കാട്ടാനയുടെ ആക്രമണത്തില്‍നിന്നും ഓട്ടോ ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
മൂന്നാര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോറിക്ഷ തകര്‍ന്നു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. കെ.ഡി.എച്ച്.പി അരുവിക്കാട് എസ്റ്റേറ്റ് ഫാക്ടറി ഡിവിഷന് സ്വദേശിയായ ഹരിയാണ് (38) ആനയുടെ പിടിയില്‍നിന്നും രക്ഷപെട്ടത്.
ബുധനാഴ്ച രാത്രി എസ്റ്റേറ്റിലുള്ള വീടിനുമുമ്പില്‍ ഓട്ടോ പാര്‍ക്കുചെയ്തശേഷം ഹരി വീടിനുള്ളില്‍ കയറിയ ഉടനെയാണ് കാട്ടാന ഓട്ടോ തകര്‍ത്തത്.
ശബ്ദംകേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിനോക്കുമ്പോള്‍ ആന ഓട്ടോറിക്ഷ ചവിട്ടിതകര്ക്കുന്നതാണു കണ്ടത്. വീട്ടുകാര്‍ ഫോണിലൂടെ വിവരം അറിയിച്ചതിനെതുടര്‍ന്ന് സമീപവാസികള്‍ എത്തി ആനയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് വനപാലകര്‍ എത്തി ഒരുമണിക്കൂറോളം പണിപ്പെട്ടാണ് കാട്ടാനയെ ഓടിച്ചത്.
രാത്രി അവിടെനിന്നു പിന്‍വാങ്ങിയ ആന ഇന്നലെ പുലര്‍ച്ചെ നാലോടെ വീണ്ടുമെത്തി ഓട്ടോറിക്ഷക്കു കേടുവരുത്തി.
ഒരുമാസംമുമ്പാണ് ഹരി ഓട്ടോറിക്ഷ വാങ്ങിയത്. വാഹനങ്ങളുടെ നേര്‍ക്കുള്ള കാട്ടാനകളുടെ ആക്രമണം രൂക്ഷമായതോടെ എസ്റ്റേറ്റ് നിവാസികള്‍ വൈകുന്നേരം ആറിനുശേഷം പുറത്തിറങ്ങുവാന്‍ ഭയപ്പെടുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നു വാഹനങ്ങള്‍ക്കുനേരെയാണ് കാട്ടാനകളുടെ ആക്രമണമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."