ആര്‍.സി.സി മോഡല്‍ സ്വയംഭരണ സ്ഥാപനമാക്കുന്നതിന്റെ പരിശോധന തുടങ്ങി
തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളജ് ആര്‍.സി.സി മോഡല്‍ സ്വയംഭരണ സ്ഥാപനമാക്കി മാറ്റുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിയോഗിച്ച സംഘം പരിയാരത്തെത്തി. ഇന്നലെ രാവിലെ പത്തോടെ മെഡിക്കല്‍ കോളജിലെത്തിയ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ മോഹനന്റെ നേതൃത്വത്തിലുള്ള സംഘം ഭരണസമിതി ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍, എം.ഡി കെ രവി, പ്രിന്‍സിപ്പല്‍ ഡോ. കെ സുധാകരന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയശേഷം വിവിധ വകുപ്പുകള്‍ സന്ദര്‍ശിച്ചു.
ഡോക്ടര്‍മാരുടെ യോഗ്യതകളും പഠന സൗകര്യങ്ങളും പരിശോധിക്കുന്ന സംഘം ഇന്നലെ ക്ലിനിക്കല്‍ വിഭാഗങ്ങളാണ് വിലയിരുത്തിയത്. ഇന്നു രാവിലെ മുതല്‍ മറ്റു വിഭാഗങ്ങളും സംഘം സന്ദര്‍ശിക്കും. നാളെ തന്നെ റിപ്പോര്‍ട്ട് സര്‍ക്കാറിനു കൈമാറുമെന്ന് സംഘത്തലവന്‍ ഡോ. കെ മോഹനന്‍ പറഞ്ഞു.
ഡോ. സി.പി വിജയന്‍, ഡോ. രാജീവന്‍, ഡോ. സജിത്ത് എന്നിവരും സംഘത്തിലുണ്ടായി. പാരാമെഡിക്കല്‍, ദന്തല്‍, നഴ്‌സിങ്ങ്, ഹൃദയാലയ വിഭാഗങ്ങളുടെ പരിശോധനക്കായുള്ള സംഘം പിന്നീട് എത്തിച്ചേരും. 20ന് മുമ്പായി പരിശോധനകള്‍ പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ രൂപീകരിച്ച അഞ്ചു വിദഗ്ദ്ധ സമിതികളോടും നിര്‍ദേശിച്ചിരിക്കുന്നത്.
ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ക്രിസ്മസ് അവധിക്കു മുമ്പായി സ്വയംഭരണ സ്ഥാപനമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും.
ഇന്നലെ തിരുവനന്തപുരത്ത് പരിയാരം മെഡിക്കല്‍ കോളജ് പൂര്‍ണ സര്‍ക്കാര്‍ സ്ഥാപനമാക്കി മാറ്റണമെന്നാവശ്യപ്പെട്ട് സമരരംഗത്തുള്ള പ്രക്ഷോഭസമിതി ജന.കണ്‍വീനര്‍ ഡോ. ഡി സുരേന്ദ്രനാഥിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കി. മെഡിക്കല്‍ കോളജ് പൂര്‍ണ സര്‍ക്കാര്‍ സ്ഥാപനമാക്കുന്ന കാര്യം പരിശോധിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ഡോ. സുരേന്ദ്രനാഥ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."