ഗൃഹാന്തരീക്ഷം ശുദ്ധമാക്കാന്‍
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം അതീവഗുരുതരാവസ്ഥയിലായത് നാം കണ്ടു. സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നിടം വരെയെത്തി കാര്യങ്ങള്‍. 200 വാരയ്ക്കപ്പുറം കാഴ്ചമറയ്ക്കുന്ന പുകമഞ്ഞ് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും നിറഞ്ഞുനിന്നത് പത്രമാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. കനത്ത ഈ പുകമഞ്ഞ് അകലണമെങ്കില്‍ ഒന്നുകില്‍ ശക്തമായ കാറ്റ് വീശണം. അതല്ലെങ്കില്‍ നന്നായി മഴ പെയ്യണം. ഇതുരണ്ടും അകന്നുനിന്നതോടെ ദിവസങ്ങളോളമാണ് ഈ പുകമഞ്ഞ് ഡല്‍ഹി നിവാസികളെ കുഴക്കിയത്. പലരും പുറത്തിറങ്ങാതെ വാതിലടച്ച് ഉള്ളിലിരിക്കാന്‍ നിര്‍ബന്ധിതമായി. വായുമലിനീകരണത്തിന്റെ ഗുരുതര ഭവിഷ്യത്താണ് കണ്ടത്.
10ല്‍ ഒരാള്‍ ഭാഗ്യവാന്‍
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകത്ത് പത്തില്‍ ഒരാള്‍ മാത്രമാണ് ശുദ്ധവായു ശ്വസിക്കുന്നത് എന്നാണ്. ബാക്കി ഒന്‍പതുപേരും സ്വന്തം ഗൃഹാന്തരീക്ഷത്തില്‍ പോലും ശുദ്ധമല്ലാത്ത വായു ശ്വസിക്കുന്നു എന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. സത്യത്തില്‍ പൊതുസ്ഥലങ്ങളിലെ വായു ഗൃഹാന്തരീക്ഷത്തേക്കാള്‍ മൂന്നോ അഞ്ചോ ഇരട്ടി ശുദ്ധമായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനുകാരണവും അവര്‍ നിരത്തുന്നു.
ഗൃഹാന്തരീക്ഷം പുറത്തുനിന്നുള്ള വായുവിന്റെയും അകത്തുനിന്നുള്ള മാലിന്യങ്ങളുടെയും സങ്കലിത രൂപമായിരിക്കും. അതായത് ഗൃഹാന്തരീക്ഷത്തില്‍ പാചകം ചെയ്യുന്നതിന്റെ പുക, പൊടി, സുഗന്ധദ്രവ്യങ്ങള്‍, പുകയില, വളര്‍ത്തുമൃഗങ്ങളുടെ ഗന്ധം, മറ്റ് വിവിധതരം ഗന്ധങ്ങള്‍ എന്നിവയുടെ ആകെത്തുകയായിരിക്കും.
അടുത്തിടെ ക്ലീന്‍ എയര്‍ ഇന്ത്യന്‍ മൂവ് മെന്റ് എന്ന സംഘടന നടത്തിയ പഠനത്തില്‍ 31 ശതമാനം പേര്‍ക്കും ശ്വസന സംബന്ധമായ തകരാറുകള്‍ ഉള്ളതായി കണ്ടെത്തി. അതുപോലെ 46 ശതമാനം പേര്‍ക്ക് ശ്വാസകോശ രോഗത്തിലേക്ക് നയിക്കാവുന്ന അസുഖങ്ങള്‍ ഉള്ളതായും കണ്ടെത്തി. കൂര്‍ക്കം വലിക്കും ഉറക്കമില്ലായ്മയ്ക്കും പോലും ഗൃഹാന്തരീക്ഷ മലിനീകരണം കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്.
ഗൃഹാന്തരീക്ഷം ശുദ്ധമാണോ
വീടിനുള്ളിലെ അന്തരീക്ഷവും അശുദ്ധമായാല്‍ എന്തുചെയ്യും. അത്തരം ഒരവസ്ഥ പറഞ്ഞറിയിക്കാന്‍ കഴിയില്ല. മലിനീകരണത്തിന്റെ ദോഷഫലങ്ങള്‍ ഇനിയും കൂടുകയും ചെയ്യും. പൊതുസ്ഥലങ്ങള്‍ മാലിന്യവിമുക്തമാക്കാന്‍ ശ്രമിക്കുന്നവരുടെ വീടുകളിലെ അവസ്ഥ പരിതാപകരമാണെന്നത് ഗൗരവം കൂട്ടുന്നതാണ്. ഗൃഹാന്തരീക്ഷം എപ്പോഴും ശുദ്ധമായി നിലനിര്‍ത്തേണ്ടത് ആരോഗ്യത്തിന് പ്രധാനമാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്‍പ്പെടെ നിരവധി അസുഖങ്ങള്‍ക്ക് അതുവഴി തടയിടുകയും ചെയ്യാം.
