അലെപ്പോ: കുടിയൊഴിപ്പിക്കല്‍ പുനരാരംഭിച്ചു
ദമസ്കസ്: രൂക്ഷമായ പോരാട്ടം നടന്ന കിഴക്കന്‍ അലെപ്പോയില്‍ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നത് സിറിയന്‍ സര്‍ക്കാര്‍ പുനരാരംഭിച്ചു. സിറിയന്‍ സര്‍ക്കാരും വിമതരും തമ്മില്‍ ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഒഴിപ്പിക്കല്‍ പുനരാരംഭിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഒഴിപ്പിക്കലിന് തുടക്കമിട്ടത്. എന്നാല്‍ വ്യാഴാഴ്ച സിറിയന്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ വിമതര്‍ നിറയൊഴിച്ചതോടെയായിരുന്നു സിറിയന്‍ സര്‍ക്കാര്‍ കുടിയൊഴിപ്പിക്കുന്നത് ഏകപക്ഷീയമായി നിര്‍ത്തിവെച്ചത്.
ഇത് മൂലം കിഴക്കന്‍ അലെപ്പോയില്‍ കുടുങ്ങിപ്പോയ സിവിലയന്മാര്ക്കും വിമത സൈനികര്‍ക്കും കടുത്ത യാതന നേരിടേണ്ടിവന്നിരുന്നു. അലെപ്പോയില്‍ നിന്ന് നഗരവാസികളെയും വഹിച്ചുള്ള വാഹനം സമീപ പട്ടണങ്ങളില്‍ എത്തിച്ചേര്‍ന്നതായി ഇന്നലെ സിറിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്തിരുന്നു. റെഡ്ക്രോസിന്റെ രാജ്യാന്തര കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ പദ്ധതി പുരോഗമിക്കുന്നത്. ഇരു വിഭാഗവും തമ്മിലുള്ള ധാരണ പ്രകാരം ഇദ്ലിബ് പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന ശീഈ ഭൂരിപക്ഷ നഗരങ്ങളായ ഫുഅ, കെഫ്രായ എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 4,000 പേരെ ഒഴിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."