെ വ്യാപാരികളുടെ യോഗം വിളിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."