ഗൃഹാന്തരീക്ഷം ശുദ്ധമായി സൂക്ഷിക്കുന്നതുവഴി പല രോഗങ്ങളുടെ കാരണങ്ങളെ ഒരു പരിധിവരെ അകറ്റി നിര്‍ത്താമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിന് ചില കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.
വായുമലിനീകരണം എത്ര
വീടിനുള്ളിലെ വായു എത്രമാത്രം മലിനമാണ് എന്നറിയുകയാണ് ആദ്യപടി. ചില മൊബൈലുകളില്‍ ഇതിനുള്ള ആപ്ലിക്കേഷനുണ്ട്. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ഇതിനുള്ള ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
വായുമലിനീകരണത്തിന്റെ തോത് കുറയ്ക്കാന്‍ ജനാലകളും വാതിലുകളും അടച്ചുസൂക്ഷിക്കുകയാണ് നല്ലത്. പ്രത്യേകിച്ച് പുലര്‍ച്ചെയും അതിരാവിലെയും. അന്തരീക്ഷം ഏറ്റവും മോശമായിരിക്കുന്ന സമയമാണത്.
അടുക്കളയില്‍ ചിമ്മിനി
പാചകം ചെയ്യുമ്പോഴുണ്ടാകുന്ന വായു പുറത്തേക്കു പോകാന്‍ ചിമ്മിനി നിര്‍ബന്ധമായും ഉണ്ടാവേണ്ടതാണ്. പാചകം ചെയ്യുമ്പോഴുണ്ടാകുന്ന പുക കാന്‍സറിന് പര്യാപ്തമാണെന്ന് ഓര്‍ക്കണം. ഈ പുക ഗൃഹാന്തരീക്ഷം മലിനമാക്കുകയും ചെയ്യും. പാചകം ചെയ്യുമ്പോള്‍ എക്‌സോസ്റ്റ് ഫാന്‍ ഉപയോഗിക്കുക.
പുകയ്ക്കരുത്
വീടിനുള്ളില്‍ ഏതുകാരണത്തിന്റെ പേരിലായാലും പുകയ്ക്കുന്നത് ശ്വാസ സംബന്ധവും ചര്‍മ സംബന്ധവുമായ രോഗങ്ങള്‍ ക്ഷണിച്ചുവരുത്തും. കൊതുകുതിരി പോലുള്ളവയും വര്‍ജിക്കണം. ഉപയോഗിക്കുന്നവര്‍ മുഖവും കയ്യും വൃത്തിയായി കഴുകണം.
കിടക്കവിരി
കിടക്കവിരിയും തലയിണ ഉറകളും സമയാസമയം മാറ്റുക. ആഴ്ചയില്‍ രണ്ടുതവണ എന്ന കണക്കിലെങ്കിലും അതു മാറ്റാന്‍ മനസുവയ്ക്കണം. അതുപോലെ പുതപ്പ് എപ്പോഴും ശുദ്ധമായിരിക്കണം. ജനാലകളുടെയും വാതിലുകളുടെയും കര്‍ട്ടനുകളും മേശ വിരിപ്പുകളും സമയാസമയം കഴുകുന്നത് ഗൃഹാന്തരീക്ഷ മലിനീകരണം കുറയ്ക്കും.
നനവ് അകറ്റുക
വിടിനുള്ളില്‍ നനവുള്ള പ്രദേശം പാടില്ല. നനവുള്ളിടം മലിനമായി കിടക്കും. കീടങ്ങള്‍ പെരുകുകയും ചെയ്യും. നനവ് കൂടുന്നത് പ്രാണികളുടെ വളര്‍ച്ചയ്ക്കും ശ്വാസ സംബന്ധമായ രോഗങ്ങളുടെ ആരംഭത്തിനും കാരണമാകും.
കുളിമുറിയില്‍
അടുക്കളയിലെന്നപോലെ കുളിമുറിയിലും എക്‌സോസ്റ്റ് ഫാന്‍ ആവശ്യമാണ്. കുളിച്ച ശേഷം എക്‌സോസ്റ്റ് ഫാന്‍ ഇടുന്നത് കുളിമുറിയിലെ വായു ശുദ്ധമാകാന്‍ സഹായിക്കും.
തുണി ഉണക്കാനുള്ള ഡ്രയര്‍ എപ്പോഴും വീടിനുള്ളില്‍ നിന്നും മാറ്റി വര്‍ക്ക് ഏരിയ പോലുള്ള തുറസായ സ്ഥലത്ത് വയ്ക്കുക. വീടിനുള്ളിലും സമീപത്തും ഉള്ള ചെടിച്ചട്ടികളില്‍ അധികം വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. പൈപ്പ് ലീക്കുണ്ടെങ്കില്‍ നന്നാക്കണം. എയര്‍ കണ്ടീഷണര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സര്‍വീസ് ചെയ്ത് സൂക്ഷിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."