പള്ളിക്കല്‍ ബസാര്‍ ജുമാ മസ്ജിദില്‍ കാന്തപുരം വിഭാഗത്തിന്റെ ആക്രമണം; നിരവധി പേര്‍ക്ക് പരുക്ക്
പള്ളിക്കല്‍( മലപ്പുറം): പള്ളിക്കല്‍ ബസാര്‍ ജുമാ മസ്ജിദില്‍ കാന്തപുരം വിഭാഗത്തിന്റെ ആക്രമണത്തില്‍ ഇരുപതിലേറെ പേര്‍ക്ക് പരുക്ക്. ഇന്നലെ മഗ്‌രിബ് നിസ്‌കാരത്തിനിടെയാണ് സംഭവം. ഈയിടെ ഹൈക്കോടതി ഉത്തരവ് പ്രകാരം സമസ്തയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് പള്ളിയുടെ നടത്തിപ്പ് ചുമതല നല്‍കിയിരുന്നു.
സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് സമസ്തയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് പൊലിസ് സംരക്ഷണം നല്‍കാനും ജില്ലാ പൊലിസ് സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഇന്നലെ വൈകിട്ട് മറ്റുമഹല്ലുകളില്‍ നിന്നെത്തിയവരുടെ നേതൃത്വത്തില്‍ ആക്രമണം നടക്കുകയായിരുന്നു.
ആക്രമണത്തില്‍ പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലും തിരൂരങ്ങാടി ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ കെ കോയട്ടി ഹാജി, കളരിക്കല്‍ അബ്ദുറഹിമാന്‍, തറ്റത്തൊടി അബ്ദുറഹിമാന്‍, സി.കെ കോയമോന്‍, തറ്റത്തൊടി അബ്ദുല്‍ അസീസ്, പി റഫീഖ്, സി മരക്കാര്‍ എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്.
സി ഹംസ, കെ ഉസ്മാന്‍, പി അബ്ബാസ്, മുസ്തഫ തയ്യില്‍, പി.കെ മുഹമ്മദലി, കെ റഷീദ്, ആലപ്പടിയന്‍ മൊയ്തീന്‍ കുട്ടി, എ.പി ജാഫര്‍, എ ബീരാന്‍ കുട്ടി, റഷീദ് കോഴിപ്പറമ്പന്‍ എന്നിവരെ തിരൂരങ്ങാടി ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മാരകായുധങ്ങളുമായാണ് സംഘം പള്ളിയിലെത്തി ആക്രമണം നടത്തിയത്. പള്ളിയിലെ കാമറയും ഫര്‍ണിച്ചറും നശിപ്പിച്ചു.
സമസ്തയുടെ മദ്‌റസക്കു നേരെയും ആക്രമണമുണ്ടായി. കല്ലേറിലും നിരവധി പേര്‍ക്ക് പരുക്കേറ്റു. പൊലിസ് എത്താന്‍ വൈകിയതോടെ അക്രമം നടത്തിയവര്‍ പള്ളി അകത്തുനിന്നു പൂട്ടി. നാട്ടുകാരെത്തിയാണ് പള്ളിക്കകത്ത് പരുക്കേറ്റ നിലയില്‍ കിടന്നവരെ ആശുപത്രിയിലെത്തിച്ചത്.
പൊലിസ് പ്രദേശത്തെ കടകള്‍ അടപ്പിക്കുകയും നാട്ടുകാരെ വിരട്ടിയോടിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെയും പൊലിസ് തടഞ്ഞു. പൊലിസിന്റെ സാന്നിധ്യത്തിലും അക്രമംതുടര്‍ന്നു. സമസ്ത പ്രവര്‍ത്തകരെ പൊലിസ് മര്‍ദ്ദിച്ചതായും ആരോപണമുണ്ട്.
നേരത്തെയും സമസ്തയുടെ പ്രവര്‍ത്തകര്‍ക്കെതിരേ കാന്തപുരം വിഭാഗത്തിന്റെ ആക്രമണങ്ങള്‍ നടന്നിരുന്നു.
തെരഞ്ഞെടുപ്പിലൂടെയാണ് ഇത്തവണ പള്ളിയുടെ നടത്തിപ്പ് ചുമതല സമസ്തയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."