സുപ്രീം കോടതി വിധി; ജില്ലയിലെ ഭൂരിഭാഗം മദ്യഷാപ്പുകള്‍ക്കും പൂട്ട് വീഴും
മാനന്തവാടി: ദേശീയ പാതകളുടെയും സംസ്ഥാന പാതകളുടെയും ഓരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതോടെ ജില്ലയില്‍ ബീവറേജസ് കോര്‍പറേഷന്റെ ഒരു ഔട്‌ലറ്റ് ഒഴികെയുള്ള മുഴുവന്‍ മദ്യശാലകളും പൂട്ടേണ്ടി വരുമെന്ന് സൂചന. നിലവില്‍ അമ്പലവയല്‍, പുല്‍പള്ളി, മാനന്തവാടി, ബത്തേരി, പനമരം, വൈത്തിരി എന്നിവിടങ്ങളിലായി ബീവറേജസിന് കീഴിലായി ആറ് ഔട്ട്‌ലറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്.
ഇതില്‍ അമ്പലവയലില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലറ്റ് ഒഴികെയുള്ളവയെല്ലാം ദേശീയ സംസ്ഥാന പാതയോരങ്ങളിലാണുള്ളത്. മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡ് സംസ്ഥാന പാതയിലുള്‍പ്പെടില്ലെങ്കിലും മൈസൂര്‍ റോഡില്‍ നിന്നും മാനന്തവാടി കോഴിക്കോട് റോഡില്‍ നിന്നും 500 മീറ്റര്‍ ദൂരപരിധിക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിന് പുറമെ ജില്ലയിലെ പ്രവേശന കവാടമായ ലക്കിടിലെ സ്വകാര്യ റിസോര്‍ട്ടിലെ ബാറും വിധിയുടെ പരിധിയില്‍ വരും.
നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ബാറുകള്‍ അടച്ചുപൂട്ടിയതിന് ശേഷം അനുവദിക്കപ്പെട്ട ബിയര്‍വൈന്‍ പാര്‍ലറുകളും അടച്ചുപൂട്ടുന്നവയില്‍ ഉള്‍പ്പെടും. ഇത്തരത്തില്‍ 11 പാര്‍ലറുകളാണ് ജില്ലയിലുള്ളത്. വിദേശമദ്യ വില്‍പനശാലകള്‍ പാതയോരങ്ങളില്‍ നിന്നും മാറ്റിസ്ഥാപിക്കുക എന്നത് പ്രായോഗികമാവില്ല എന്നതാണ് ജില്ലയിലെ മുന്‍കാല അനുഭവങ്ങള്‍.
നാട്ടിന്‍ പ്രദേശമായിട്ടു പോലും തൊണ്ടര്‍നാട് ചീപ്പാട്ട് പ്രവര്‍ത്തിച്ചു വന്നിരുന്ന ബീവറേജസ് ഔട്ട്‌ലറ്റ അടച്ചുപൂട്ടിയപ്പോള്‍ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ പലശ്രമങ്ങളും അധികൃതര്‍ നടത്തിയിരുന്നെങ്കിലും അതാത് പ്രദേശങ്ങളിടെ നാട്ടുകാരുടെ എതിര്‍പ്പ് കാരണം പ്രായോഗികമാവുകയുണ്ടായില്ല. മാനന്തവാടിയിലെ ഔട്ട്‌ലറ്റും മാറ്റി സ്ഥാപിക്കാനായി മാസങ്ങളോളമായി ശ്രമങ്ങള്‍ നടന്നുവരികയാണ്. എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പ് കാരണം കണ്ടെത്തിയ രണ്ടിടങ്ങളിലേക്കും മാറ്റാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
ജില്ലയിലെ വിദേശമദ്യഷാപ്പുകള്‍ ഒരുമിച്ചു പൂട്ടേണ്ടി വന്നാല്‍ കര്‍ണാടകയില്‍ നിന്നുള്ള വ്യാജ മദ്യവും കഞ്ചാവുള്‍പ്പെടെയുള്ള മയക്കുമരുന്നും കടത്തുന്നത് തടയാന്‍ അധികൃതര്‍ നന്നേ പ്രയാസപ്പെടേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."