ഇവിടെയുണ്ട് വിഭജനത്തിന് മുന്‍പുള്ള ഇന്ത്യ
'പാവാട വേണം മേലാട വേണം
പഞ്ചാരപ്പനങ്കിളിക്ക്
ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ
മുത്താണു നീ ഞമ്മക്ക്'
എണ്‍പതുകളില്‍ കേരളക്കരയെ ഇളക്കിമറിച്ച ഈ പാട്ട് ഏറെ കാലത്തിനു ശേഷം വീണ്ടും കേള്‍ക്കുന്നത് ഒരു മലയാളിയില്‍ നിന്നോ ഇന്ത്യക്കാരനില്‍ നിന്നോ അല്ല. പാകിസ്താനിലെ കോട്ട്‌ലി സ്വദേശിയായ ആഫിഫ് എന്ന തൊഴിലാളിയുടെ കണ്ഠത്തില്‍ നിന്നാണ്. മണലാരണ്യത്തിലെ കൊടും തണുപ്പായാലും അതിശൈത്യമായാലും സന്തോഷം വരുമ്പോഴെല്ലാം ആഫിഫ് 'പാവാടാ ഗീത് 'പാടും. ഗുജറാത്തുകാരന്‍ രവീന്ദ്രന്‍ ഹംഭട്ടും പരവൂരുകാരന്‍ റഷീദും ഏറ്റുപാടും.
ദുബൈ ദേയ്‌റയിലെ മുര്‍ഷിദ് ബസാറിലെ ഇതരരാജ്യ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിലെ റഷീദിന്റെ വീടിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്.
പാതിരാത്രികളിലാണ് ഇവിടെ ജീവിതം തളിര്‍ക്കുക. ഇവിടെ കിളിര്‍ക്കുന്ന മലയാളം, ഹിന്ദി, ഉറുദു ഗാനങ്ങള്‍ മണലാരണ്യത്തിലെ അത്യുഷ്ണവും അതിശൈത്യവും അകറ്റും. രാഷ്ട്രത്തിന്റെയോ ഭാഷയുടെയോ മതത്തിന്റെയോ അതിര്‍വരമ്പുകള്‍ ഇവിടെ കാണില്ല. കാണാനാവുന്നത് അതിര്‍ത്തി വേലിക്കെട്ടുകള്‍ക്കപ്പുറത്തെ ജീവിതമാണ്.
ഒരു സായാഹ്നം
ബുര്‍ ദുബൈ വഴിയോരത്തെ പാക് ഹോട്ടലില്‍ ഗള്‍ഫിലെ സാമൂഹിക പ്രവര്‍ത്തകനായ ചിന്താ ഗോപിയോടൊപ്പം ചായകുടിക്കുന്നതിനിടയില്‍ സംസാരവിഷയമായത് ആനുകാലിക പ്രശ്‌നങ്ങള്‍ തന്നെ. ഇന്ത്യാ-പാക് അതിര്‍ത്തി സംഘര്‍ഷഭരിതമാണ്. ഇരു സര്‍ക്കാരുകളും യുദ്ധത്തിനായി സജ്ജമാവുന്നു. മാധ്യമങ്ങളില്‍ തിളച്ചുമറിയുന്നത് മതസ്പര്‍ധയുടെ വിഷം പുരട്ടിയ തലക്കെട്ടുകള്‍, വെല്ലുവിളികള്‍, വീരവാദങ്ങള്‍, യുദ്ധവെറിയോടെയുള്ള ടി.വി ചര്‍ച്ചകള്‍...
ഇരുരാജ്യങ്ങളിലുമുപരിയായി രണ്ടിടത്തു നിന്നുമുള്ള മനുഷ്യരെ കാല്‍ നൂറ്റാണ്ടോളമായി ഗോപിക്കു നന്നായി അറിയാം. ഇതിനെല്ലാം അപ്പുറത്ത് ഒരു ലോകമുണ്ട്. യഥാര്‍ഥ ഇന്ത്യാ-പാക് ബന്ധം കാണണമെങ്കില്‍ മുര്‍ഷിദ് ബസാറിലെ റഷീദിന്റെ വീട്ടിലേയ്ക്കു പോയാല്‍ മതി. സന്ധ്യയ്ക്കുതന്നെ മുര്‍ഷിദ് ബസാറിലേയ്ക്കു പോകാനൊരുങ്ങിയപ്പോള്‍ ഗോപി വിലക്കി. 'തൊഴിലിടങ്ങളില്‍ നിന്നു രാത്രി ഒരുമണിയോടെ മാത്രമേ അന്തേവാസികള്‍ മടങ്ങിയെത്തൂ. ഉറക്കമൊഴിക്കാന്‍ തയാറാണെങ്കില്‍ വിഭജനത്തിനു മുന്‍പുള്ള ഇന്ത്യയെ കാണാം'.
