എന്റെ റോള്‍ മോഡല്‍ പിതാവ്
പാണക്കാട് കുടുംബത്തില്‍ നിന്ന് സാദിഖലി ശിഹാബ് തങ്ങള്‍ക്കു ശേഷം മുസ്്‌ലിംയൂത്ത് ലീഗിന്റെ അമരത്തെത്തുന്ന ആദ്യത്തെയാളാണ് മുനവറലി ശിഹാബ് തങ്ങള്‍.
രാഷ്ട്രീയത്തില്‍ ഇതുവരെ ഔദ്യോഗിക ചുമതലകളൊന്നും വഹിച്ചിട്ടില്ലാത്ത തങ്ങള്‍ പക്ഷേ, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളില്‍ സജീവ സാന്നിധ്യമാണ്. വളാഞ്ചേരി മര്‍ക്കസിലെയും കോഴിക്കോട് ഫാറൂഖ് കോളജിലെയും പഠനത്തിനു ശേഷം ലോക പ്രശസ്തമായ രാജ്യാന്തര ഇസ്‌ലാമിക് സര്‍വകലാശാലയിലും യു.കെയിലുമായിരുന്നു ഉപരിപഠനം. തുടര്‍ന്ന് കേരളത്തിലെ വിവിധ മേഖലകളിലെല്ലാം സ്വന്തമായി മേല്‍വിലാസമുണ്ടാക്കിയ മുനവറലി ശിഹാബ് തങ്ങളെ തേടി യൂത്ത് ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ എന്ന പദവി കൂടിയെത്തിയിരിക്കുന്നു.
ഗള്‍ഫു രാജ്യങ്ങള്‍ക്കു പുറമേ അമേരിക്ക- യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള തങ്ങളുടെ ബന്ധം തന്നെയാവും യൂത്ത് ലീഗിന്റെ പ്രവര്‍ത്തനത്തിന് ഇനി പുതിയ മുഖം നല്‍കുക. ഗുരുതുല്യനായ പിതാവ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വഴിയേ സഞ്ചരിക്കുമെന്ന് പറയുന്ന തങ്ങള്‍ സുപ്രഭാതത്തോട് മനസ്സ് തുറക്കുന്നു.
രാഷ്ട്രീയത്തിലേക്ക്
രാഷ്ട്രീയം ജനാധിപത്യ വ്യവസ്ഥയില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഘടകമാണ്. രാജ്യത്തെ അവഗണിക്കപ്പെട്ട വിഭാഗത്തിന്റെ ഉന്നമനം ഉറപ്പു വരുത്തിയ പ്രസ്ഥാനമാണ് മുസ്്‌ലിം ലീഗ്്. അതു കൊണ്ടാണ് ഞങ്ങളുടെ കുടുംബം ഈ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോട് ഇണങ്ങിച്ചേര്‍ന്നതും. പിതാമഹന്‍ പി.എം.എസ്.എ പൂക്കോയ തങ്ങള്‍, വന്ദ്യ പിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമ്മയുടെ പിതാവ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍. ഇവരൊക്കെ ഈ പ്രസ്ഥാനത്തിലൂടെ സമൂഹ നന്മക്കു വേണ്ടി ആത്മാര്‍ഥ സേവനം നടത്തിയവരാണ്. ഇതുമൂലം സാധാരണക്കാരായ ജനങ്ങള്‍ക്ക് ഒരുപാട് ഗുണങ്ങളും അഭിവൃദ്ധിയുമുണ്ടായിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. എന്റെ ഈ ഒരു രാഷ്ട്രീയ പ്രവേശനം നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കായാണ്.
കലുഷിതമായ രാഷ്ട്രീയ സാഹചര്യവും രാഷ്ട്രീയത്തെ പുച്ഛത്തോടെ കാണുന്ന സാഹചര്യവുമാണിന്ന്. അതില്‍ നിന്നു വ്യത്യസ്തമായി മുസ്‌ലിം ലീഗ് മൂല്യാധിഷ് ഠിത രാഷ്ടീയ കാഴ്ചപ്പാടോടു കൂടി മുന്നോട്ടു പോകുന്ന പ്രസ്ഥാനമാണ്. അതു കൊണ്ടു തന്നെ ഈ രാഷ്ടീയ പ്രസ്ഥാനത്തിന്റെ യുവജന വിഭാഗത്തിന്റെ ഭാഗമായി മാറുന്നതില്‍ അഭിമാനവും അതിലേറെ ഉത്തരവാദിത്വവുമുണ്ട്. ഇതിനെ ഒരു ചലഞ്ചായാണ് കാണുന്നത്. ആ വലിയ വെല്ലുവിളിയുടെ മിടിപ്പു മനസ്സിലാക്കി മുന്നോട്ടുപോകാന്‍ ശ്രമിക്കും.
