ഇടുക്കിയില്‍ സി.പി.എമ്മിലെ വിഭാഗീയത തെരുവിലേക്ക്
തൊടുപുഴ: ഇടുക്കിയില്‍ സി.പി.എമ്മിനുള്ളിലെ വിഭാഗീയത മറനീക്കി തെരുവിലേക്ക്. തൊടുപുഴ ഏരിയാ സെക്രട്ടറി ടി.ആര് സോമനെ തല്‍സ്ഥാനത്തുനിന്നു മാറ്റി ലോക്കല്‍ കമ്മിറ്റിയിലേക്കു തരംതാഴ്ത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുന്ന സ്ഥിതിയിലെത്തിയത്.
ഇന്നലെ വൈകിട്ട് ആറിനു നൂറോളം സി.പി.എം പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ പ്രകടനം നടത്തി.
തൊടുപുഴ ഏരിയാ കമ്മിറ്റി ഓഫിസിനു മുന്നില്‍നിന്നാണു പ്രകടനം ആരംഭിച്ചത്. പ്രകടനത്തിലുടനീളം പ്രവര്‍ത്തകര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം വി.വി മത്തായിക്കെതിരേയും ജില്ലാ നേതൃത്വത്തിനെതിരേയും മുദ്രാവാക്യം വിളിച്ചു.
പ്രകടനത്തിനു ശേഷം നടന്ന യോഗത്തില്‍ ടി.ആര് സോമനെയും ബാബുവിനെയും തരംതാഴ്ത്തുന്ന ജില്ലാ നേതൃത്വത്തിന്റെ നിലപാടിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നു.
സി.പി.എം ചിറ്റൂര്‍ ബ്രാഞ്ച് സെക്രട്ടറി ടി.കെ സന്തോഷ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എം.എം മധു, മണക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റും ലോക്കല്‍ കമ്മിറ്റി അംഗവുമായ ബി. ഹരി, ഡി.വൈ.എഫ്.ഐ തൊടുപുഴ ജോയിന്റ് സെക്രട്ടറി യെതിന് എന്നിവരാണു പ്രതിഷേധത്തിനു നേതൃത്വം നല്‍കിയത്.
തൊടുപുഴ നഗരസഭയിലടക്കം പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായത് സോമന്റെ നേതൃത്വത്തിലാണ്. ചില മുതലാളിമാര്‍ക്കു ചൂട്ടുപിടിക്കാത്തതാണ് സോമന് ചെയ്ത തെറ്റ്. രക്തസാക്ഷി കെ.എസ് കൃഷ്ണപിള്ളയുടെയടക്കം കുടുംബസ്വത്തില്‍ കൈയിട്ടുവാരുന്നവരാണ് ഇതിനു പിന്നിലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."