അര്‍ധരാത്രിയിലും സുരക്ഷിതമായ നഗരത്തിലൂടെ ഓള്‍ഡ് സൂക്ക് വരെ നടന്നു. അവിടെനിന്ന് അന്നത്തെ അവസാനത്തെ വള്ളത്തില്‍ കായല്‍ കടന്ന് അപ്പുറത്തെത്തി. മുര്‍ഷിദ് ബസാറിലൂടെ വീട് തിരിച്ചറിയാതെ അലഞ്ഞു തിരിയുന്നതിനിടയില്‍ തേടിയെത്തിയ റഷീദ് മുകളിലേയ്ക്ക് ആനയിച്ചു.
രാവിലെ ആരംഭിച്ച് അര്‍ധരാത്രി വരെ നീണ്ട ജീവിത പ്രാരാബ്ധങ്ങള്‍ക്ക് നാളെ നേരംപുലരും വരെ ഇടവേള. ആ ചെറിയ വീട്ടിലെ ഇരുപത്തിമൂന്ന് അന്തേവാസികളും തിരിച്ചെത്തിയിരിക്കുന്നു. ഇന്ത്യക്കാരായ ഒന്‍പതു ഗുജറാത്തികള്‍, അഞ്ചു മലയാളികള്‍, എട്ടു പാകിസ്താനികള്‍!
പാക് മുസ്‌ലിംകള്‍ ലോകത്തെ ഏറ്റവും ഹിന്ദുവിരുദ്ധരും ക്രൂരന്മാരുമായാണ് ഇന്ത്യയില്‍ പൊതുവെ അറിയപ്പെടുന്നത്. പാകിസ്താനിലാകട്ടെ ഏറ്റവും ക്രൂരന്മാരായ മനുഷ്യവര്‍ഗം ഗുജറാത്ത് ഹിന്ദുക്കളാണ്. എന്നാല്‍ ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ രവീന്ദ്ര ഭട്ടും പാകിസ്താനിലെ കോട്ട്‌ല സ്വദേശി അഫീഫും ചേര്‍ന്നാണ് ആ വീട്ടിലേയ്ക്കു ക്ഷണിച്ചത്.
ഭിത്തിയിലേയ്ക്കാണ് ആദ്യനോട്ടം പോയത്. ഒരിടത്തു ചുവരില്‍ മക്കാ മസ്ജിദിന്റെ പടം. തൊട്ടപ്പുറത്ത് ഹിന്ദുദൈവങ്ങള്‍. ഒരുവശത്ത് ഖുര്‍ആന്‍. തൊട്ടടുത്തു ഭഗവത് ഗീത. പൂജയും പ്രാര്‍ഥനയും നിസ്‌കാരവുമെല്ലാം എതിര്‍വിശ്വാസിയുടെ വിശ്വാസത്തെ തെല്ലും പോറലേല്‍പ്പിക്കില്ല. വ്യത്യസ്തമായ മൂന്നു സാംസ്‌കാരിക സ്വത്വങ്ങള്‍ വീട്ടിലുണ്ടെങ്കിലും ഇവരുടെയെല്ലാം അപ്രഖ്യാപിത നേതാവ് മലയാളിയും കമ്യൂണിസ്റ്റുകാരനുമായ റഷീദാണ്. ദുബൈയിയിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം.
'ഇന്ത്യന്‍ ഹിന്ദുവിന്റെ നന്മ പാക് മുസ്‌ലിമും പാക് മുസ്‌ലിമിന്റെ നന്മ ഇന്ത്യന്‍ ഹിന്ദുവും തിരിച്ചറിയുന്നു. ഇരുവര്‍ക്കുമിടയില്‍ വിഷം കുത്തിവയ്ക്കാന്‍ ഇവിടെ ആരുമില്ല'.
വീട്ടിലെ അടുക്കളയ്ക്കും ഏറെ പ്രത്യേകതകളുണ്ട്. പാകിസ്താനിയുടെ ഭക്ഷണം മലയാളിക്കു പിടിച്ചാലും ഗുജറാത്തിക്കു പിടിക്കില്ല. ഒട്ടുമിക്ക ഗുജറാത്തികളും സസ്യബുക്കുകളാണ്. മാംസം കഴിക്കുന്നവര്‍ക്കുതന്നെ ബീഫ് പഥ്യം.
പക്ഷേ, ഈ വീട്ടില്‍ എല്ലാവര്‍ക്കും ഒരൊറ്റ അടുക്കളയേ ഉള്ളൂ. മൂന്നു കൂട്ടരും വ്യത്യസ്ത സമയങ്ങളില്‍ ഭക്ഷണം വയ്ക്കും. അവിടെയും വലിയ വേര്‍തിരിവുകള്‍ ഇല്ല. ഗുജറാത്തുകാരന്‍ പാകിസ്താനിയുടെ ഭക്ഷണവും പാകിസ്താനി ഗുജറാത്തുകാരന്റെ വിഭവവുമെല്ലാം രുചിക്കുകയും കഴിക്കുകയും ചെയ്യും.