സഹപ്രവര്‍ത്തകരെ കുറിച്ച്
കഴിഞ്ഞ നാലര വര്‍ഷക്കാലം ധൈഷണിക ബോധത്തോടു കൂടിയുള്ള ഒരു ടീമാണ് മുസ്‌ലിംയൂത്ത്‌ലീഗിനെ നയിച്ചു കൊണ്ടിരുന്നത്. സാദിഖലി, സി.കെ സുബൈര്‍ അടക്കമുള്ള നേതാക്കള്‍ വളരെ മനോഹരമായി ആ കൃത്യം നിര്‍വഹിക്കുകയും അതിലൂടെ സമൂഹത്തിന് നല്ലൊരു പ്രതീക്ഷയാണ് നല്‍കിയത്. ഐഡിയല്‍ യൂത്ത് കോര്‍, ഷെയ്ഡ് പോലുള്ള പദ്ധതികള്‍ വിശുദ്ധമായ സേവനമായിരുന്നു. അതുപോലെ ഫലവത്തായതും നിര്‍മാണാത്മകവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. തുടങ്ങി വച്ച കാര്യങ്ങളുടെ തുടര്‍ച്ച തന്നെയാണ് പുതിയ കമ്മിറ്റിയും ഉദ്ദേശിക്കുന്നത്.
സംഘടനാ രംഗത്തുണ്ടായിരുന്നില്ലെങ്കിലും മുസ്്‌ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും മിക്ക പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാവാനും പാര്‍ട്ടി നേതൃത്വവുമായി നിരന്തരമായി ബന്ധപ്പെടാനും കഴിഞ്ഞിട്ടുണ്ട്. ഇത്തരം ആളുകള്‍ തന്നെയാണ് സഹ ഭാരവാഹികളായി പുതിയ കമ്മിറ്റിയില്‍ കൂടെയുള്ളത്. കൂട്ടായ പ്രവര്‍ത്തനത്തിന് ഇത് ഏറെ ഉപകാരപ്പെടുമെന്നാണ് എന്റെ സന്തോഷം.
ആദ്യചുവട്
യുവജന പ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടതായി നിരവധി കാര്യങ്ങളുണ്ട്. വലതു പക്ഷ രാഷ്ട്രീയ സംവിധാനം തന്നെയാണ് പ്രധാന വിഷയം. അമേരിക്കയിലെ ട്രംപും ഇന്ത്യയില്‍ മോദിയുമെല്ലാം സാധാരണ ജനങ്ങളുടെ മിടിപ്പറിയാതെ മറ്റു താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള രാഷ്ട്രീയ നീക്കമാണ് നടത്തുന്നത്. ഇവിടെ അവഗണിക്കപ്പെടുന്ന നിരവധി മേഖലകളുണ്ട്. അത്തരം മേഖലകളിലാണ് യൂത്ത്‌ലീഗിന്റെ ഊന്നല്‍. മതേതരത്വ ബോധത്തോടെ രാജ്യത്തിന്റെ മുഴുവന്‍ സമൂഹങ്ങളുടെയും സമുദായങ്ങളുടെയും സമഗ്രമായ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയാണ് ലക്ഷ്യം.
കൂട്ടായ ആലോചനകളിലൂടെ കൂടുതല്‍ പദ്ധതികള്‍ തയാറാക്കി തഴേതട്ടില്‍ പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കും. ഇതിലൂടെ ശാഖാ തലം മുതല്‍ സംസ്ഥാന തലംവരെയുള്ള എല്ലാ മേഖലകളെയും ശാക്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും. പിന്നോക്ക വിഭാഗങ്ങളുടെയും ഭിന്ന ശേഷി വിഭാഗങ്ങളുടെയും ഉന്നമനം യൂത്ത്‌ലീഗ് ഏറ്റെടുക്കും. ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം കക്ഷി രാഷ്ട്രീയത്തിനധീതമാക്കാനാണ് ശ്രമിക്കുക.
സമുദായത്തെ കുറിച്ച് ചിലത്
പിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നും മുന്നോട്ടു വച്ച ആശയമാണ് സമുദായ ഐക്യം. ആശയപരമായി വ്യത്യാസം എല്ലാര്‍ക്കുമുണ്ടാകാം. ലോകം മുസ്്‌ലിം സമൂഹത്തെ സംശയത്തോടെയാണ് കാണുന്നത്. ഇന്ത്യയിലും കേരളത്തിലും അത്തരം സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഈ കാര്യങ്ങളിലെല്ലാം സാമുദായിക പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ്് മുസ്‌ലിം സംഘടനകളെയും മുസ്്‌ലിം യുവജന സംഘടനകളെയും ഒരു ഫ്്‌ളാറ്റ് ഫോമില്‍ നിര്‍ത്തി പൊതുവായ കാര്യങ്ങള്‍ക്കായി പ്രത്യേക കര്‍മ പദ്ധതികള്‍ തയാറാക്കി മുന്നോട്ടു പോകേണ്ടതുണ്ട്. അത്തരത്തിലുള്ള വിശാല കാഴ്ചപ്പാടോടെ എല്ലാവരെയും ഒന്നിപ്പിക്കാനുള്ള വേദി ഉണ്ടാക്കണമെന്നാണ് ആഗ്രഹം.
