പുതുരുത്തി വനത്തില്‍ കണ്ടെത്തിയത് ചന്ദന കൊള്ളക്കാരെ
വടക്കാഞ്ചേരി: നഗരസഭയിലെ പുതുരുത്തി വടക്കേക്കര കനാലിന് സമീപം വനത്തില്‍ കഴിഞ്ഞദിവസം കണ്ടെത്തിയത് ചന്ദനമോഷണ സംഘം. കേസില്‍ തമിഴ്നാട് തിരുവണ്ണാമല സ്വദേശി തിരുമലൈ (19 ) നെ വടക്കാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തതോടെയാണ് രാജ്യം മുഴുവന്‍ ബന്ധമുള്ള സംഘത്തെ കുറിച്ച് പൊലിസിന് വ്യക്തമായ സൂചന ലഭിച്ചത്.
തിരുമലൈയ്ക്കൊപ്പം പുതുരുത്തിയില്‍ ചന്ദനം മുറിക്കാനെത്തിയ മറ്റ് സംഘാംഗങ്ങളെ കുറിച്ചും പൊലിസിന് വ്യക്തമായ സൂചന ലഭിച്ചു. തമിഴ് സംഘത്തെ കേരളത്തിലെത്തിക്കുന്നതിന് നേതൃത്വം നല്കുന്ന സംസ്ഥാന സംഘത്തിനെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായ യുവാവിനെ പുതുരുത്തി വനത്തിലെത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തി.
1കഴിഞ്ഞ 8 ന് ഉച്ചയോടെയാണ് ഉള്‍വനത്തിലേയ്ക്ക് തമിഴ് സംസാരിക്കുന്ന സംഘാംഗങ്ങള്‍ കയറി പോകുന്നത് കാടുകാണാനെത്തിയ യുവാക്കളുടെ ശ്രദ്ധയില്‍ പെട്ടത്. യുവാക്കള്‍ ബഹളം വെച്ചപ്പോള്‍ ഇവര്‍ ഉള്‍വനത്തിലേക്ക് ഓടിമറഞ്ഞു. ഇതോടെ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘവും വനപാലകരും കാട്ടില്‍ നടത്തിയ അന്വേഷണത്തിനിടെ പാറയിടുക്കില്‍ നിന്ന് ഭക്ഷണവും അരിയും ബാഗും വസ്ത്രങ്ങളുമൊക്കെ കണ്ടെത്തി. കൂടെ വെള്ള ടാങ്കും മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ സഹായത്തോടെ മണികൂറുകളോളം കാട് മുഴുവന്‍ അരിച്ച് പെറുക്കിയിട്ടും ആരേയും കണ്ടെത്താനായിരുന്നില്ല. മേഖലയിലെ കാടുകളില്‍ വ്യാപകമായി കണ്ടുവരുന്ന അകില് കടത്താനെത്തിയ കൊള്ളക്കാരാണ് കാട്ടില്‍ തമ്പടിച്ച തെന്നാണ് പൊലിസ് നിഗമനത്തിലെത്തിയിരുന്നത്. അതിനാല്‍ ചന്ദനക്കടത്ത് സംഘാംഗങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് യുവാവ് പിടിയിലായത്.
ഇതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന് വരുന്ന ചന്ദനക്കൊള്ളകളുടെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് പൊലിസ്. സി.ഐ ടി.എസ് സിനോജ്, എ.എസ്.ഐമാരായ ജോര്‍ജ്, രാജേന്ദ്രന് സിവില്‍ പൊലിസ് ഓഫിസര്‍ പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."