ബീഫിന്റെ പേരില്‍ മുസ്‌ലിമിനെ കൊല്ലുകയും ദലിതനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്ന നാട്ടില്‍നിന്നു വരുന്ന സവര്‍ണ ഹിന്ദുക്കള്‍ക്കുപോലും ലക്ഷണമൊത്ത ഒരു പാക് മുസ്‌ലിം സഹോദരതുല്യനാവുന്നു. ഇന്ത്യക്കാരനെ, സര്‍വോപരി ഇന്ത്യന്‍ ഹിന്ദുവിനെ മുഖ്യശത്രുവായി കാണാന്‍ പഠിപ്പിക്കുന്ന പാകിസ്താനില്‍ നിന്നുമെത്തുന്നവര്‍ക്ക് ഇന്ത്യന്‍ഹിന്ദു ഇവിടെ ആത്മമിത്രമാണ്. ഈ വേറിട്ട ജനസഞ്ചയത്തെ സൃഷ്ടിച്ചത് മൂല്യബോധങ്ങളില്‍ വന്ന മാറ്റമോ അതോ ഗത്യന്തരമില്ലായ്മയോ?... ഉത്തരം പറയുന്നതിനു പകരം റഷീദ് ക്ലോക്കിലേയ്ക്കു വിരല്‍ ചൂണ്ടുകയാണ് ചെയ്തത്.
സമയം രാത്രി ഒന്നര.
ഇതുവരെ ഇവരാരും ഭക്ഷണം കഴിച്ചിട്ടില്ല. ഇവര്‍ക്കു ഭക്ഷണം കഴിക്കാന്‍ സമയം കിട്ടിയിട്ടില്ല. അത്താഴം കഴിഞ്ഞു തലചായ്ക്കാന്‍ രണ്ടു മണിയാവും. രാവിലെ ആറു മണിക്കെങ്കിലും ഉണരണം. എങ്കിലേ പ്രഭാതകൃതങ്ങള്‍ നിര്‍വഹിച്ച് തൊഴിലിടങ്ങളിലെത്താന്‍ സാധിക്കൂ.
വീട്ടിലെ അന്തേവാസികളായ മലയാളികള്‍ക്കെല്ലാം താരതമ്യേന ഭേദപ്പെട്ട ജോലികളുണ്ട്. എന്നാല്‍ ഗുജറാത്തികളുടെയും പാകിസ്താനികളുടെയും അവസ്ഥ അങ്ങനെയല്ല. നാട്ടിലെ കാര്യങ്ങളെക്കുറിച്ച് ചോദിച്ചാല്‍ ഇരുകൂട്ടര്‍ക്കും ഓരേ പ്രതികരണം
'ബഹുത് മുശ്കില്‍ ഹേ ഭായ് '
ഇരു രാജ്യങ്ങളും തമ്മില്‍ കടുത്ത ശത്രുതയിലാണെങ്കിലും ഗള്‍ഫ് കുടിയേറ്റത്തിനായി ഇവരെ നിര്‍ബന്ധിതരാക്കിയ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ തമ്മില്‍ വലിയ അന്തരമില്ല. ഈ വീട്ടിലെ മലയാളികള്‍ ഏറെക്കുറെ എല്ലാവരും വര്‍ഷംതോറും നാട്ടില്‍ പോവുന്നവരാണ്. എന്നാല്‍ സാമ്പത്തിക പരാധീനതകള്‍ മൂലം പാകിസ്താന്‍കാരനും ഗുജറാത്തുകാരനും ഇതിനു സാധിക്കുന്നില്ല. മതവും ദേശവും അകറ്റുന്നവരെ കൂട്ടിയോജിപ്പിക്കുന്നത് ഇതേ ഘടകങ്ങളാണ്.
മലയാളിയുടെയും ഗുജറാത്തിയുടെയും പാകിസ്താനിയുടെയും ജീവിത പ്രാരാബ്ധങ്ങളെക്കുറിച്ച് ആഴത്തില്‍ അറിയാന്‍ ശ്രമിച്ചപ്പോള്‍ അവരുടെ മുഖം വാടി. ഒന്നും വിശദീകരിക്കാന്‍ നില്‍ക്കാതെ എല്ലാവരും ഒരുമിച്ചു പാടി.
'പാവാട വേണം മേലാട വേണം പഞ്ചാരപ്പനങ്കിളിക്ക്
ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ മുത്താണു നീ ഞമ്മക്ക്'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."