മുഴുവന്‍ സമയ രാഷ്ട്രീയത്തിനില്ല
പാണക്കാട് കുടുംബത്തിലെ അംഗമെന്ന നിലക്ക് ഒരു മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാകാന്‍ ഞാനില്ല. പിതാവ് മുഹമ്മദലി ശിഹാബ് തങ്ങളും അവരുടെ സഹോദരങ്ങളായ ഹൈദരലി ശിഹാബ് തങ്ങളും സാദിഖലി ശിഹാബ് തങ്ങളും തുടങ്ങി കുടുംബത്തിലെ ഒരോരുത്തരും നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. മത,വിദ്യാഭ്യാസ,സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെല്ലാം പ്രവര്‍ത്തിക്കുന്നവരാണിവരെല്ലാം. ഈ പാത പിന്‍തുടര്‍ന്ന് സാന്നിധ്യം ആവശ്യമുള്ള എല്ലാ രംഗത്തും പ്രവര്‍ത്തിച്ച് എല്ലാ മേഖലകളെയും പ്രോത്സാഹിപ്പിച്ച് മുന്നോട്ടു പോകാനാണ് താല്‍പര്യം. യൂത്ത് ലീഗ് പ്രസിഡന്റ് എന്ന രീതിയില്‍ ആ പ്രവര്‍ത്തനവും നിലവില്‍ ഇടപെട്ടു കൊണ്ടിരുന്ന വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളിലും തുടര്‍ന്നും പ്രവര്‍ത്തിക്കും. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സാമൂഹിക ശാക്തീകരണമുള്‍പ്പെടെയുള്ള നിരവധി കര്‍മ പദ്ധതികള്‍ തയാറാക്കി പ്രവര്‍ത്തിക്കാനുള്ള ശ്രമമാണ് നടത്തുക.
അന്താരാഷ്ട്ര ബന്ധങ്ങള്‍
അന്താരാഷ്ട്ര രംഗത്ത് വിവിധ രാജ്യങ്ങളുമായും സംഘടനകളുമായും ഏറെ ബന്ധമുണ്ട്. ഇത്തരം ബന്ധങ്ങള്‍ നാടിന്റെ നന്മക്കും അഭിവൃദ്ധിക്കും വേണ്ടി ഉപയോഗിക്കാനുളള സാധ്യതകള്‍ പരമാവധി ഉപയോഗിക്കും. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന നിരവധി പശ്ചിമ അറബ് രാജ്യങ്ങളുണ്ട്. അവിടെയുള്ള സംഘടനാ പ്രവര്‍ത്തനത്തിന്റെ വ്യവസ്ഥാപിതത്വവും പ്രൊഫഷണലിസവും ഇവിടെയും നടപ്പാക്കാനാകുമെന്ന വിശ്വാസമുണ്ട്.
കഴിഞ്ഞ തവണ നിരസിച്ചു..
ഇപ്പോള്‍..!
യൂത്ത് ലീഗിന്റെ നേതൃസ്ഥാനത്തേക്ക് കഴിഞ്ഞ തവണയും പേര് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും സ്വയം സന്നദ്ധമായില്ലെന്നുമാത്രം. ഒരോന്നിനും അതിന്റെ സമയമുണ്ട്. നല്ല നേതൃത്വമായിരുന്നു കഴിഞ്ഞ യൂത്ത് ലീഗ് കമ്മിറ്റിക്കുണ്ടായിരുന്നത്. ഇപ്പോഴാണ് ആ സമയം നിമിത്തമായത്. കാര്യങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ അതിനാവശ്യമായ പക്വത ആര്‍ജിക്കണമെന്നാണ് വിശ്വാസം. ഈ സമയം കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനും സാധിച്ചു. ഈ ഒരു ഘട്ടത്തിലാണ് നേതൃ സ്ഥാനം ഏറ്റെടുക്കുന്നത്.
റോള്‍ മോഡല്‍
പിതാവ് തന്നെയാണ് എന്റെ റോള്‍ മോഡല്‍. അദ്ദേഹം തന്നെയാണ് എന്റെ ഗുരുവും. പരേതനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ കാണിച്ചു തന്ന പാതയിലൂടെ സഞ്ചരിക്കാന്‍ എനിക്കാകണമേ എന്നതാണ് എന്റെ പ്രാര്‍ഥന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."