ഗുരുപ്രഭ യാത്രയായി...
മണ്ണാര്‍ക്കാട്: അപരിഹാര്യമായ വിടവുകള്‍ തീര്‍ത്ത് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമായുടെ പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ (78) വിടവാങ്ങി.
പാലക്കാട് തച്ചമ്പാറയിലെ ഇസാഫ് ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ പള്ളിക്കുന്ന് സ്വദേശിയാണ്. നീണ്ടകാലം സമസ്തയുടെ സംഘാടനത്തില്‍ നേതൃപരമായ പങ്കുവഹിച്ച എ.പി ഉസ്താദ് 1995 മുതല്‍ സമസ്ത കേന്ദ്ര മുശാവറയില്‍ അംഗമാണ്. 2012 ല്‍ സമസ്ത ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം സമസ്ത അധ്യക്ഷനായിരുന്ന ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തോടെയാണ് സമസ്തയുടെ ഒന്‍പതാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
പട്ടിക്കാട് ജാമിഅയില്‍ നിന്നും പ്രഥമ സനദ് ദാന സമ്മേളനത്തില്‍ സനദ് സ്വീകരിച്ച എ.പി മുഹമ്മ്ദ് മുസ്‌ലിയാര്‍ രണ്ടുപതിറ്റാണ്ടിലേറെ കാലം ജാമിഅ നൂരിയ്യയില്‍ പ്രധാന മുദരിസ്, വൈസ് പ്രിന്‍സിപ്പല്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. സമസ്ത ഫത്‌വാ കമ്മിറ്റി അംഗം, സമസ്ത കേരളാ മദ്‌റസാ മാനേജ്‌മെന്റ് അസോ. പ്രസിഡന്റ്, സമസ്ത പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ്, മണ്ണാര്‍ക്കാട് താലൂക്ക് പ്രസിഡന്റ്, നാട്ടുകല്‍ ഇമാം നവവി ഇസ്‌ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി, മണ്ണാര്‍ക്കാട് ദാറുന്നജാത്ത് വര്‍ക്കിങ് പ്രസിഡന്റ് തുടങ്ങി വിവിധ സ്ഥാനങ്ങളും വഹിച്ചിരുന്നു.
സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹത്തിന്റെ സാന്നിധ്യം പല സങ്കീര്‍ണ ഘട്ടങ്ങളിലും താങ്ങായി രുന്നു. ആദര്‍ശത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയാറാകാതെ താന്‍ വിശ്വസിച്ച ആദര്‍ശകാര്യങ്ങളില്‍ നിലപാടുകള്‍ വെട്ടിത്തുറന്നു പറഞ്ഞ് സമസ്തക്ക് ശക്തി പകര്‍ന്നു. പ്രായാധിക്യം കാരണം രോഗങ്ങള്‍ തളര്‍ത്തിയെങ്കിലും തന്റെ ജീവിതചര്യകള്‍ക്ക് മാറ്റം വരുത്താതെ വിദ്യാര്‍ഥികള്‍ക്ക് ആധ്യാത്മികജ്ഞാനം പകര്‍ന്നു നല്‍കിയും ജീവിതവിശുദ്ധിയില്‍ കൃത്യതയോടെ ജീവിക്കുകയായിരുന്നു.
തികച്ചും സൗമ്യനായി ജനങ്ങള്‍ക്കിടയിലും തനിച്ച് ജീവിച്ച് പരാതികള്‍ക്കോ പരിഭവങ്ങള്‍ക്കോ ഇടനല്‍കാതെ താന്‍ ഉയര്‍ത്തിപ്പിടിച്ച സത്യപതാകയുടെ ഉയര്‍ച്ചയ്ക്കു വേണ്ടി പ്രയത്‌നിച്ച അദ്ദേഹം വിടവാങ്ങുന്നതോടെ നഷ്ടമാകുന്നത് കേരളീയ മുസ്‌ലിം ജനതയുടെ എല്ലാമാണ്.
പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ കൂടാതെ നന്തി ദാറുസ്സലാം, ഒറവംപുറം, കണ്ണൂരിലെ മാട്ടൂല്‍, കുളപ്പറമ്പ്, മണലടി, ഏപ്പിക്കാട്, ഇരുമ്പുഴി, ചെമ്പ്രശ്ശേരി, ആലത്തൂര്‍പടി, ജന്നത്തുല്‍ ഉലൂം പാലക്കാട്, പള്ളിശ്ശേരി, കാരത്തൂര്‍, ചെമ്മാട്, മാവൂര്‍ എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിട്ടുണ്ട്.
ആമ്പാടത്ത് പുന്നപ്പാടി മുഹമ്മദ് എന്ന കുഞ്ഞിപ്പുവിന്റെ മകനായി 1942ലാണ് ജനനം. മാതാവ് പെരിമണ്ണില്‍ ആമിന. ആമ്പാടത്ത് കുഞ്ഞിപ്പു മുസ്‌ലിയാരുടെ മകള്‍ ഫാത്വിമയാണ് ഭാര്യ. മക്കള്‍: അബ്ദുറഹിമാന്‍ ദാരിമി(തിരൂര്‍ പകര ജുമാമസ്ജിദ്), അബ്ദുറഹീം ഫൈസി(കൊപ്പം ജുമാമസ്ജിദ്), അബ്ദുല്‍ ജലീല്‍ ഫൈസി (അമ്മിനിക്കാട് ജുമാമസ്ജിദ്), അബ്ദുല്‍ വാജിദ് ഫൈസി (തൃശൂര്‍ കേച്ചേരി ജുമാമസ്ജിദ്), അബ്ദുല്‍ ഫത്താഹ് ഫൈസി (അമ്മിനിക്കാട് പള്ളി), അബ്ദുല്‍ ബാസിത്ത് ഫൈസി (പള്ളിക്കുന്ന് ദാറുല്‍ഹുദ), അബ്ദുറാഫി ഫൈസി (ചോലേമ്പ്ര ജുമാമസ്ജിദ്), അബ്ദുന്നാഫിഅ് (വിദ്യാര്‍ഥി, പട്ടിക്കാട് ജാമിഅ നൂരിയ്യ), അസ്മ, ഖദീജ, ആമിന, ആയിഷ, ഉമ്മുസുലൈം, സൈനബ്. മരുമക്കള്‍: മുഹമ്മദാലി ഫൈസി കുമരംപുത്തൂര്‍, ഹംസ ഫൈസി അമ്പാഴത്തോട്, ഉണ്ണീന്‍ കുട്ടി ഹാജി കുമരംപുത്തൂര്‍, അബ്ദുല്‍ മജീദ് റഹ്മാനി കൂട്ടില്‍, അബൂബക്കര്‍ ഫൈസി കൊമ്പംകല്ല്, ഷൗക്കത്തലി അന്‍വരി അമ്പാഴക്കോട്, മൈമൂന തിരൂര്‍ക്കാട്, മുനീറ ഒലിപ്പുഴ, നജീബ പനങ്ങാങ്ങര, ശമീമ തെയ്യോട്ടുചിറ, നസീറ മുണ്ടേക്കരാട്, സലീമ പാലക്കോട്, മാജിദ അരിപ്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."